പി.എം. ശ്രീധരന്‍ അന്തരിച്ചു

Posted on: 28 Aug 2014കോഴിക്കോട്: മലയാളത്തിന്റെ മനസ്സുതൊട്ട എഴുത്തുകാരെ കോഴിക്കോട് നഗരവുമായി കൂട്ടിയിണക്കിയ കണ്ണിയും നാഷണല്‍ ബുക്ക് സ്റ്റാളിന്റെ മുന്‍ മാനേജരുമായ പി.എം.ശ്രീധരന്‍ (68) അന്തരിച്ചു. മിംസ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോടിന്റെ ഗൃഹാതുരസ്മരണകളിലെ അപൂര്‍വമായ സൗഹൃദക്കൂട്ടായ്മകളുടെ ആതിഥേയനായിരുന്നു ശ്രീധരന്‍. 1969-ല്‍ നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് എന്ന സഹകരണ സ്ഥാപനത്തില്‍ സെക്രട്ടറിയായശേഷമാണ് എഴുത്തിന്റെ ലോകത്തെ ഊഷ്മളബന്ധങ്ങളിലേക്ക് ശ്രീധരനെത്തിയത്. കോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിച്ച നവകേരള, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റെക്കാട്ട്, എന്‍.വി.കൃഷ്ണവാര്യര്‍, തിക്കോടിയന്‍, കെ.എ. കൊടുങ്ങല്ലൂര്‍, എന്‍.പി.മുഹമ്മദ്, എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ സംഗമവേദിയായിരുന്നു.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പുസ്തകപ്രസാധകവിഭാഗമായ എന്‍.ബി.എസ്. കോഴിക്കോട്ട് ശാഖ തുറന്നപ്പോള്‍ അവിടെ സെയില്‍സ് ക്ലാര്‍ക്കായി. ശ്രീധരന്‍ എന്‍.ബി.എസ്സിലേക്ക് മാറിയതോടെ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയുമെല്ലാം താവളമായി എന്‍.ബി.എസ്. മാറി. നഗരത്തിന് പുറത്തുനിന്ന് വല്ലപ്പോഴും വന്നിരുന്ന പി.ഭാസ്‌കരന്‍, വി.കെ.എന്‍, എം.എന്‍.വിജയന്‍, ഒ.എന്‍.വി., ജി.ശങ്കരക്കുറുപ്പ് തുടങ്ങിയവരും ഏത് ആവശ്യത്തിനും എത്തിയിരുന്നത് ശ്രീധരന്റെ അടുത്തായിരുന്നു. നല്ല വായനക്കാരായ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം അടുത്തബന്ധം പുലര്‍ത്തി.

2003 ജൂണില്‍ എന്‍.ബി.എസ്. മാനേജര്‍ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ പാളയം റോഡില്‍ ബുക്ക് പോയിന്റ് എന്ന സ്ഥാപനം തുടങ്ങി. ഇതിനിടയിലാണ് അസുഖം ബാധിച്ചത്.

കഴിഞ്ഞ ജൂണില്‍ കോഴിക്കോട് സുഹൃദ്‌സംഘം സഹൃദയ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഒളവണ്ണ ഇരിങ്ങല്ലൂരിലെ പുതുക്കുടിമീത്തലാണ് ശ്രീധരന്റെ വീട്. ഭാര്യ: കനകലത. മകള്‍: ശ്രീല. മരുമകന്‍: വിനോദ്. സഹോദരങ്ങള്‍: ഗോപാലന്‍ (സ്വയംവര ജ്വല്ലറി, പാലാഴി), ബാലന്‍, ചന്ദ്രന്‍ (ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി, കോഴിക്കോട്). ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് മാവൂര്‍റോഡ് ശ്മശാനത്തില്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/