ഡല്‍ഹിയിലെ കൂട്ടമാനഭംഗം: ബാംഗ്ലൂരിലും പ്രതിഷേധാഗ്‌നി

Posted on: 23 Dec 2012ബാംഗ്ലൂര്‍: ബസ്സില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തോടൊപ്പം ബാംഗ്ലൂരിലും നൂറുകണക്കിന് സ്ത്രീകള്‍ സമരത്തിനിറങ്ങി. വനിതാ സംഘടനകളും വിദ്യാര്‍ഥികളുമാണ് നഗരത്തില്‍ പ്രക്ഷോഭത്തിനിറങ്ങിയത്. 600-ലധികം സ്ത്രീകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ബാനറുകളുമായി പ്രകടനം നടത്തിയത്. വൈകുന്നേരം വിദ്യാര്‍ഥികളും വനിതാ സംഘടനാ പ്രതിനിധികളും മെഴുകുതിരി തെളിയിച്ച് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ടൗണ്‍ഹാളിന് മുന്നില്‍ പ്രതിഷേധക്കാര്‍ ധര്‍ണ നടത്തി. വിവിധ കോളേജുകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രാജാജി നഗര്‍ സ്റ്റാര്‍ ബസാറിന് സമീപം പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറോളം മനുഷ്യച്ചങ്ങല തീര്‍ത്തു. ഇത് മണിക്കൂറുകളോളം ഗതാഗത തടസ്സത്തിനിടയാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമാണ് പ്രതിഷേധം നടന്നത്.

സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും പീഡനത്തിന് ഇരയാകുന്നു. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് ജനവാഡി മഹിളാ സംഘ് വൈസ് പ്രസിഡന്റ് കെ.എസ്.ശാരദ പറഞ്ഞു. ബലാത്സംഗക്കേസുകളില്‍ രാജ്യത്ത് നാലാംസ്ഥാനം ബാംഗ്ലൂരിനാണെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്നില്‍കണ്ടുകൊണ്ടുള്ള ശക്തമായ നടപടിയാണ് ആവശ്യമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/