രാമാനുജന് ഗൂഗിള്‍ സ്മാരകം

Posted on: 23 Dec 2012


എന്‍.അബൂബക്കര്‍ഗണിതശാസ്ത്ര പ്രതിഭയെ നാട് മറന്നു


ചെന്നൈ: സ്വദേശം മറന്നു പോയ പ്രതിഭാശാലിയുടെ ജന്മദിനത്തിന് ഗൂഗിള്‍ ഡൂഡിലിലൂടെ പുനര്‍ജന്മം. ലോകം കണ്ട ഗണിത ശാസ്ത്രജ്ഞരില്‍ അതുല്യനായ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മദിനമാണ് സൈബര്‍ലോകത്തെ അതികായരായ ഗൂഗിള്‍ തങ്ങളുടെ ലോഗോയുടെ ഭാഗമാക്കിയത്. ഡൂഡില്‍ എന്നറിയപ്പെടുന്ന അവരുടെ ലോഗോയിലെ മുഖച്ചിഹ്നം രാമാനുജന്റെ പ്രശസ്തമായ ഗണിത ശാസ്ത്ര പ്രശ്‌നവും ലിങ്കുമായാണ് ശനിയാഴ്ച പ്രത്യക്ഷപെട്ടത്.

കംുഭകോണത്തെ സാരംഗപാണി തെരുവിലെ ദരിദ്ര ബ്രാഹ്മണകുടുംബത്തില്‍ 1887 ഡിസംബര്‍ 22 നാണ് ശ്രീനിവാസ രാമാനുജ അയ്യങ്കാര്‍ പിറന്നത്. സ്വപ്രയത്‌നത്തിലൂടെ ഗണിതശാസ്ത്രത്തിന്റെ ഉന്നതികള്‍ കീഴടക്കിയ രാമാനുജന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി ഈ വര്‍ഷം ദേശീയ ഗണിതശാസ്ത്ര ദിനമായി പ്രഖ്യാപിച്ചിരുന്നു.
മായന്‍കലണ്ടറിലെ ലോക അവസാനം വരെ ആഘോഷിക്കുന്ന ദേശം പക്ഷെ നൂറ്റാണ്ടു പിന്നിട്ടിട്ടും ലോകം മനസ്സില്‍ കൊണ്ടു നടക്കുന്ന പ്രതിഭയുടെ ജന്മദിനം അറിഞ്ഞില്ല.

തുണിക്കടയിലെ കണക്കെഴുത്തുകാരനായ ശ്രീനിവാസ അയ്യങ്കാരുടെയും കോമളത്താവമ്മാളിന്റെയും അഞ്ചുമക്കളില്‍ മൂത്തവനായിരുന്നു രാമാനുജന്‍. കംുഭകോണം ഗവ.കോളേജില്‍ നിന്നും കണക്ക് ഒഴികെ മറ്റുവിഷയങ്ങളില്‍ പഠന മികവ് പുലര്‍ത്താത്തതിനാല്‍ സേ്കാളര്‍ഷിപ്പ് നഷ്ടമായി പഠനം നിര്‍ത്തേണ്ടി വന്നു. ഇതേ കാരണത്താല്‍ ചെന്നൈ പച്ചയ്യപ്പാസ് കോളേജിലും ദരിദ്രനായ ഇദ്ദേഹത്തിന് പഠനം തുടരാനായില്ല.

ഗണിത ശാസ്ത്രത്തിലെ 6000 പ്രശ്‌നങ്ങളടങ്ങിയ 'സിനോപ്‌സിസ് ഓഫ് എലിമെന്ററി റിസള്‍ട്‌സ് ഇന്‍ പുവര്‍ മാത്തമാറ്റിക്‌സ്' എന്ന വിശ്രുത ഗ്രന്ഥത്തിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ സ്‌കൂള്‍ പഠന കാലത്തു തന്നെ പരിഹരിച്ചു കൊണ്ടാണ് രാമാനുജന്‍ ഗണിത ലോകത്തേക്ക് കാല്‍ വെക്കുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം രാമാനുജന്റെ 3254 കുറിപ്പുകള്‍ എന്ന 12 വാല്യങ്ങളുള്ള ഗ്രന്ഥവും ആധുനിക ഗണിത ശാസ്ത്രജ്ഞര്‍ക്ക് വഴികാട്ടിയായി തുടരുന്നു. രാമാനുജന്‍ അയച്ചു കൊടുത്ത പ്രശ്‌നങ്ങള്‍ പഠിച്ച അന്നത്തെ പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ജി.എച്ച്. ഹാര്‍ഡിയാണ് ഇദ്ദേഹത്തെ ലോകത്തിനു മുന്നില്‍ എത്തിക്കുന്നത്. ഹാര്‍ഡി രാമാനുജനെ ന്യൂട്ടനും ആര്‍ക്കമിഡിസിനും ഒപ്പമാണ് തുല്യപ്പെടുത്തിയത്.

വിദേശ പഠനം കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയ രാമാനുജന്‍ 32-ാമത്തെ വയസ്സില്‍ പോഷകാഹാര കുറവുമൂലം പ്രതിരോധ ശേഷി കുറഞ്ഞ് ക്ഷയരോഗം ബാധിച്ചാണ് മരിക്കുന്നത്. ചെന്നൈ ചെട്ട്‌പേട്ടില്‍ 1920 ഏപ്രില്‍ 20-നായിരുന്നു അന്ത്യം. അപ്പോഴേക്കും അദ്ദേഹം 3900 ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ ഉരുക്കഴിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷവും ഇന്നും വെല്ലുവിളിക്കപ്പെടാതെ തുടരുന്നു. ഗൂഗിളിന്റെ സമര്‍പ്പണത്തിനു പിന്നിലും ഒരു കടപ്പാടുണ്ട്. 'പൈ'യുടെ മൂല്യം വേഗത്തില്‍ നിര്‍ണയിക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ ആല്‍ഗരിതത്തിന് അടിസ്ഥാനമായത് അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്. ചെന്നൈയിലെ റോയപുരത്ത് 1993-ല്‍ രാമാനുജന്‍ മ്യൂസിയം സ്ഥാപിച്ചിരുന്നു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/