ജോലി വാഗ്ദാനം ചെയ്ത് വഞ്ചന മലയാളികളടക്കമുള്ള നഴ്‌സുമാര്‍ വനിതാ കമ്മീഷനെ സമീപിച്ചു

Posted on: 23 Dec 2012ന്യൂഡല്‍ഹി: നെതര്‍ലന്‍ഡ്‌സില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് വഞ്ചിതരായ നഴ്‌സുമാര്‍ പരാതിയുമായി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. മലയാളികളടക്കമുള്ള 37 നഴ്‌സുമാരാണ് കമ്മീഷന് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികള്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ കണ്ടിരുന്നു. അദ്ദേഹം എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് നഴ്‌സുമാര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. മലയാളികളടക്കമുള്ളവര്‍ക്ക് നെതര്‍ലന്‍ഡ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത സ്വകാര്യ ഏജന്‍സി വാക്കു പാലിച്ചില്ലെന്നാണ് പരാതി.

മലയാളികളുള്‍പ്പെടെ 140 നഴ്‌സുമാരില്‍ നിന്നായി റിക്രൂട്ട്‌മെന്റ് ഏജന്‍സി രണ്ടര ലക്ഷം രൂപ വീതം വാങ്ങി. ജോലിയെടുത്ത ആസ്​പത്രികളില്‍ നിന്ന് രാജിവെച്ച നഴ്‌സുമാര്‍ക്ക് ഒമ്പതു മാസമായി ജോലി ലഭിച്ചിട്ടില്ല. പണം തിരിച്ചു ചോദിക്കുമ്പോള്‍ ഏജന്‍സി വാങ്ങിയ തുകയും നല്‍കുന്നില്ലെന്ന് മലയാളികള്‍ പരാതിപ്പെട്ടു. നെതര്‍ലന്‍ഡ്‌സിലെ ആസ്​പത്രികളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മലയാളികളെ ഇന്റര്‍വ്യൂ ചെയ്തത്. പ്രതിമാസം 1.65 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്തു. നെതര്‍ലന്‍ഡ്‌സിലെ ഇ.ടി.ഐ. ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്കു വേണ്ടി ഐഫന്‍ ഗ്ലോബല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇന്റര്‍വ്യൂ നടത്തിയത്. ഈ കമ്പനിക്ക് തുഗ്ലക്കാബാദിലും ഹുഡ സിറ്റി സെന്ററിലുമൊക്കെ ഓഫീസുകളുണ്ട്.

ആദ്യബാച്ചില്‍ അമ്പതു പേരെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് മൂന്നു മാസത്തെ ഭാഷാ പരിശീലനവും നല്‍കി. ഈ സമയത്ത് ഓരോ മാസവും അമ്പതിനായിരം രൂപ വീതം സ്റ്റൈപ്പന്‍ഡും നല്‍കി. എന്നാല്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് കമ്പനി രണ്ടര ലക്ഷം രൂപ വീതം ഫീസായി വാങ്ങി. ഒരു മാസത്തിനുള്ളില്‍ വിസ നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യബാച്ചിലുള്ളവര്‍ക്ക് ഒമ്പതു മാസമായിട്ടും വിസ നല്‍കിയിട്ടില്ല. ആ തൊഴില്‍ റദ്ദായെന്നാണ് കമ്പനി അധികൃതരുടെ മറുപടി. ഇതിനിടയില്‍ മറ്റു രണ്ടു ബാച്ചുകളില്‍ കൂടി ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തു. ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം കമ്പനി കൈപ്പറ്റി. മാസങ്ങളായിട്ടും നെതര്‍ലന്‍ഡ്‌സില്‍ ജോലി ലഭിക്കാതായപ്പോഴാണ് മലയാളികള്‍ പ്രതിഷേധിച്ചു തുടങ്ങിയത്.

കമ്പനി മുഖം തിരിച്ചപ്പോള്‍ അവര്‍ നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷനെ സമീപിക്കുകയായിരുന്നു. എല്ലാവരും നെതര്‍ലന്‍ഡ്‌സില്‍ പോകാനായി നിലവിലുള്ള ജോലിയും രാജിവെച്ചു. പലരും വായ്പയെടുത്തും മറ്റുമാണ് വിദേശ ജോലിക്കുള്ള പണം നല്‍കിയതെന്ന് നഴ്‌സുമാരില്‍ ഒരാളായ ജോബേഷ് പറഞ്ഞു. അമ്പതു പേരടങ്ങുന്ന ആദ്യബാച്ചില്‍ 37 വനിതാ നഴ്‌സുമാരാണ് ഉള്ളത്. ഡച്ച് ഭാഷ പഠിക്കാനെന്ന പേരിലാണ് ഏജന്‍സി തങ്ങളെ മൂന്നു മാസം പരിശീലിപ്പിച്ചതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. നിലവിലുള്ള ജോലി രാജിവെച്ച് പരിശീലനത്തിനു ചേര്‍ന്ന തങ്ങള്‍ക്ക് ഇതുവരെയും തൊഴില്‍വിസ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്ന് മലയാളികള്‍ പരാതിപ്പെട്ടു. നേരത്തേ വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലവസരം റദ്ദായെന്നു മറുപടി പറയുന്നതല്ലാതെ, പണം തിരിച്ചു തരാന്‍ തയ്യാറാവുന്നില്ല. സംഭവം പ്രവാസികാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയതായും ഉഷ കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് നഴ്‌സുമാര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുള്ളതെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/