ഒരു നാടകത്തിന്റെ ആത്മാവിലെരിഞ്ഞത്‌

Posted on: 23 Dec 2012


സാറാ ജോസഫ്‌എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളനുഭവിച്ച് ചത്തൊടുങ്ങിയവരും
ചത്തുജീവിക്കുന്നവരുമായ അന്തര്‍ജനങ്ങളുടെ മഹാദുഃഖത്തിന്റെ
പൊട്ടിത്തെറിയായിരുന്നു 'തൊഴില്‍കേന്ദ്രത്തിലേക്ക്'...

''അമ്മയ്ക്കറിയില്യേ വീട്ടി? തീണ്ടല്‍ ജാതിക്കാരെക്കെ അമ്പലത്തില് കേറ്റണംന്നും പെണ്ണുങ്ങള്‍ക്കൊക്കെ മാറുമറയ്ക്കാന്നും അവറ്റ അടുക്കളേന്ന് അരങ്ങത്തയ്ക്ക് വരണംന്നും പ്രസംഗിക്കണ ആ കറ്ത്ത പട്ടേരി? അമ്പലങ്ങള്‌ടെ മോന്തായത്തിന് തീവെയ്ക്കണംന്ന് പറഞ്ഞ വീട്ട്യേയ്! കൂടെ അന്തപ്പുര വിപ്ലവം നടത്തണംന്ന് പറയണ അന്തല്യാത്ത കൊറെ അന്തര്‍ജനങ്ങളും...''
അരനൂറ്റാണ്ടിനു മുമ്പ് യാഥാസ്ഥിതിക ബ്രാഹ്മണ്യത്തെ പിടിച്ചുകുലുക്കിക്കൊണ്ട് താലിപൊട്ടിച്ച്, വേളികഴിച്ച നമ്പൂതിരിയുടെ മുഖത്തേക്കെറിഞ്ഞ അന്തര്‍ജനത്തെ അവതരിപ്പിച്ച ഒരു സ്ത്രീനാടകത്തിലേതാണ് മേലുദ്ധരിച്ച വരികള്‍. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സ്ത്രീനാടകം- 'തൊഴില്‍കേന്ദ്രത്തിലേക്ക്.' അന്തര്‍ജനങ്ങള്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്കു വന്നാല്‍ മാത്രം പോര. തൊഴിലെടുക്കണം, സ്വതന്ത്രരായി ജീവിക്കണം എന്നൊക്കെ ഉറക്കെ ചങ്കുപൊട്ടി വിളിച്ചുപറഞ്ഞു ആ നാടകം. അതിന്റെ ആത്മാവിലെരിഞ്ഞത് എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളനുഭവിച്ച് ചത്തൊടുങ്ങിയവരും ചത്തുജീവിക്കുന്നവരുമായ അന്തര്‍ജനങ്ങളുടെ കണ്ണീരായിരുന്നു. ആ മഹാദുഃഖത്തിന്റെ ആദ്യത്തെ പൊട്ടിത്തെറിയായിരുന്നു കുറിയേടത്ത് താത്രി (1905). താത്രിയില്‍നിന്ന് മുന്നോട്ടുവെച്ച വലിയ ചുവടായിരുന്നു 'തൊഴില്‍കേന്ദ്രത്തിലേക്ക്' (1948).

വി.ടി.യുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' കണ്ടിട്ട് യാഥാസ്ഥിതികര്‍ക്ക് കലിയിളകിയെങ്കില്‍ 'തൊഴില്‍ കേന്ദ്രത്തിലേക്ക്' കണ്ടിട്ട് ഭ്രാന്താണിളകിയത്. ബ്രാഹ്മണ്യത്തെയും പുരുഷാധികാരത്തെയും വെല്ലുവിളിച്ചുകൊണ്ട് അന്തര്‍ജനങ്ങള്‍ നടത്തിയ ഇറങ്ങിപ്പോക്കാണ് ആ നാടകത്തിലെ പ്രമേയം എന്നതുമാത്രമല്ല അതിനു കാരണം. 'ജന്തുക്കളും' 'ഏഠ'കളും 'ചെകണകളും' 'അവറ്റകളുമായ' അന്തര്‍ജനങ്ങള്‍ തന്നെയാണ് ആ നാടകം എഴുതിയതും രംഗാവിഷ്‌കാരം നടത്തിയതും അഭിനയിച്ചതും കൊണ്ടുനടന്നതും എന്ന അമ്പരപ്പുകൂടിയാണ്. തൊഴുത്തിലെ പശുവിനെപ്പോലെയും അടുക്കളയിലെ പാത്രംപോലെയും 'സാധനങ്ങള്‍' മാത്രമായി അന്തര്‍ജനങ്ങളെ കണ്ടിരുന്ന പുരുഷാധിപത്യ വ്യവസ്ഥയിലെ ആണിനും പെണ്ണിനുമേറ്റ പ്രഹരം ചെറുതൊന്നുമായിരുന്നില്ല.
എന്നാല്‍, പതുക്കെ 'തൊഴില്‍കേന്ദ്രത്തിലേക്ക്' എന്ന നാടകം അരികുവത്കരിക്കപ്പെടുന്ന കാഴ്ചയാണ് ചരിത്രത്തില്‍ നാം കണ്ടത്. മറ്റ് നവോത്ഥാന നാടകങ്ങളിലെ വിട്ടുവീഴ്ചകള്‍ സ്വീകാര്യമാവുകയും തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന സ്ത്രീനാടകത്തിന്റെ സ്ഥാനം തേഞ്ഞുമാഞ്ഞു പോവുകയും ചെയ്തു. മങ്ങിക്കിടന്നു അത് ഏറെക്കാലം. ഈ നാടകത്തിനകത്തെ ആളിക്കത്തല്‍ ഇന്നും തിരിച്ചുപിടിക്കാന്‍ ശക്തരായിട്ടില്ല കേരളത്തിലെ സ്ത്രീസമൂഹം.


സിനിമയിലൂടെ ഈ നാടകം വീണ്ടുമവതരിപ്പിക്കാനും ആ കാലവും ചരിത്രവും അടയാളപ്പെടുത്താനുമുള്ള ശ്രമമാണ് സംവിധായകനായ എം.ജി. ശശി 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന ഡോക്യുമെന്ററിയില്‍ ചെയ്യുന്നത്. നാടകത്തില്‍ വേഷമിടുന്ന പെണ്‍കുട്ടികളോടൊപ്പം 1948-ല്‍ ആ നാടകം അഭിനയിച്ചവരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ശ്രീദേവി കണ്ണമ്പിള്ളിയും കാവുങ്കര ഭാര്‍ഗവിയും സ്‌ക്രീനിലെത്തുന്നു. ഒപ്പം അന്നത്തെ തൊഴില്‍കേന്ദ്രത്തിന്റെ പ്രധാന സംഘാടകരായിരുന്ന ഗംഗാദേവി, ദേവകി നിലയങ്ങോട് തുടങ്ങിയവരുമുണ്ട്. അന്നത്തെ നാടകാവതരണത്തിന്റെ ഓര്‍മകളില്‍ വീറോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വയോവൃദ്ധകള്‍ അവരുടെ അനുഭവസമൃദ്ധിയിലൂടെ പുതുലോകത്തിന് വീണ്ടും വാതില്‍ തുറന്നുകൊടുക്കുകയാണ്. അഭിനേതാക്കളും മുത്തശ്ശിമാരുമടക്കം 12 സ്ത്രീകള്‍ മാത്രമാണ് ഈ സിനിമയില്‍ സ്‌ക്രീനിലെത്തുന്നത്.
അരിസ്റ്റോഫെനീസിന്റെ ലിസിസ്ട്രാറ്റ, ഇബ്‌സന്റെ ഡോള്‍സ് ഹൗസ്, തൊഴില്‍കേന്ദ്രത്തിലേക്ക്. ആദ്യത്തേതു രണ്ടും ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും മലയാളത്തിലടക്കം അനേകം രംഗാവിഷ്‌കാരങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ തൊഴില്‍ കേന്ദ്രത്തിലേക്ക് പൊടിമൂടിക്കിടന്നത്, സദാചാരത്തില്‍ ഇരട്ടത്താപ്പു പുലര്‍ത്തുന്ന മലയാളികളുടെ ബോധപൂര്‍വമായ ശ്രമഫലമായിട്ടു തന്നെയാണ്.
ബ്രാഹ്മണ്യത്തെയും പുരുഷാധികാരത്തെയും ധിക്കരിച്ച് മനുഷ്യസ്ത്രീകളായി അധ്വാനിച്ചുപുലരാന്‍ തീരുമാനിച്ച അന്തര്‍ജനങ്ങള്‍ ഇന്ന് പുരുഷനോടൊപ്പം അരങ്ങത്തും തൊഴില്‍കേന്ദ്രങ്ങളിലുമുണ്ട്. പക്ഷേ, അകമേ നമ്മുടെ സ്ത്രീകള്‍ വിമോചിതരാണോ? ഈ ചോദ്യം ഉയര്‍ത്തുന്ന 'തൊഴില്‍കേന്ദ്രത്തിലേക്ക്' എന്ന ഡോക്യുമെന്ററി സിനിമയുടെ ആദ്യപ്രദര്‍ശനം 48-ലെ നവോത്ഥാനചരിത്ര നായികമാരായ മുത്തശ്ശിമാരുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ 23-ന് രാവിലെ 9.15ന് തൃശ്ശൂര്‍ ശ്രീ തിയേറ്ററില്‍ നടക്കുന്നു.


നാടകം സിനിമയുടെ ഭാഷയില്‍...


മനുഷ്യകുലത്തിലെ നല്ല പാതിക്കും മറുപാതിയിലെ നല്ല മനസ്സിനുമുള്ള പെണ്ണടയാളമാണ് എം.ജി. ശശിയുടെ 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന ഡോക്യൂ സിനിമ. വി.ടി.യുടെ അടുക്കളയില്‍നിന്നും അരങ്ങത്തെത്തിയ സ്ത്രീ, പിന്നെയെന്ത് എന്നതിനുള്ള മറുപടിയായിരുന്നു 1948ലെ തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന സ്ത്രീനാടകം. സ്വപ്നങ്ങളെക്കാള്‍ ഉയരത്തില്‍ യാഥാര്‍ഥ്യത്തെ കണ്ട ഒരുകൂട്ടം സ്ത്രീകള്‍ അരങ്ങില്‍ നടത്തിയ വിപ്ലവം. സിനിമയുടെ സൗന്ദര്യത്തിലൂടെ ഇതിനെ അടയാളപ്പെടുത്തുകയാണ് നാടകപ്രവര്‍ത്തകനും അഭിനേതാവും ചലച്ചിത്രസംവിധായകനുമായ എം.ജി. ശശി.

അമ്പത്തിനാല് വര്‍ഷങ്ങള്‍ക്കുശേഷം ആ അരങ്ങിനെ പകര്‍ത്താനുണ്ടായ ആലോചന?

എം.ജി. ശശി: ആറങ്ങോട്ടുകരയില്‍ കുറിയേടത്ത് താത്രിയുടെ അയല്‍വാസിയാണ് ഞാന്‍. എന്റെ നാടകപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പഠനത്തിലൂടെ താത്രിയുടെ ചരിത്രം കൂടുതല്‍ അറിഞ്ഞു. അങ്ങനെയൊരുഘട്ടത്തിലാണ് തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകവും അന്നത്തെ അവസ്ഥയും സിനിമയിലേക്ക് മാറ്റണം എന്ന് ചിന്തിച്ചുതുടങ്ങിയത്. ആറുവര്‍ഷത്തോളമുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ ചിത്രം.

നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി 1946-ല്‍ തൊഴില്‍കേന്ദ്രം ഉണ്ടാക്കി. 1948-ല്‍ തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകവും. ചരിത്രത്തില്‍നിന്നും മാഞ്ഞുപോയോ ഇത്?

1948-ല്‍ തന്നെ ഇത് പുസ്തകരൂപത്തിലാക്കിയിരുന്നു. പത്തിലധികം വേദികളില്‍ നാടകം കളിച്ചു. ലക്കിടി ചിറമംഗലത്ത് മനയിലാണ് തൊഴില്‍കേന്ദ്രം ഉണ്ടാക്കിയത്. 1931-ല്‍ രൂപവത്കരിച്ച അന്തര്‍ജന സമാജത്തിന്റെയൊക്കെ ഭാഗമായിട്ടാണ് ഇതു വരുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനം പ്രയോഗത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു ഇവിടെ. തയ്യല്‍ പോലെയുള്ള തൊഴിലുകളിലൂടെ അന്തര്‍ജനങ്ങളെ മാറ്റിയെടുക്കുക. കാലം മുന്നോട്ടുപോകുമ്പോള്‍, സമുദായത്തിലേക്കുതന്നെ തിരിച്ചുപോയ ചില നവോത്ഥാന പ്രസ്ഥാനങ്ങളെപ്പോലെയായിരുന്നു തൊഴില്‍ കേന്ദ്രവും.

എന്താണ് ഇപ്പോള്‍ ഇതിനുള്ള പ്രസക്തി?

ജന്‍ഡര്‍ ഇഷ്യു ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തൊഴിലിടത്തിലെ സ്‌പേസ്, കുടുംബത്തിലെ സ്‌പേസ്- സ്ത്രീ ഇപ്പോഴും ഇതിനുവേണ്ടി പോരാടുന്നുണ്ട്. ഇതിലെ ദേവസേന വളരെ റൊമാന്റിക് ആണ്. എപ്പോഴും കണ്ണാടി നോക്കും. ഇമേജില്ലാത്ത ഒരു കണ്ണാടിയിലാണ് സിനിമ അവസാനിക്കുന്നത്. പുതിയ ലോകത്തിലെ ആര്‍ക്ക് വേണമെങ്കിലും ഈ കണ്ണാടിയില്‍ നോക്കാം. ദേവസേനയ്ക്കുപകരം ആരുടേയും മുഖമാവാം അത്.
ഒളരി, പട്ടാമ്പി, പറളി, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മധുകാവില്‍ ക്യാമറയും വേണുഗോപാല്‍ എഡിറ്റിങും നിരഞ്ജന്‍ നിര്‍മാണവും ചെയ്തിരിക്കുന്നു. ആരും എഴുതാതെ, ആരും സംവിധാനം ചെയ്യാതെ ഒരു കൂട്ടം സ്ത്രീകളുടെ അനുഭവങ്ങളുടെ പകര്‍ച്ചയായിരുന്നു തൊഴില്‍ കേന്ദ്രത്തിലേക്ക്. ആഘോഷിക്കപ്പെടാതെപോയ ആ നേരനുഭവം 48 മിനിറ്റിന്റെ സ്‌ക്രീന്‍ കാഴ്ചയാക്കുകയാണ് എം.ജി.ശശി.

-രേഖാചന്ദ്ര


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/