തൂത്തുക്കുടിയില്‍ മാനഭംഗശ്രമത്തിനിടെ 13-കാരി കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

Posted on: 23 Dec 2012ചെന്നൈ: തൂത്തുക്കുടിയില്‍ മാനഭംഗശ്രമത്തിനിടയില്‍ 13 വയസ്സുകാരി പുനിത കൊല്ലപ്പെട്ട കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടിയിലെ പരൈക്കുട്ടം ഗ്രാമത്തിലെ സി. സുബയ്യ (36) യാണ് ശനിയാഴ്ച രാവിലെ അറസ്റ്റിലായത്. വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് ഒറ്റയ്ക്ക്‌നടന്നുപോവുകയായിരുന്ന പുനിതയെ വലിച്ചിഴച്ച് തട്ടാംകുളം റെയില്‍വേഗേറ്റിന് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും അവള്‍ ഉച്ചത്തില്‍ അലറിവിളിച്ചപ്പോള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്നും തൂത്തുക്കുടി പോലീസ് സൂപ്രണ്ട് ജെ. രാജേന്ദ്രന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പുനിതയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. അന്വേഷണത്തിനായി ഡി.എസ്.പി.മാരുടെ നേതൃത്വത്തിലുള്ള രണ്ട് പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.

സുബയ്യയുടെ പേരില്‍ നേരത്തേതന്നെ മാനഭംഗശ്രമത്തിനും കൊലപാതകശ്രമത്തിനും കേസുകളുണ്ടായിരുന്നു. ഡിസംബര്‍ ഒന്നിന് അടുത്ത ബന്ധുവായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ സുബയ്യ ശ്രമിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റുചെയ്തു. ജാമ്യത്തില്‍ പുറത്തിറങ്ങിയ സുബയ്യ തനിക്കെതിരെ പരാതി നല്‍കിയതിന് ഇതേബന്ധുവിനെയും അമ്മയെയും മര്‍ദിച്ചിരുന്നു. ഡിസംബര്‍ 18-നാണ് സുബയ്യയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തത്. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ക്കഴിയുകയായിരുന്നെന്നും പോലീസ് അറിയിച്ചു.

തൂത്തുക്കുടിക്കടുത്ത് ഒരു ഉച്ചക്കഞ്ഞി വിതരണകേന്ദ്രത്തിലെ ജീവനക്കാരിയായ പേച്ചിയമ്മാളുടെ മകളാണ് പുനിത. അച്ഛന്‍ സൗന്ദര്‍രാജന്‍ മൂന്നുവര്‍ഷം മുമ്പാണ് മരിച്ചത്. അതിനുശേഷം കീലങ്കുളം എന്ന സ്ഥലത്ത് മുത്തച്ഛനോടൊപ്പമായിരുന്നു പുനിതയുടെ കുടുംബം താമസിച്ചിരുന്നത്. നസ്‌റെത്ത് എന്ന സ്ഥലത്തെ സ്‌കൂളില്‍ ഹോസ്റ്റലില്‍ താമസിച്ചാണ് ഏഴാംക്ലാസുകാരിയായ പുനിത പഠിച്ചിരുന്നത്. അരക്കൊല്ലപ്പരീക്ഷയായതിനാല്‍ അടുത്തിടെമുതല്‍ വീട്ടില്‍ താമസിച്ച് ദിവസവും സ്‌കൂളിലേക്ക് പോയിവരികയായിരുന്നു. പുനിതയുടെ മരണത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച തൂത്തുക്കുടിയില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. കുറ്റവാളിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികള്‍ റോഡുപരോധിച്ചിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/