മെനൂഹിന്‍ മീറ്റ്‌സ് ശങ്കര്‍

Posted on: 23 Dec 2012


ആര്‍.വി.എം. ദിവാകരന്‍സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍ വിശ്രുത വയലിനിസ്റ്റ് യെഹൂദി മെനൂഹിനുമായി
അരനൂറ്റാണ്ടിലേറെ കാത്തുസൂക്ഷിച്ച അപൂര്‍വ സൗഹൃദത്തിന്റെ നിമിഷങ്ങള്‍...സാരംഗിയും ദില്‍രൂബയും ഇസരാജും പോലെ വില്ലുതന്ത്രീവാദ്യങ്ങള്‍ ഏറെയുള്ളതുകൊണ്ടാവാം ഹിന്ദുസ്ഥാനിയില്‍ വയലിന് വേണ്ടത്ര പ്രചാരം കിട്ടിയിട്ടില്ല. വയലിനെ മുന്‍നിരയിലെത്തിക്കാന്‍ മെനക്കെട്ടവരില്‍ ബാബയെന്നറിയപ്പെടുന്ന ഉസ്താദ് അലാവുദ്ദീന്‍ ഖാനും വിഷ്ണു ദിഗംബര്‍ പലുസ്‌കാറും ശ്രീകൃഷ്ണ രത്തന്‍ജങ്കാറുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ ശിഷ്യതലമുറയിലെ ഡി.കെ. ദത്താറും വി.ജി. ജോഗും ടി.എന്‍. കൃഷ്ണന്റെ സഹോദരി എന്‍. രാജവും പോലെ കുറച്ചുപേരേ അവിടെ വയലിനിസ്റ്റുകളായി പേരെടുത്തിട്ടുള്ളൂ. കര്‍ണാടകസംഗീതമാവട്ടെ, സാരംഗിയെപ്പോലുള്ള ഉത്തരേന്ത്യന്‍ ഉപകരണങ്ങളെ ശ്രദ്ധിക്കാതെ പാശ്ചാത്യ വയലിനെ പുണ്യാഹം തളിച്ചെടുത്തിട്ട് ശതാബ്ദങ്ങളായി. സിത്താര്‍ വാദകന്‍, അന്തരിച്ച പണ്ഡിറ്റ് രവിശങ്കര്‍ വിശ്രുത വയലിനിസ്റ്റ് യെഹൂദി മെനൂഹിനുമായി അരനൂറ്റാണ്ടിലേറെ കാത്തുസൂക്ഷിച്ച അപൂര്‍വസൗഹൃദത്തിനു പിന്നില്‍ ഗുരു ബാബയോടുള്ള കടപ്പാടുകൂടിയുണ്ടാവണം.

അക്ഷരാര്‍ഥത്തില്‍ വിശ്വപൗരനായിരുന്നു യെഹൂദി മെനൂഹിന്‍. റഷ്യന്‍-ജൂത ദമ്പതിമാരുടെ മകനായി അമേരിക്കയില്‍ പിറന്ന്, അധികകാലവും ബ്രിട്ടണില്‍ ജീവിച്ച്, കുട്ടിക്കാലം തൊട്ട് ലോകം മുഴുവന്‍ പറന്നുനടന്ന്, ഇന്ത്യയെ ആരാധിച്ച സംഗീതജ്ഞന്‍. 1952ല്‍ ഭാര്യ ഡയാനയോടൊത്ത് മെനൂഹിന്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍, മലയാളിയായ വി.കെ. നാരായണമേനോനാണ് അദ്ദേഹത്തിന് രവിശങ്കറെ പരിചയപ്പെടുത്തിക്കൊടുത്തത്. ബി.ബി.സി.യില്‍ പ്രൊഡ്യൂസറായിരുന്ന മേനോന്‍ അപ്പോള്‍ ആകാശവാണിയില്‍ ഡയറക്ടറായിരുന്നു. രവിശങ്കര്‍ പക്ഷേ മെനൂഹിനെ നേരത്തേ കണ്ടറിഞ്ഞിരുന്നു. പണ്ട് പാരീസില്‍ ജ്യേഷ്ഠന്‍ ഉദയശങ്കര്‍ നടത്തിയ നൃത്തസംഗീതക്കളരിയില്‍ മെനൂഹിന്‍ തന്റെ വയലിനുമായി വന്നുപാടുന്നത് കുട്ടിയായിരുന്ന രവിശങ്കര്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍, പിയാനിസ്റ്റായ സഹോദരി ഹെഫ്‌സിബായും ഒപ്പം കാണും. കാലം 1933. അന്ന് മെനൂഹിന് 17 വയസ്സേയുള്ളൂ. ഏഴുവയസ്സില്‍ കച്ചേരി തുടങ്ങിയയാളാണ് അദ്ദേഹം. സ്‌കൂള്‍പ്രായത്തില്‍ത്തന്നെ ഒട്ടേറെ വിദേശനാടുകളില്‍ ഖ്യാതിയെത്തി. ബെര്‍ലിനില്‍ ഈ പയ്യന്റെ കച്ചേരികേട്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ വാചകം പ്രസിദ്ധമാണ്: 'സ്വര്‍ഗത്തില്‍ ദൈവമിരിപ്പുണ്ടെന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു'. ഏതാണ്ട് അതേ പ്രായത്തില്‍ ലോകം ചുറ്റാനും മറ്റു സംസ്‌കാരങ്ങള്‍ തൊട്ടറിയാനും അവസരം ലഭിച്ചുവെന്നതാണ് രവിശങ്കറിനു കിട്ടിയ തുറവി.

ന്യൂഡല്‍ഹിയില്‍ രവിശങ്കറിന്റെ സിത്താര്‍കേട്ട് ഇന്ത്യന്‍ സംഗീതത്തിന്റെ ആരാധകനായി മാറിയ മെനൂഹിന്‍, തന്റെ നിരന്തര യാത്രകളില്‍ ഒരു തീര്‍ഥാടനകേന്ദ്രം പോലെ ഇന്ത്യയെയും ഉള്‍പ്പെടുത്തി. ഇന്ത്യക്കാരെപ്പറ്റിയുള്ള മെനൂഹിന്റെ കാഴ്ചപ്പാട് അതിവിചിത്രമാകാതെ തരമില്ല. 1952ല്‍ ആദ്യമായി ഇവിടെ വന്നിറങ്ങിയപ്പോഴത്തെ കാഴ്ച അദ്ദേഹം വിവരിച്ചിട്ടുണ്ട്. റോഡില്‍ കാറുകള്‍ കാണാനേയില്ല. സാരിയുടുത്ത പെണ്ണുങ്ങള്‍. കന്നുകാലികളും കുരങ്ങന്മാരും തലങ്ങും വിലങ്ങും നടക്കുന്നു. രവിശങ്കറുമൊത്ത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ കാണാനും അത്താഴവിരുന്നിനുമായി ചെന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നു. രവിശങ്കറും തലകുത്തി നിന്നു, ഏറെ നേരം. സായ്പ് അത്ഭുതപ്പെടാതിരിക്കുമോ. ഏതു സ്ഥലത്തുവെച്ചും മുടങ്ങാതെ ചെയ്യാവുന്ന വ്യായാമം എന്നുപറഞ്ഞ് രവിശങ്കര്‍ പരിചയപ്പെടുത്തിക്കൊടുത്ത യോഗ പിന്നീട് മെനൂഹിന്റെ ധ്യാനചര്യയായി മാറി. കര്‍ണാടകക്കാരനായ യോഗാചാര്യന്‍ ബി.കെ. എസ്. അയ്യങ്കാരാണ് മെനൂഹിനെ യോഗ പഠിപ്പിച്ചത്.
ഇന്ത്യന്‍ സംഗീതത്തില്‍ ആണ്ടിറങ്ങി മെനൂഹിന്‍. രവിശങ്കറുമൊത്ത് നിരന്തര പരിശീലനങ്ങളും പരസ്​പര സ്വാംശീകരണവും. സംഗീതത്തോട് നമുക്കുള്ള ഭക്തി കലര്‍ന്ന ബന്ധം കാണുമ്പോള്‍ അവര്‍ക്ക് അമ്പരപ്പായിരുന്നു. രവിശങ്കറിന്റെ ഉറ്റസുഹൃത്തെന്ന രീതിയില്‍ തബല മാന്ത്രികന്‍ ഉസ്താദ് അള്ളാരഖയെയും പരിചയപ്പെട്ടു അദ്ദേഹം. തങ്ങള്‍ ഒരുമിച്ച് സംഗീത പരിശീലനം നടത്തുമ്പോള്‍ ഒരനുഷ്ഠാനംപോലെ ചന്ദനത്തിരി കത്തിച്ചുവെക്കുമായിരുന്നെന്ന് അദ്ദേഹം പറയാറുണ്ട്. ഇന്ത്യന്‍ സംഗീതത്തെ അങ്ങനെ ഒരിന്ത്യനന്തരീക്ഷത്തിലായിരുന്നു മെനൂഹിന്‍ ഉള്‍ക്കൊണ്ടിരുന്നത്. നമുക്കൊരുമിച്ച് ജുഗല്‍ബന്ദി നടത്തണമെന്ന രവിശങ്കറിന്റെ ക്ഷണം മെനൂഹിന്‍ ഞെട്ടലോടെയാണത്രേ സ്വീകരിച്ചത്. മുമ്പ് സ്റ്റെഫാന്‍ ഗ്രാപെലിയോടൊത്ത് ജാസ് വയലിന്‍ വായിക്കാനൊരുങ്ങിയപ്പോഴും അദ്ദേഹം അസ്വസ്ഥനായിരുന്നു. തികച്ചും വ്യത്യസ്തമായ ശൈലികളുടെയും കണക്കുകളുടെയും മേളനമാവും അത്തരം വേദികള്‍. ജീവിതത്തിലെ ഏറ്റവും മഹത്തായ രണ്ടു സാഹസങ്ങളായാണ് മെനൂഹിന്‍ ഈ രണ്ട് വേഴ്ചകളെയും കണ്ടത്. 1965-66 കാലത്ത് ഇരുവരും കഠിനമായ പഠനപരിശീലനങ്ങളില്‍ മുഴുകി. അടുപ്പിച്ച് നാലും അഞ്ചും ദിവസം മുറിയില്‍ അടച്ചിരുന്ന് പഠനം. അങ്ങനെ പിറന്നതാണ് 'വെസ്റ്റ് മീറ്റ്‌സ് ഈസ്റ്റ്' എന്ന സംഗീത പരിപാടി. ഗ്രാമി പുരസ്‌കാരം നേടിയ ആ പ്രകടനത്തിന്റെ രണ്ട് റിക്കാര്‍ഡുകള്‍ ലഭ്യമാണ്.

മെനൂഹിനുവേണ്ടി തയ്യാറാക്കിയ പ്രഭാതിയെന്ന വയലിന്‍സോളോ, ഗുംകളിയെന്ന പ്രഭാതരാഗത്തിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. അള്ളാരഖയാണ് തബല. ഹിന്ദുസ്ഥാനിയിലെ ഔചാറും ജോഡും ഗത്തും മാത്രമല്ല, മെനൂഹിന്‍ നിര്‍മിച്ച കാന്‍ഡസാ എന്ന മനോധര്‍മ പ്രയോഗവും ഇതില്‍ കാണാം. പുരിയകല്യാണ്‍ എന്ന സായാഹ്നരാഗത്തില്‍ രവിശങ്കറിന്റെ സിത്താര്‍ സോളോ. തിലംഗ് രാഗത്തില്‍ വയലിനും സിത്താറും ചേര്‍ന്നുള്ള സ്വരകാകളി. ദ്രുതതീന്‍താളത്തില്‍ ഒമ്പതുഭാഗമുള്ള ഗത്ത്. മെനൂഹിന്റെ കാന്‍ഡസാ മനോധര്‍മവും. സ്വരകാകളിയെന്നു പേരിട്ട ഈ പെരുക്കം എട്ടര മിനിട്ടില്‍ മഴപെയ്തുതീര്‍ന്ന പ്രതീതിയുണര്‍ത്തും. അസാമാന്യ ഹൃദയദ്രവീകരണശേഷിയുള്ള പീലു രാഗത്തില്‍ ഇരുവരും ചേര്‍ന്നൊരുക്കുന്ന 15 മിനുട്ട് വിരുന്നില്‍ രഖയുടെ തബല ഒറ്റയ്ക്കു തകര്‍ക്കുന്ന ഇടങ്ങളുണ്ട്. 1967ല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശദിന കച്ചേരിക്കുവേണ്ടിക്കൂടിയാണ് രവിശങ്കര്‍ ഈയിനം ചിട്ടപ്പെടുത്തിയത്. ആനന്ദഭൈരവിയിലുള്ള സിത്താര്‍-തബല ഡ്യുവറ്റാണ് മറ്റൊരിനം.
ഫ്രഞ്ച് പുല്ലാങ്കുഴല്‍ വാദകന്‍ ഴാങ് പിയറി റാംപല്‍, ജാപ്പനീസ് ഓടക്കുഴല്‍ ഷാക്കുഹാച്ചി വാദകന്‍ ഹോസന്‍ യാമാമോട്ടോ, ഫിലിപ് ഗ്ലാസ്, ബീറ്റില്‍സ് ഗിറ്റാറിസ്റ്റ് ജോര്‍ജ് ഹാരിസണ്‍ തുടങ്ങിയവരുമായൊക്കെ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും രവിശങ്കറിനെ ഏറ്റവുമധികം സ്വാധീനിച്ചത് മെനൂഹിനാണ്. തിരിച്ചും ഇതു ശരിയാണ്. ഇരുവരും ദേശാതീതമായ സംഗീതം കണ്ടെത്തുകയായിരുന്നു. രവിശങ്കര്‍ ഗുംകളിയില്‍ ചിട്ടപ്പെടുത്തി താന്‍ വായിച്ച പ്രഭാതിയുടെ ആരോഹണാവരോഹണങ്ങള്‍ ഒരുതരം ജാപ്പനീസ് സ്‌കെയിലിലാണല്ലോ എന്ന് മെനൂഹിന്‍ അദ്ഭുതപ്പെടുന്നുണ്ട്. ജിപ്‌സികളുടെ സംഗീതവേരുകള്‍തേടി ഇരുവരും ഏറെ സഞ്ചരിച്ചു. ഗ്രീക്ക്, സ്​പാനിഷ് ഫ്‌ളമെന്‍ഗോ സംഗീതങ്ങളുമായും പരിചയപ്പെടുകയും അവ പ്രയോഗിക്കുകയും ചെയ്തതായി മെനൂഹിന്‍ എഴുതിയിട്ടുണ്ട്.

മെനൂഹിനും കെര്‍ട്ടിസ് ഡേവിസും ചേര്‍ന്ന് ആദ്യം പുസ്തകമായും(1979) പിന്നെ ടി.വി. ഡോക്യുമെന്ററി സീരിയലായും(1987) രചിച്ച 'ദ മ്യൂസിക് ഓഫ് മാന്‍' എന്ന കൃതിയില്‍ മെനൂഹിന്‍ രവിശങ്കറിനും അള്ളാരഖായ്ക്കും ഒപ്പം നിശാരാഗമായ രാഗേശ്രീ അവതരിപ്പിക്കുന്നുണ്ട്. രണ്ടുനാടിന്റെ വ്യത്യസ്ത ശൈലികള്‍ ഇതില്‍ ഒന്നാവുന്നതു കാണാം. മെനൂഹിന്‍ ഓര്‍മിച്ചതുപോലെ സുഗന്ധധൂമത്തിന്റെ അകമ്പടിയോടെ.
1970ല്‍ ജോര്‍ജ് ഹാരിസണോടൊപ്പം ഇന്ത്യയില്‍ വന്ന യെഹൂദി മെനൂഹിന്റെ ലക്ഷ്യം രവിശങ്കറിന്റെ ആദ്യ ഭാര്യയും ഉസ്താദ് അലാവുദീന്‍ ഖാന്റെ മകളും ഭര്‍ത്താവിന്റെ അഹംബോധത്തില്‍ പ്രതിഷേധിച്ച് സംഗീതവേദികളോട് വിടപറഞ്ഞ അസാമാന്യ പ്രതിഭയുമായ, സുര്‍ബഹാര്‍ വാദക അന്നപൂര്‍ണാദേവിയെ കേള്‍ക്കുക എന്നതായിരുന്നു. നടക്കാത്ത കാര്യമാണത് എന്നവര്‍ക്കറിയാം. കാര്യം നടക്കാന്‍ ആരെക്കൊണ്ടെങ്കിലും ശുപാര്‍ശ പറയിക്കണമല്ലോ. അതിനവര്‍ സമീപിച്ചത് ഇന്ദിരാഗാന്ധിയെയാണ്. ഒടുക്കം, താന്‍ സാധകം ചെയ്യുന്ന മുറിയുടെ അടുത്ത മുറിയിലിരിക്കാന്‍ ദേവി ഇവര്‍ക്കനുവാദം നല്‍കി. മെനൂഹിന് പെട്ടെന്ന് തിരിച്ചുപോകേണ്ടിവന്നതിനാല്‍ ജോര്‍ജ് ഹാരിസണു മാത്രമേ ആ ഭാഗ്യം ലഭിച്ചുള്ളൂ.

പരസ്​പരാദരവും അപരന്റെ സംഗീതത്തെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും ധിഷണയും ഇരുവര്‍ക്കുമുണ്ടായിരുന്നുവെന്നതാണ് മെനൂഹിന്‍-ശങ്കര്‍ കൂട്ടുകെട്ടിന്റെ പൊരുള്‍. രണ്ട് ഹൃദയാഘാതം കഴിഞ്ഞയാളാണല്ലോ രവി എന്ന് ജീവിത സായാഹ്നത്തില്‍ ആകുലപ്പെട്ട മെനൂഹിന്‍ 1999ല്‍ അന്തരിച്ചു. രവിയുടെ മകള്‍ അനുഷ്‌ക അച്ഛനെക്കാള്‍ പ്രഗല്ഭയാവും എന്നദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. 1990കളോടെ വേദികളില്‍നിന്ന് പതുക്കെ പിന്‍മാറിയ മെനൂഹിന്‍ തൊട്ടുമുമ്പ് മറ്റൊരിന്ത്യക്കാരനുമൊത്തും വേദി പങ്കിട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാല്പതാം വാര്‍ഷികം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ വേദിയില്‍ ആഘോഷിച്ചത് എല്‍. സുബ്രമണ്യവും മെനൂഹിനും ചേര്‍ന്നായിരുന്നു. 1993ല്‍ ഇവര്‍ സ്റ്റെഫാന്‍ ഗ്രാപെലിയോടൊത്ത് 'ആള്‍ ദ വേള്‍ഡ്‌സ് വയലിന്‍സ്' എന്നൊരാല്‍ബവും പുറത്തിറക്കിയിട്ടുണ്ട്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/