സംവരണബില്‍: കോണ്‍ഗ്രസ് ഗൗരവമായെടുത്തില്ല- മായാവതി

Posted on: 23 Dec 2012ന്യൂഡല്‍ഹി: പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സ്ഥാനക്കയറ്റ സംവരണ ബില്‍ സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ ബി.എസ്.പി. നേതാവ് മായാവതിക്ക് പ്രതിഷേധം. എന്നാല്‍ ഇതിന്റെ പേരില്‍ യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് അവര്‍ സൂചന നല്‍കി.

സംവരണം നിയമമാക്കുന്നതിന്റെ ഭാഗമായുള്ള ഭരണഘടനാഭേദഗതി ബില്‍ ലോക്‌സഭയിലെ ബഹളത്തില്‍ പാസാക്കാന്‍ കഴിയാതെ പോയതിലാണ് മായാവതി അസംതൃപ്തി പ്രകടിപ്പിച്ചത്. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യം സംശയാസ്​പദമാണെന്നും അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സും സര്‍ക്കാറും വിഷയം ഗൗരവമായെടുത്തിരുന്നെങ്കില്‍ ബില്‍ പാസാക്കാമായിരുന്നുവെന്നും മായാവതി പറഞ്ഞു.

ബി.എസ്.പി. ശക്തമായി പിന്തുണച്ച സ്ഥാനക്കയറ്റ സംവരണ ബില്‍ രാജ്യസഭയില്‍ പാസായിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ സാമാജ്‌വാദി പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പും കോലാഹലവും കാരണം ചര്‍ച്ച തടസ്സപ്പെട്ടു. ബഹളമുണ്ടാക്കിയ സാമാജ്‌വാദി അംഗങ്ങളെ സുരക്ഷാഭടന്മാരെ ഉപയോഗിച്ച് നീക്കം ചെയ്ത് ബില്‍ പാസാക്കാനുള്ള അന്തരീക്ഷമൊരുക്കണമായിരുന്നെന്നും മായാവതി അഭിപ്രായപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/