ആന്റണി കനിഞ്ഞു; ഹെരോജിത്ത് വീണ്ടും വ്യോമസേനയില്‍

Posted on: 23 Dec 2012ന്യൂഡല്‍ഹി: ഹെരോജിത്ത് സിങ്ങിന്റെ ജീവിതകഥ കേള്‍ക്കുന്നവര്‍ ലോകപ്രശസ്ത റഷ്യന്‍ഗ്രന്ഥമായ 'ഒരു യഥാര്‍ഥ മനുഷ്യന്റെ കഥ' ഓര്‍മിക്കും, ബോറിസ് പോളിവോയ് എഴുതിയ ആ അനശ്വരഗ്രന്ഥത്തിലെ അലക്‌സി മെരിസിയേവ് എന്ന ധീരനായകനെയും. രണ്ടാം ലോകമഹായുദ്ധക്കാലത്ത് രണ്ടുകാലുമില്ലാതെ യുദ്ധവിമാനംപറത്തിയ വീരനായകനായ മെരിസിയേവിന് ഇന്ത്യന്‍ പതിപ്പാവുകയാണ് ഹെരോജിത്ത്. അതിന് നിമിത്തമാകുന്നതാകട്ടെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഉത്തരവും.

വ്യോമസേനയുടെ ചരിത്രത്തില്‍ത്തന്നെ മണിപ്പുരുകാരന്‍ ഹെരോജിത്ത് സിങ് ഇടംപിടിക്കുന്നു. അപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്നുപോയ യുവാവിനെ വ്യോമസേനയില്‍ നിയമിക്കാന്‍ പ്രതിരോധമന്ത്രി നല്‍കിയ നിര്‍ദേശം ഇതോടെ ചരിത്രരേഖയുമാകും.

ഫൈ്‌ളറ്റ് കേഡറ്റായുള്ള പരിശീലനകാലത്താണ് വിമാനാപകടത്തില്‍ ഹെരോജിത്തിന് ഗുരുതരമായി പരിക്കേറ്റത്. എഴുന്നേറ്റുനടക്കാന്‍ പോലുമാകാതെ കിടപ്പിലായെങ്കിലും ആ യുവാവിന്റെ ആത്മവീര്യം കെട്ടില്ല.

തനിക്ക് വ്യോമസേനയില്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നുകാണിച്ച് ഹെരോജിത്ത് നല്‍കിയ അപേക്ഷ എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ. ബ്രൗണേ പ്രതിരോധമന്ത്രിക്ക് കൈമാറി. പരിശീലനകാലത്ത് പരിക്കിന്റെ പേരില്‍ സേനയില്‍നിന്ന് ഒഴിവാക്കപ്പെട്ട ഫൈ്‌ളറ്റ് കേഡറ്റിനെ സര്‍വീസിലെടുക്കാന്‍ ആന്റണി 'ഒറ്റത്തവണ അനുമതി'യുടെ പച്ചക്കൊടി കാണിച്ചതോടെ ഹെരോജിത്ത് തിരികെ സൈനിക നിരയിലെത്തുകയാണ്.

ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ജനവരിമുതല്‍ ആറുമാസംകൂടി പരിശീലനമുണ്ടാകും. നേരത്തേ പരിശീലനകാലാവധി പൂര്‍ത്തിയാക്കിയ വേളയില്‍ ഹെരോജിത്തിന് മെഡിക്കല്‍ ഫിറ്റ്‌നസ് ഇല്ല എന്ന കാരണത്താലാണ് നിയമനംകിട്ടാതെ പോയത്. എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നാലുവര്‍ഷമായിരുന്നു ഹെരോജിത്തിന്റെ പരിശീലനകാലം. ഏറ്റവും മിടുക്കനായ ഫൈ്‌ളറ്റ് കേഡറ്റായിരിക്കേയാണ് ദുര്‍വിധി ഈ യുവാവിനെ തളര്‍ത്തിയത്.

കിര്‍ക്കിയിലെ സൈനികാസ്​പത്രിയില്‍ ചികിത്സയിലുള്ള ഹെരോജിത്ത് ഇപ്പോള്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/