മതനിന്ദ: പാക്‌യുവാവിനെ തല്ലിച്ചതച്ച് ചുട്ടുകൊന്നു

Posted on: 23 Dec 2012ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മതനിന്ദാകുറ്റം ചുമത്തി അറസ്റ്റുചെയ്ത യുവാവിനെ ജനക്കൂട്ടം പോലീസ്‌സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ച് അവശനാക്കിയശേഷം തീകൊളുത്തി കൊലപ്പെടുത്തി.

സിന്ധ് പ്രവിശ്യയിലെ ദാദു ജില്ലയിലുള്ള സിതയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഖുര്‍ ആന്‍ കത്തിച്ചെന്നാരോപിച്ചാണ് ഈ മുസ്‌ലിം യുവാവിനെ പോലീസുകാര്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്.

യാത്രയ്ക്കിടെ രാത്രി തങ്ങുന്നതിന് വ്യാഴാഴ്ച സിതയിലെ പള്ളിയിലെത്തിയതായിരുന്നു 30 വയസ്സുതോന്നിക്കുന്ന യുവാവ്. വെള്ളിയാഴ്ച രാവിലെ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ പള്ളിയില്‍ ഖുര്‍ ആന്റെ കത്തിച്ച അവശിഷ്ടങ്ങള്‍ കണ്ടു. ആ സമയം പള്ളിയില്‍ ഈ യുവാവുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാള്‍തന്നെയാവും ഖുര്‍ ആന്‍ കത്തിച്ചതെന്നുറപ്പിച്ച നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഈ സംഭവത്തെക്കുറിച്ച് പള്ളിയില്‍നിന്ന് വിളിച്ചുപറഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തോളംവരുന്ന ഗ്രാമീണര്‍ സംഘടിച്ച് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടുവന്നാണ് നാട്ടുകാര്‍ ശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസമയത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പത്തുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ഖുര്‍ ആനെ നിന്ദിക്കുന്നത് കടുത്ത മതനിന്ദയായാണ് പാകിസ്താന്‍ കണക്കാക്കുന്നത്. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്. അടുത്തിടെ മതനിന്ദാകുറ്റം ചുമത്തി പാകിസ്താനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അറസ്റ്റ്‌ചെയ്തത് രാജ്യാന്തരതലത്തില്‍ ഏറെ വിമര്‍ശത്തിന് കാരണമായിരുന്നു. മതനിന്ദാനിയമത്തിനെതിരെ സംസാരിച്ച രണ്ട് രാഷ്ട്രീയനേതാക്കള്‍ 2011-ല്‍ കൊല്ലപ്പെട്ടിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/