റെയ്‌സിനക്കുന്നില്‍ കണ്ടത് പ്രക്ഷോഭത്തിന്റെ നവമുഖം

Posted on: 02 Sep 2014


പി.കെ. മണികണ്ഠന്‍



ന്യൂഡല്‍ഹി: റെയ്‌സിനക്കുന്നില്‍ അവര്‍ ഒഴുകിയെത്തിയത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ആഹ്വാനം ചെയ്തിട്ടായിരുന്നില്ല. ഫേസ്ബുക്കില്‍ തലേദിവസം പ്രചരിച്ച സന്ദേശങ്ങള്‍മാത്രം ഒത്തുകൂടാനുള്ള സന്ദേശമായി.

അതിശൈത്യം വകവെക്കാതെ രാവിലെമുതല്‍ തന്നെ അവര്‍ ഇന്ത്യാഗേറ്റിലേക്ക് എത്തിക്കൊണ്ടിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ പ്രക്ഷോഭകര്‍ പിരിഞ്ഞു പോവാതെ രാഷ്ട്രപതിഭവനെ ലക്ഷ്യമാക്കി നീങ്ങി. ടുണീഷ്യയില്‍ തുടങ്ങി അറബ് നാടുകളിലേക്ക് പടര്‍ന്ന അറബ് വസന്തത്തിന്റെ ഊര്‍ജം രാഷ്ട്രപതിഭവന് മുന്നിലെ സമരവീര്യത്തില്‍ തിളച്ചു.

അഴിമതിക്കെതിരെ സമരംചെയ്ത അണ്ണ ഹസാരെയും പിന്നീട് അരവിന്ദ് കെജ്‌രിവാളും തുറന്നിട്ട വഴിയാണ് പുതുതലമുറ മാധ്യമങ്ങളിലൂടെ സമരസന്ദേശം പ്രചരിപ്പിക്കുന്ന രീതി. ഈജിപ്തിലെ തെഹ്‌രീര്‍ ചത്വരത്തിലെ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ വിദ്യാര്‍ഥികളും യുവാക്കളും അണിനിരന്ന കാഴ്ച ലോക്പാല്‍ സമരത്തിന്റെ സവിശേഷതയായിരുന്നു. സമാനമായ പ്രക്ഷോഭമാര്‍ഗങ്ങള്‍ റെയ്‌സിനക്കുന്നിലും ശനിയാഴ്ച പ്രതിഫലിച്ചു.

വാദ്യഘോഷങ്ങള്‍, പാട്ടുകള്‍, പടുകൂറ്റന്‍ ബാനറുകള്‍, പ്രതീകാത്മക തൂക്കുമരം എന്നിവയൊക്കെ സമരവേദിയില്‍ കാണാനായി. എസ്.എഫ്.ഐ., ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍, സംഘപരിവാര്‍ സംഘടനകള്‍ എന്നിവയുടെയൊക്കെ ബോര്‍ഡുകള്‍ ഒരേ വേദിയില്‍ അണിനിരന്നു. എല്ലാറ്റിനുമപ്പുറം കൊടുംക്രൂരതയ്‌ക്കെതിരെയുള്ള ജനരോഷം പ്രക്ഷോഭത്തില്‍ പ്രതിഫലിച്ചു. പ്രധാനമന്ത്രി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും പോലീസിനെതിരെയുള്ള ക്ഷോഭപ്രകടനങ്ങളുമൊക്കെ ഉയര്‍ന്നു കേട്ടു. അരാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ടതെങ്കിലും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് കുറവുണ്ടായില്ല.

പരമാവധി ഇന്ത്യാഗേറ്റുവരെ നീങ്ങുന്നതായിരുന്നു ഡല്‍ഹിയില്‍ ഇതുവരെയുള്ള സമരങ്ങളുടെ രീതി. എന്നാല്‍, യുവതി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ സ്വമേധയാ വിദ്യാര്‍ഥി-യുവജനസമൂഹം ഒറ്റക്കെട്ടായി ഒത്തൂകൂടിയ ശനിയാഴ്ചത്തെ സമരം റെയ്‌സിനക്കുന്നില്‍ പകലന്തിയോളം തുടര്‍ന്നപ്പോള്‍ ഭരണകൂടത്തിനുണ്ടായ നടുക്കം ചെറുതല്ല. രാഷ്ട്രപതിഭവനു പുറമേ പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര, ധന, പ്രതിരോധമന്ത്രാലയങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.

കൊടുംക്രൂരതയില്‍ അസ്വസ്ഥമായ മനസ്സുകളുടെ രോഷപ്രകടനം ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെയും ഓര്‍മപ്പെടുത്തലായി. പാര്‍ലമെന്റിന് തൊട്ടടുത്തതായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട പ്രക്ഷോഭം പുതുതലമുറയുടെ സമരദര്‍ശനവും വരുംകാല സമരമുറകളുടെ പ്രവര്‍ത്തനരീതിയും എന്താണെന്നതിന്റെ വ്യക്തമായ തെളിവായി. ഇതു തന്നെയാണ് സമീപകാല ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതിഭവനിലേക്ക് വഴിമാറിയ സമരത്തിന്റെ സവിശേഷത.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/