സൗഖ്യ ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കായി മഅദനി കത്ത് നല്‍കി

Posted on: 23 Dec 2012ബാംഗ്ലൂര്‍: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടുന്നതിനായി ജയില്‍ സൂപ്രണ്ടിന് കത്തുനല്‍കി. ആസ്​പത്രിയില്‍ ചികിത്സയ്‌ക്കെത്തേണ്ട സമയം, സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കത്താണ് ജയില്‍ സൂപ്രണ്ടിന് കൈമാറിയത്. ഇത് അടുത്തുതന്നെ സൗഖ്യ ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ക്ക് നല്‍കും. കര്‍ണാടക ഹൈക്കോടതി സ്വന്തംചെലവില്‍ ചികിത്സയ്ക്ക് അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് കത്ത് നല്‍കിയത്.

ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ പി.ഡി.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബിന്റെ കൈവശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്നതിനായുള്ള കത്തും മഅദനി നല്‍കി. തന്റെ ആരോഗ്യനിലയും മറ്റും വിശദീകരിച്ച് കൊണ്ടുള്ള കത്താണ് നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായുള്ള ചര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി ജനവരി മൂന്നിന് ബാംഗ്ലൂരില്‍ എത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യപ്രശ്‌നവുംമറ്റും വിവരിച്ചുകൊണ്ടുള്ള കത്ത് നല്‍കിയത്.

മഅദനിയുടെ മൂക്കിനുണ്ടായ പഴുപ്പ് വീണ്ടും വന്നതായി മുഹമ്മദ് റജീബ് പറഞ്ഞു. കാലിനുള്ള തരിപ്പും വേദനയും കൂടിയിട്ടുണ്ട്. കഴിയുന്നതുംവേഗം ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി ജയില്‍ അധികൃതര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഅദനിക്ക് സൗജന്യചികിത്സ നല്‍കാന്‍ തയ്യാറാണെന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററര്‍ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഐസക്ക് മത്തായി നൂറനാല്‍ നേരത്തേ അറിയിച്ചിരുന്നു. ആസ്​പത്രിയില്‍ ഫിബ്രവരിവരെ മുറികള്‍ ഒഴിവില്ലെങ്കിലും മഅദനിക്കായി പ്രത്യേകമായി സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മദനിയുടെ കത്തിനുള്ള മറുപടി ആസ്​പത്രി അധികൃതരില്‍നിന്ന് ലഭിച്ചാല്‍ സ്വന്തം ചെലവില്‍ ചികിത്സയ്ക്കായി ജയില്‍ അധികൃതര്‍ക്ക് ബന്ധുക്കള്‍ വീണ്ടും അപേക്ഷ നല്‍കും.

ചികിത്സയ്ക്ക് മഅദനിയെ പരിചരിക്കാന്‍ രണ്ട് ബന്ധുക്കളെ നിര്‍ത്താന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ മെയ്മാസത്തില്‍ മഅദനിക്ക് സൗഖ്യ ആസ്​പത്രിയില്‍ 28 ദിവസത്തെ ചികിത്സ നല്‍കിയിരുന്നെങ്കിലും തുടര്‍ചികിത്സ മുടങ്ങുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മെയില്‍ ചികിത്സയ്ക്കായി സൗഖ്യയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ചികിത്സ മുടങ്ങിയതിനെത്തുടര്‍ന്ന് സ്വതന്ത്രചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പോലീസ് കാവലില്‍ സ്വന്തംചെലവില്‍ ചികിത്സിക്കാനുള്ള അനുവാദം ലഭിച്ചത്.

പോലീസ് സംരക്ഷണത്തോടെ മഅദനിയെ ബന്നാര്‍ഗട്ട റോഡിലെ അഗര്‍വാള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാസ്​പത്രിയിലും വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിനാണ് ഹൈക്കോടതി അനുവാദം നല്‍കിയത്. കടുത്ത പ്രമേഹത്തെത്തുടര്‍ന്ന് ഡയബറ്റിക് ന്യൂറോപ്പതിയും റെറ്റിനോപ്പതിയും ബാധിച്ച് കാലിലേക്കും കണ്ണിലേക്കും വേദന പടര്‍ന്നതായും കാഴ്ച മങ്ങിയതായും മഅദനി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/