നിയമസഭയില്‍നിന്നുള്ള രാജി: അനുയായികള്‍ക്ക് യെദ്യൂരപ്പയുടെ അന്ത്യശാസനം

Posted on: 23 Dec 2012ബാംഗ്ലൂര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി കേശുഭായ് പട്ടേലിനുണ്ടായ തിരിച്ചടി ആഘാതമേല്‍പ്പിച്ചത് ബി.എസ്. യെദ്യൂരപ്പയെയാണ്. കര്‍ണാടക ജനതാപാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായ എം.എല്‍. എ.മാര്‍ക്ക് ചാഞ്ചാട്ടമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് ബി.ജെ.പി. സര്‍ക്കാറിനെ താഴെയിറക്കാനുള്ള കരു നീക്കം നടത്തുകയാണ് യെദ്യൂരപ്പ. നിയമസഭയില്‍നിന്ന് രാജിവെക്കുന്ന കാര്യത്തില്‍ ജനവരി 20-നുമുമ്പ് തീരുമാനിക്കണമെന്ന് അനുയായികളായ എം.എല്‍.എ.മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കയാണ്.

നേരത്തേ 10 മന്ത്രിമാര്‍ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും രാജിവെക്കാന്‍ പലരും തയ്യാറല്ല. സര്‍ക്കാറിനെ കാലാവധി തികയ്ക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ ബജറ്റ് അവതരിപ്പിക്കുന്നതുവരെ തുടരാന്‍ അനുവദിച്ചാല്‍ കര്‍ണാടക ജനതാപാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുമെന്നാണ് യെദ്യൂരപ്പയുടെ വിലയിരുത്തല്‍. അതിനാല്‍ ഫിബ്രവരി ആദ്യവാരത്തോടെ സര്‍ക്കാറിനെ താഴെയിറക്കണമെന്നാണ് അനുയായികള്‍ക്ക് നല്‍കിയ നിര്‍ദേശം. പാര്‍ട്ടിപ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഹവേരിയില്‍ സംഘടിപ്പിച്ച ചായസല്‍ക്കാരത്തില്‍ മന്ത്രിമാരടക്കം 23 എം.എല്‍.എ.മാര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ പലരും ബി.ജെ.പി.യില്‍ തുടരുമെന്ന് പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചതായാണ് സംസ്ഥാനപ്രസിഡന്റ് കെ.എസ്. ഈശ്വരപ്പ വെളിപ്പെടുത്തിയത്. ഇതിനാലാണ് സമ്മേളനത്തില്‍ പങ്കെടുത്ത 14 എം.എല്‍.എ.മാര്‍ക്കെതിരെ ഉടനെ നടപടി സ്വീകരിക്കാത്തതെന്നും ഈശ്വരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതാണ് യെദ്യൂരപ്പ, സര്‍ക്കാറിനെതിരെയുള്ള നടപടി ശക്തമാക്കിയത്.

വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നുകാണിച്ച് സര്‍ക്കാറിനെതിരെ യെദ്യൂരപ്പ 26-ന് വിധാന്‍സൗധ റാലി സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെ താന്‍ നടപ്പാക്കിയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. എന്നാല്‍, ഇത് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നിഷേധിച്ചു. ബി.ജെ.പി. സര്‍ക്കാര്‍ തുടക്കത്തില്‍ നടപ്പാക്കിയ ഭാഗ്യലക്ഷ്മിപദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്നും കര്‍ണാടക ജനതാപാര്‍ട്ടിയുടെ നേട്ടത്തിനായി യെദ്യൂരപ്പ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ തുറന്നടിച്ചു.

ലിംഗായത്ത് നേതാവായി ജഗദീഷ് ഷെട്ടാറിനെ ഉയര്‍ത്തിക്കാട്ടാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. നിലവില്‍ ഈ സമുദായത്തിന്റെ നേതാവായി അംഗീകരിക്കപ്പെട്ടത് യെദ്യൂരപ്പയെയാണ്. യെദ്യൂരപ്പയ്ക്ക് പകരമായി ജഗദീഷ് ഷെട്ടാറെ ഉയര്‍ത്തിക്കാട്ടുകയും അടുത്ത ബജറ്റില്‍ സമുദായത്തെ തൃപ്തിപ്പെടുത്തുന്ന വാഗ്ദാനങ്ങള്‍ നടത്താനുമാണ് ബി.ജെ.പി.യുടെ തന്ത്രം. ഇതിലൂടെ ലിംഗായത്ത് വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇത് കണ്ടറിഞ്ഞാണ് യെദ്യൂരപ്പ സര്‍ക്കാറിനെ മറച്ചിടാനുള്ള നീക്കം നടത്തുന്നത്.

സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എ.മാര്‍ക്കെതിരെ ബി.ജെ.പി. നടപടിയെടുത്താന്‍ ഇതിന്റെ പേരില്‍ സര്‍ക്കാറിനെ മറച്ചിടാന്‍ യെദ്യൂരപ്പയ്ക്ക് കഴിയുമായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ബി.ജെ.പി. തീരുമാനം വൈകുന്നതാണ് യെദ്യൂരപ്പയെ കുഴപ്പത്തിലാക്കിയത്. ഇതിനിടയില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍വിജയം നേടിയതും തിരിച്ചടിയായി. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം യെദ്യൂരപ്പയ്ക്ക് നിരാശപ്പെടേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞു. ഗുജറാത്തില്‍ മുന്‍മുഖ്യമന്ത്രി കേശുഭായ് പട്ടേലിനുണ്ടായ അനുഭവമായിരിക്കും യെദ്യൂരപ്പയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഗുജറാത്ത് ബി.ജെ.പി. യൂണിറ്റ് പ്രാദേശികപാര്‍ട്ടിയെപ്പോലെയാണെന്ന് ഇതിന് മറുപടിയായി യെദ്യൂരപ്പ പ്രതികരിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രനേതാക്കള്‍ സജീവമായി രംഗത്തുണ്ടായിരുന്നില്ല. കേന്ദ്രനേതാക്കള്‍ സജീവമായി പ്രചാരണത്തിനിറങ്ങിയിരുന്നെങ്കില്‍ വിജയിച്ച സീറ്റുകളുടെ എണ്ണം 15-ലേക്ക് ചുരുങ്ങുമായിരുന്നെന്നും യെദ്യൂരപ്പ കളിയാക്കി. നരേന്ദ്രമോഡിയെ ആര്‍.എസ്.എസ്. നേതാക്കളടക്കമുള്ളവര്‍ വിമര്‍ശിച്ച കാര്യവും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/