ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ സഹകരണ ബാങ്കുകള്‍ക്കും നിയന്ത്രണം വരുന്നു

Posted on: 23 Dec 2012


എം.കെ. അജിത് കുമാര്‍



ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം വരുന്നു. പുതിയ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ കഴിഞ്ഞദിവസം പാര്‍ലമെന്റ് അംഗീകരിച്ചതോടെ ദേശസാത്കൃത ബാങ്കുകള്‍ മാത്രമല്ല, താഴെത്തട്ടിലുള്ള മുഴുവന്‍ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ കൂടുതല്‍ നിയന്ത്രണത്തിലാവും.

ബാങ്കുകളുടെ മട്ടില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ വായ്പാസംഘങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാകും. വന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഇതുവരെ 'സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍'ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച ഭേദഗതി പ്രകാരം താഴെ തട്ടിലേതുള്‍പ്പെടെ എല്ലാ സഹകരണ ബാങ്കുകളും ഈ മാനദണ്ഡത്തിന് കീഴില്‍വരും. സഹകരണ ബാങ്കുകളുടെ കരുതല്‍ ധനാനുപാതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന് പുതിയ നിബന്ധനകള്‍ മുന്നോട്ടുവെക്കാന്‍ സാധിക്കും.

രാജ്യസഭയില്‍ സി.പി.എം. അംഗം കെ.എന്‍.ബാലഗോപാല്‍ ഇതുസംബന്ധിച്ച് ഒരു ഭേദഗതി കൊണ്ടുവന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പുതിയ നിര്‍ദേശം നടപ്പായാല്‍ സഹകരണ വായ്പാമേഖല തകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍മാത്രം ആയിരത്തിലധികം കാര്‍ഷിക സഹകരണബാങ്കുകളുണ്ട്. ഇന്ത്യയില്‍ മൊത്തം 30,000 ത്തിലധികം സഹകരണ ബാങ്കുകളാണുള്ളത്.

സഹകരണ ബാങ്കുകളുടെ കാര്യത്തിലുള്ള ഈ ആശങ്ക കണക്കിലെടുക്കുന്നുവെന്നായിരുന്നു മന്ത്രി ചിദംബരത്തിന്റെ പ്രതികരണം. എന്നാല്‍ ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന സഹകരണസംഘങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ് നിര്‍ബന്ധമാക്കൂ എന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ബില്ലിന്റെ 14-ാം വകുപ്പിനുള്ള ഭേദഗതിനിര്‍ദേശം ഈ ഉറപ്പിനെത്തുടര്‍ന്ന് ബാലഗോപാല്‍ പിന്‍വലിച്ചു.

70,000 കോടി രൂപയോളം സഹകരണ ബാങ്കുകളിലുണ്ട്. ഇത് ഭാവിയില്‍ കുത്തകകളുടെ കൈയിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യം കണക്കിലെടുക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/