കല്‍മാഡിയേക്കാള്‍ ഭേദം മോഡി!

Posted on: 23 Dec 2012


കെ.എല്‍. മോഹനവര്‍മ

ഇന്ത്യ ഇന്നും ഈ എം. ഫോസ്റ്ററുടെ പാസേജ് ടു ഇന്ത്യാ പ്രീ-ബ്രിട്ടീഷ്‌കാലത്തെപ്പോലെ തന്നെ ആകര്‍ഷണീയമായ ദാരിദ്ര്യത്തിന്റെ നാടാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ബ്രിട്ടീഷ് കലാകാരനാണ് ഡാനി ബോയ്ല്‍.
ഇംഗ്ലീഷ് ഭാഷയ്ക്ക് സ്‌പെല്ലിങ് ഉണ്ട്. എഴുതുന്നതല്ല വായിക്കുന്നത്. ഇന്ത്യന്‍ ഭാഷകള്‍ നേരെ വാ നേരെ പോ രീതിയിലാണ്. എഴുതുന്നത് വായിക്കും. സ്വാഭാവികമായും നമ്മുടെ ഇന്ത്യന്‍ ഇംഗ്ലീഷില്‍ അല്പസ്വല്പംസ്‌പെല്ലിങ് മിസ്റ്റേക്ക്‌വരും. സാരമില്ല. അതു കാരണം സ്‌പെല്ലിങ് മിസ്റ്റേക്കോടെയാണെങ്കിലും നാം ഡാനി ബോയ്‌ലിന്റെ സ്ലംഡോഗ് മില്ല്യണയറെ സ്വന്തമാക്കി. ഓസ്‌കാറുകളില്‍ റഹ്മാനും റസൂലും പോലെ നാമും അഭിമാനം കൊണ്ടു.
പക്ഷേ, ഡാനി ബോയ്ല്‍ ഇത്ര മുമ്പോട്ടു നമ്മെ കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിലെ കലാപരിപാടികള്‍ സംവിധാനം ചെയ്തത് ഡാനി ബോയ്ല്‍ ആയിരുന്നു. അവിടെ നടത്തേണ്ട അനവധി സംഘനൃത്തങ്ങളിലൊന്നില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി തിരഞ്ഞെടുത്ത നൂറുകണക്കിന് നര്‍ത്തകികളില്‍ ഒരാളായിരുന്നു ലണ്ടനില്‍ പഠിക്കുന്ന ബാംഗ്ലൂരുകാരി മാധുരാ നാഗേന്ദ്ര. സ്റ്റേഡിയത്തിലെ കര്‍ശനമായ സെക്യൂരിറ്റി ചെക്കിങ്ങിനെ ഈ ഡാന്‍സ് കെയറോഫില്‍ കടന്ന് ആയമ്മ സ്റ്റേഡിയത്തിനുള്ളിലെത്തിയപ്പോള്‍ ഒരാശ. എന്തുകൊണ്ട് ഇന്ത്യന്‍ ഒളിമ്പിക് ടീമില്‍ അംഗമായിക്കൂടാ ?
കായികതാരത്തിന്റെ സിദ്ധിയും വേണ്ട, സാധനയും വേണ്ട, വക്രബുദ്ധി മതി.ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ താരമാകാം. ത്രിവര്‍ണ പതാകയുമേന്തി മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിനെ നയിച്ച ബീജിങ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനൊപ്പം ലോകം കണ്ടത് ഒരു ചുമന്നഷര്‍ട്ടും നീല ജീന്‍സും ധരിച്ച് പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണികളെ അഭിവാദ്യംചെയ്ത് മുന്നേറിയ മാധുരാ നാഗേന്ദ്ര എന്ന ഒളിമ്പ്യനെയാണ്.

ഗംഗയാറൊഴുകുന്ന നാട്ടിലേ ഇത് നടക്കുകയുള്ളൂ എന്ന് വിചാരിച്ച് സമാധാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ പേരക്കുട്ടികള്‍ ഗൗരവമായ ഒരു തീരുമാനവുമായി വന്നത്. ഞങ്ങളിനി ഫുട്‌ബോളും ഷട്ടിലും അത്‌ലറ്റിക്‌സും ഒക്കെ പ്രാക്ടീസ് നിര്‍ത്താന്‍ പോകുകാ. ക്രിക്കറ്റില്‍ മാത്രം കോണ്‍സന്‍ട്രേറ്റു ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തി.
അതെന്താ ?
നമ്മളെ ഒളിമ്പിക്‌സില്‍ നിന്ന് ഔട്ടാക്കിയില്ലേ, ഇനി നമുക്ക് ക്രിക്കറ്റിലേ രക്ഷയുള്ളൂ.
ഞാന്‍ സമാധാനിപ്പിച്ചു. ഈ ഔട്ടാക്കല്‍ ടെമ്പററിയാണ്. ഞാന്‍ വിശദമായി സംഭവം പറഞ്ഞു കൊടുത്തു. ഒളിമ്പിക്‌സ് നടത്തുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഇന്നുവരെ ഇരുനൂറിലേറെ രാജ്യങ്ങള്‍ മെമ്പറന്മാരായിട്ടുള്ളതില്‍ അഞ്ചു രാജ്യങ്ങളെ മാത്രമേ കുറച്ചു കാലത്തേക്കെങ്കിലും ഇതുപോലെ ബാന്‍ ചെയ്തിട്ടുള്ളൂ.
ഒന്നാമത്, പണ്ട് കറുത്ത വംശജരെ മാറ്റിനിര്‍ത്തിയ അപ്പാര്‍ത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കയെ. രണ്ടാമത്, ദേശീയ ഒളിമ്പിക്‌സ് അസോസിയേഷന്‍ രൂപവത്കരിക്കാത്തതിന് നെതര്‍ലന്‍ഡ്, ആന്റിലസ് ദ്വീപസമൂഹം, ദക്ഷിണ സുഡാന്‍ ഈ മൂന്നു കൂട്ടരെ. അവസാനം കുവൈത്തിനെ. കുവൈത്തിനെ സസ്‌പെന്‍ഡു ചെയ്തത് ഒളിമ്പിക്‌സ് അസോയിയേഷനില്‍ സര്‍ക്കാര്‍ കൈകടത്തിയതിനായിരുന്നു.
നമ്മുടെ കാര്യത്തിലും സര്‍ക്കാര്‍ കൈകടത്തലാണ് കാരണം. കൈകടത്തല്‍ അവസാനിപ്പിച്ചാലുടന്‍ ബാന്‍ പിന്‍വലിക്കും. മഴ പെയ്യാത്തതിനുപോലും കാരണം സര്‍ക്കാര്‍ കൈകടത്തലാണെന്ന് നമുക്കറിയാം. കുട്ടികള്‍ക്ക് പക്ഷേ, ഇക്കാര്യത്തില്‍ വലിയ വിശ്വാസമായില്ല.
ഞാന്‍ വിശദീകരിച്ചു.
നമ്മുടെ സര്‍ക്കാര്‍ ഒരു സ്‌പോര്‍ട്‌സ് കോഡ് കൊണ്ടുവന്നു. അത് അംഗീകരിച്ചാലേ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സര്‍ക്കാര്‍ പണം നല്‍കൂ. അത് ഒളിമ്പിക്‌സ് ചാര്‍ട്ടറിന് വിരുദ്ധമാണ്. അത് അംഗീകരിച്ചാല്‍ അത് സര്‍ക്കാര്‍ കൈകടത്തലായി ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ കണക്കാക്കും. ആകെ കുഴപ്പമാകും.
എന്താ ഈ സ്‌പോര്‍ട്‌സ് കോഡില്‍ കുഴപ്പം ?
ഭാവി ഒളിമ്പ്യന്മാരായ കുട്ടികളെ ഞാന്‍ പറഞ്ഞു മനസ്സിലാക്കി.
ഈ കോഡ് പറയുന്നു... 70 വയസ്സായാല്‍ ഒളിമ്പിക് അസോസിയേഷന്‍ അധികാരികള്‍ റിട്ടയര്‍ചെയ്യണം. മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ ഒരു കളിയുടെയും ഒളിമ്പിക്അസോസിയേഷനുകളില്‍ ഉന്നതസ്ഥാനം വഹിക്കാന്‍ പാടില്ല. രാഷ്ട്രീയ നേതാക്കന്മാര്‍ക്കില്ലാത്ത ഈ കോഡ് നിയമങ്ങള്‍ രാഷ്ട്രീയത്തെക്കാള്‍ സ്വാതന്ത്ര്യം വേണ്ട കായികരംഗത്ത് എങ്ങനെ അംഗീകരിക്കും?
ഭാരതീയപുരാണത്തിലെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ട കായികവിദ്യയാണ് അമ്പെയ്ത്ത്. ശ്രീരാമഭഗവാനും അര്‍ജുനനും ഏകലവ്യനും എല്ലാം പേരുകേട്ട അമ്പെയ്ത്തുകാരായിരുന്നു. നമ്മുടെ ദേശീയ കായികഅവാര്‍ഡും ദേശീയ പരിശീലക അവാര്‍ഡും അമ്പെയ്ത്തുകലയില്‍ വിദഗ്ധരായിരുന്ന അര്‍ജുനന്റെയും കോച്ച് ദ്രോണാചാര്യരുടെയും പേരിലാണ്. ഈ അമ്പെയ്ത്തിനെ ഇപ്പോഴും ഭാരതത്തില്‍ ചടുലമാക്കി നിര്‍ത്തുന്ന എണ്‍പതുവയസ്സുകാരന്‍ രാഷ്ട്രീയ നേതാവ് വിജയകുമാര്‍ മല്‍ഹോത്ര 40 വര്‍ഷമേ ആയുള്ളൂ ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്റെ പ്രസിഡന്റായി സേവനം തുടങ്ങിയിട്ട്. അദ്ദേഹം മാറിനിന്നാല്‍ ഇന്ത്യയിലെ അമ്പെയ്ത്ത് ഒളിമ്പ്യന്മാരുടെ ഗതി എന്താകും? അതുപോലെ വെറും 10 മാസം മാത്രം കോമണ്‍വെല്‍ത്ത് അഴിമതിയുടെ പേരില്‍ ജയിലില്‍ കിടന്ന ലളിത് ഭാനോട്ട് എന്ന കായികനേതാവ് പുറത്തു വന്നയുടന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ സെക്രട്ടറി ജനറലായി എതിരില്ലാതെ അവരോധിക്കപ്പെട്ടു. നോക്കൂ, ഇത്രയധികം സ്വതന്ത്രസ്വഭാവമുള്ള ഒളിമ്പിക്‌സ് അസോസിയേഷനെയാണ് സര്‍ക്കാര്‍ കോഡുകള്‍കൊണ്ടുവന്ന് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ? ഈ സത്യം ഇന്റര്‍നാഷണല്‍ ഒളിമ്പിക് അസോസിയേഷനു മാത്രമല്ല, കുട്ടികള്‍ക്കും മനസ്സിലായില്ല.
അവര്‍ക്ക് ക്രിക്കറ്റു മതി.

എനിക്കൊരു സംശയം. കുട്ടികളാണോ ശരി? ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ത്യയെ തൊട്ടു കളിക്കില്ല. കളിച്ചാല്‍ അവരുടെ കഞ്ഞികുടി മുട്ടും. അമ്പെയ്ത്തിനെക്കാള്‍ ഇന്ത്യയ്ക്ക് യോജിച്ചത് ക്രിക്കറ്റായിരിക്കും. കല്‍മാഡിയേക്കാള്‍ മിടുക്കന്‍ ലളിത് മോഡിയാണല്ലോ.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/