സ്മൃതി ഇറാനിക്കെതിരെയുള്ള പരാമര്‍ശം: കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി.

Posted on: 23 Dec 2012ന്യൂഡല്‍ഹി: സ്മൃതി ഇറാനി എം.പി.യെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് എം.പി.സഞ്ജയ് നിരൂപമിനെ ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി. തീരുമാനം.

ഇറാനിക്കെതിരെ നടത്തിയത് വിലകുറഞ്ഞ പരാമര്‍ശമാണെന്നും കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തില്ലെങ്കില്‍ സഞ്ജയ് പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ബി.ജെ.പി.വക്താവ് പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശമുണ്ടായത്. ''പണത്തിന് വേണ്ടി ചാനലുകളില്‍ നൃത്ത പരിപാടി നടത്തിയിരുന്ന ആള്‍ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതെങ്ങിനെ'' എന്ന സഞ്ജയുടെ പരാമര്‍ശമാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്. ഇതിനെതിരെ നിയമനടപടിക്കുള്ള സാധ്യതകളാരായുകയാണ് പാര്‍ട്ടിയെന്ന് ബി.ജെ.പി. വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഒരു സ്ത്രീക്കെതിരെ നടന്ന മോശം പരാമര്‍ശത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി മാപ്പുപറയണമെന്നും സഞ്ജയ് നിരുപമിനെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടി വക്താവ് ആവശ്യപ്പെട്ടു. ജനപ്രിയ സീരിയലായ 'സാസ് ദീ കഭി ബഹുധീ' യില്‍ പ്രധാന വേഷമഭിനയിച്ച സ്മൃതി ഇറാനി ഒട്ടേറെ ടെലിവിഷന്‍ പരിപാടികളില്‍ നിറഞ്ഞ് നിന്നിരുന്നു. പിന്നീടാണ് ബി.ജെ.പി.യില്‍ ചേര്‍ന്നതും എം.പി.യായതും.
എന്നാല്‍, സഞ്ജയ്‌നിരുപമിന്റെ പരാമര്‍ശത്തോട് കോണ്‍ഗ്രസ് വിയോജിപ്പ് പ്രകടിപ്പിച്ചു. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണെന്ന് പാര്‍ട്ടി വക്താവ് രേണുക ചൗധരി പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/