ഐ.ഒ.സി - ഐ.ഒ.എ. പ്രതിസന്ധി രൂക്ഷമാവുമ്പോള്‍...

Posted on: 23 Dec 2012


ഒളിംപ്യന്‍

ഇന്ത്യന്‍ കായികരംഗം നീങ്ങുന്നതെങ്ങോട്ടാണ്? വസ്തുതകളെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുന്നവര്‍ക്ക് കൂടി ഒരു രൂപവുമില്ല. സര്‍ക്കാറിന്റെ ഇടപെടലിന്റെ പേരില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ(ഐ.ഒ.എ) സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ദേശീയ സ്‌പോര്‍ട്‌സിലുണ്ടായ പ്രതിസന്ധി ഏറെ വൈകാതെ വിട്ടൊഴിയുമെന്ന് കരുതി സമാധാനിച്ചവരുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റുകയാണ്. ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയെ പിറകോട്ട് വലിക്കുന്ന തരത്തില്‍ പ്രതിസന്ധി വിവിധ ദിശകളിലേക്കു നീങ്ങുന്നു. അത്രയെളുപ്പത്തില്‍ അവസാനിക്കുന്ന രീതിയിലല്ല കാര്യങ്ങളുടെ കിടപ്പ്.
ഡിസംബര്‍ നാലിനാണ്, ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഐ.ഒ.എ. സസ്‌പെന്‍ഷനിലാവുന്നത്. സസ്‌പെന്‍ഷന്‍ നിലനില്ക്കുന്ന കാലത്തോളം ഐ.ഒ.സി.യുടെ നിയന്ത്രണത്തിലുള്ള മത്സരങ്ങൡ ത്രിവര്‍ണപതാകയ്ക്കു കീഴില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാവില്ല. ഒളിമ്പിക്‌സിലും ഏഷ്യാഡിലുമെല്ലാം ഐ.ഒ.സി. പതാകയ്ക്കു കീഴിലാവും അണിനിരക്കേണ്ടി വരിക. പൊരുതി ജയിക്കുന്ന മെഡലുകള്‍ ഐ.ഒ.സി.യുടെ പേരിലായിരിക്കും രേഖപ്പെടുത്തുക. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ കായികരംഗത്തിന്റെ മുഖമാണു നഷ്ടമായത്.

കേന്ദ്ര സര്‍ക്കാറിന്റെ സ്‌പോര്‍ട്‌സ് നയവും നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച സ്‌പോര്‍ട്‌സ് കോഡും കോഡ് നിഷ്‌കര്‍ഷിക്കുന്ന തിരഞ്ഞെടുപ്പ് നിബന്ധനകളും സ്‌പോര്‍ട്‌സ് സംഘടനകളുടെ സ്വയംഭരണത്തിലുള്ള ഇടപെടലാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ പ്രതിസന്ധി രമ്യമായി പരിഹരിക്കുന്നതിനുള്ള വഴികള്‍ ആരാഞ്ഞു വരികയാണെന്നും ഐ.ഒ.സി.യുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞുവെന്നുമുള്ള കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവന വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. അതേസമയം ദേശീയ കായിക നയം ഒരു തരത്തിലും ഒളിമ്പിക് തത്വങ്ങളെ ലംഘിക്കുന്നില്ലെന്നും സ്‌പോര്‍ട്‌സ് കോഡില്‍ ഭരണകര്‍ത്താക്കളുടെ പ്രായം, കാലാവധി എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങളാണെന്നും പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. മാത്രവുമല്ല, സ്‌പോര്‍ട്‌സ് സംഘടനകള്‍ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാണെങ്കിലും ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിന് ബാദ്ധ്യതയുണ്ടെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും ചൂണ്ടിക്കാട്ടിയതാണ്.

നൂറ്റിയിരുപത് കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ദേശീയ ഒളിമ്പിക് ഘടകത്തെ ഏറെക്കാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തില്ലെന്നും 'ഒളിമ്പിക് തത്വസംഹിത'യുടെ അന്തസ്സത്തയും പാവനതയും ഉള്‍ക്കൊള്ളുമെന്ന ഉറപ്പിന്മേല്‍ എല്ലാം അവസാനിക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന ദുര്‍വാശിയോടെ ഐ.ഒ.എ.യുടെ പുതിയ സെക്രട്ടറി ലളിത് ഭാനോട്ട് രംഗത്തു വന്നതോടെ സ്ഥിതിയാകെ മാറി. ഐ.ഒ.സി.യുടെ ഉത്തരവുകളെ വെല്ലുവിളിച്ച് ഐ.ഒ.എ.യുടെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഭാനോട്ട് സസ്‌പെന്‍ഷനിലുള്ള ഐ.ഒ.എ.യുടെ പേരില്‍ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് ഉറപ്പായി. ഐ.ഒ.എ.യുടെ പ്രതിനിധികളെന്ന് നിയമവിരുദ്ധമായി അവകാശപ്പെടുന്ന ഭാനോട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഐ.ഒ.സി.യിലെ ഇന്ത്യന്‍ പ്രതിനിധി രണ്‍ധീര്‍ സിങ്ങിനോട് ആവശ്യപ്പെട്ടതോടെ 'കളിയുടെ സ്വഭാവം' മാറി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ കല്‍മാഡിയോടൊപ്പം ജയിലില്‍ കിടന്ന ഭാനോട്ട് ഐ.ഒ.എ. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതു തന്നെ ഐ.ഒ.സി. അംഗീകരിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഡി കെപ്പര്‍ പറയുന്നു.

ഐ.ഒ.സി. അംഗീകരിച്ചിട്ടില്ലാത്ത ദേശീയ ഘടകത്തിന്റെ പേരില്‍ ഫെഡറേഷനുകള്‍ക്ക് കത്തിടപാടുകള്‍ നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമായാണു കാണുന്നത്. അതോടൊപ്പം തിരഞ്ഞെടുപ്പ് അംഗീകരിക്കാതിരിക്കെ ഭാനോട്ടിന്റെ കത്തിനു മറുപടി നല്‍കേണ്ടതില്ലെന്ന് രണ്‍ധീര്‍ സിങ് വിവിധ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളെ അറിയിച്ചിട്ടുമുണ്ട്. വിജയകുമാര്‍ മല്‍ഹോത്ര ആക്ടിംഗ് പ്രസിഡന്റും രണ്‍ധീര്‍ സിങ് സെക്രട്ടറി ജനറലുമായി മുന്‍ ഭാരവാഹികള്‍ തന്നെ തുടരുമെന്നതാണ് ഐ.ഒ.സി. തീരുമാനം. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്നതിനു മുമ്പ് പ്രശ്‌നപരിഹാരത്തിനു തീവ്രമായ ശ്രമം ആവശ്യമാണെന്നു തോന്നുന്നു. ഇന്ത്യയുടെ സ്‌പോര്‍ട്‌സ് വികസനത്തെ തുരങ്കംവെക്കുന്ന പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

സഡന്‍ഡത്ത്: കൊച്ചിയില്‍ നട്ടുച്ചക്കളി(ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം നാലിടത്ത് ഉച്ചയ്ക്ക് 12 മണിക്കു തുടങ്ങുമെന്നു വാര്‍ത്ത)
കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വരുമ്പോള്‍ കെ.സി.എ. അങ്ങനെയാണ്-
നട്ടുച്ചക്കിരുട്ടാക്കും!


vrgpal@gmail.com
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/