പോരാട്ടഭൂമിയായി രാജ്പഥ്‌

Posted on: 23 Dec 2012


പി.എസ്.നിര്‍മലന്യൂഡല്‍ഹി: ഇന്ദ്രപ്രസ്ഥത്തെ നടുക്കിയ ക്രൂര ബലാത്സംഗത്തിന്റെ ആറാം ദിവസം, രാഷ്ട്രപതിഭവനെ ഇന്ത്യാഗേറ്റുമായി ബന്ധിപ്പിക്കുന്ന രാജ്പഥ് യുവജനങ്ങള്‍ കൈയടക്കി.ചൈനയില്‍ 1989ല്‍ ജനാധിപത്യവാദികളായ വിദ്യാര്‍ഥികള്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൈയടക്കിയ സംഭവത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ശനിയാഴ്ചത്തെ സംഭവങ്ങള്‍. അവരുടെ രോഷം സര്‍ക്കാറിന്റെ നേരെയും ഡല്‍ഹി പോലിസിന്റെ നേരെയും അണപൊട്ടി.

രാവിലെ ഒമ്പതോടെ ചെറുസംഘങ്ങളായാണ് രാജ്പഥിലേക്ക് ഒഴുക്കുതുടങ്ങിയത്. കൈകൊണ്ടെഴുതിയ പ്ലക്കാര്‍ഡുകളാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. പോലീസ് വാനുകളുടെ സമീപത്ത് അവരുടെ മുദ്രാവാക്യം 'ഡല്‍ഹി പോലിസ് ഹായ് ഹായ് ' എന്നായിരുന്നു. ഹിന്ദിയില്‍ ഹായ് ഹായ് എന്നു പറഞ്ഞാല്‍ 'നാണം കെട്ട' എന്നാണ് അര്‍ഥം. തലസ്ഥാനനഗരിയുടെ സമഗ്രസുരക്ഷ ഒരു വിധം മര്യാദയ്ക്കു നടത്തിക്കൊണ്ടു പോകുന്ന ഡല്‍ഹി പോലീസിന് അത് കേട്ടു കൈകെട്ടി നില്‍ക്കേണ്ടി വന്നു.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും വിദ്യാര്‍ഥിസംഘടനകള്‍ പ്രതിഷേധത്തിന് ഉണ്ടായിരുന്നു , ഒപ്പം കക്ഷിരാഷ്ട്രീയമില്ലാത്തവരും. ഡല്‍ഹിയിലെ പ്രശസ്തകോളജുകളില്‍ നിന്നു മാത്രമല്ല ചെറുകിട ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിക്കുന്നവരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. 'കുറ്റക്കാരെ പൊതുജനങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരട്ടെ, ഇനിമേലില്‍ കുറ്റം ആവര്‍ത്തിക്കാന്‍ ഒരാള്‍ക്കും തോന്നരുത്'-ഒരു പെണ്‍കുട്ടി പറഞ്ഞു. ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലെ ശിക്ഷാവിധിയാണ് പെണ്‍കുട്ടി ആവശ്യപ്പെടുന്നത്...

''ഞങ്ങള്‍ക്ക് സര്‍ക്കാറിനോട് സംസാരിക്കണം'' - മറ്റൊരു സംഘം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ പകലൊടുങ്ങും വരെ സര്‍ക്കാറിന്റെ പ്രതിനിധികളായി ആരും പ്രത്യക്ഷപ്പെട്ടില്ല . 'രാഹുല്‍ ഗാന്ധി എവിടെ?' മറ്റൊരു സംഘം ആര്‍ക്കുന്നുണ്ടായിരുന്നു.
നേതൃത്വമില്ലാത്ത ഒരാള്‍ക്കൂട്ടമായിരുന്നു അത്. രൂപമില്ലാത്ത ആള്‍ക്കൂട്ടം. ഒഴുക്ക് രാജപഥത്തിലേക്കും പുറത്തേക്കും തുടര്‍ന്നുകൊണ്ടിരുന്നതു കൊണ്ടാണ് ആള്‍ക്കൂട്ടത്തിന്റെ രൂപവും ശിഥിലമായത്. പക്ഷേ, അവരാരും ആയുധധാരികളായിരുന്നില്ല. ഡല്‍ഹി പോലീസിനു നേര്‍ക്ക് പെണ്‍കുട്ടികള്‍ വലിച്ചെറിഞ്ഞത് കൈയിലെ കുപ്പി വളകള്‍ മാത്രം.

ഒരു കാര്യപരിപാടിയും സമരത്തിനെത്തിയവരുടെ കൈയിലുണ്ടായിരുന്നില്ല. നാളെയും പ്രക്ഷോഭം തുടരുമോ എന്ന ചോദ്യത്തിന് അത് പിന്നീടു നിശ്ചയിക്കും എന്നാണ് ഒരു കുട്ടി മറുപടി പറഞ്ഞത്. വഴി തെറ്റി വന്നതുപോലെ ചില മുതിര്‍ന്നവരും അവിടവിടെയുണ്ടായിരുന്നു. ഗുഡ്ഗാവില്‍ നിന്നെത്തിയ പ്രതിഭാദേവി എന്ന മധ്യവയസ്‌ക അവരിലൊരാളായിരുന്നു. ഒരു കണ്ണീര്‍ വാതക ഷെല്‍ വീഴുമ്പോള്‍ ചിതറിയോടുന്ന കുട്ടികളെ നോക്കി കൃശഗാത്രിയായ അവര്‍ പറഞ്ഞു : അത് പാടില്ല, ഓടരുത് കുട്ടികളേ...

ഡല്‍ഹി പോലീസ് ക്ഷമയുടെ നെല്ലിപ്പലക കണ്ട ദിവസമാണ് ശനിയാഴ്ച. റെയ്‌സീന കുന്നിലും രാജ്പഥിലുമുള്ള ഈ 'അധിനിവേശം' അവര്‍ പ്രതീക്ഷിച്ചതല്ല എന്നു വ്യക്തം . രാജധാനിയുടെ ഈ അഭിമാനഭൂമിയില്‍ ഇത്രവലിയ അച്ചടക്കലംഘനം ആദ്യമായാണ്. കുട്ടികളെ ഒന്നും ചെയ്യരുതെന്ന് മുകളില്‍ നിന്ന് കര്‍ശനനിര്‍ദേശമുണ്ടായിരുന്നിരിക്കും. ഒന്നുണ്ട്, അണ്ണ ഹസാരെയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും കൈയൊപ്പ് ഈ സമരശൈലിയിലുണ്ടായിരുന്നു. 'അഴിമതിക്കെതിരെ ജനങ്ങള്‍' പ്രസ്ഥാനത്തില്‍ നിന്നാണ് ഡല്‍ഹിയില്‍ പ്രകമ്പനം സൃഷ്ടിച്ച സമരം പ്രചോദനമുള്‍ക്കൊണ്ടത്.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/