മുംബൈ കേസ്: പാക്‌വിചാരണ വീണ്ടും മാറ്റി

Posted on: 23 Dec 2012ഇസ്‌ലാമാബാദ്:മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്താനിലെടുത്ത കേസിലെ വിചാരണ പാക്‌കോടതി വീണ്ടും മാറ്റിവെച്ചു. ഇരുഭാഗത്തെയും അഭിഭാഷകര്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കേസ് ജനവരി 12-ലേക്ക് മാറ്റിയത്.

മുംബൈ കേസില്‍ കുറ്റാരോപിതരായ ഏഴുപേരുടെ വിചാരണയാണ് റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ നടക്കുന്നത്. ഇപ്പോള്‍ രഹസ്യമായി നടക്കുന്ന വിചാരണ പരസ്യമാക്കുന്നത് സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ഐ.എ.യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണവേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ തെറ്റായ വാര്‍ത്തകള്‍ വരുന്നത് ഒഴിവാക്കാനാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഭിപ്രായപ്പെട്ടിരുന്നു. എഫ്.ഐ. എ.യുടെ ആവശ്യപ്രകാരമാണ് വിചാരണ രഹസ്യമാക്കിയത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പാകിസ്താനില്‍നിന്നുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്തവര്‍ഷം ഇന്ത്യയിലെത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള നിയമവിദഗ്ധര്‍ ഇപ്പോള്‍ പാകിസ്താനിലുണ്ട്.

മുംബൈ ആക്രമണത്തില്‍ പങ്കുള്ള പത്ത് ഭീകരര്‍ക്ക് സിന്ധ് ഖൈബര്‍ പ്രവിശ്യകളില്‍ ലഷ്‌കര്‍ ഇ തൊയിബയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വിചാരണവേളയില്‍ വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബിനെ കഴിഞ്ഞമാസമാണ് പുണെയിലെ ജയിലില്‍ തൂക്കിലേറ്റിയത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/