ഇറ്റാലിയന്‍ നാവികര്‍ 10ന് മടങ്ങിയെത്തണം

Posted on: 22 Dec 2012കൊല്ലം: കടല്‍ക്കൊല കേസിലെ പ്രതികളായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കിയത് കര്‍ശന ഉപാധികളോടെ. ജനവരി 10ന് ഉച്ചയ്ക്ക് മൂന്നുമണിക്കുമുമ്പ് തിരികെ ഇന്ത്യയില്‍ എത്തണമെന്നാണ് നിബന്ധന. പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും വേണം. ജില്ലാ ജഡ്ജി ടി.കെ.മധുവിന്‍േറതാണ് ഉത്തരവ്. ജനവരി 15നാണ് കേസിലെ അടുത്ത വാദം.

കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി, പ്രതികളുടെ സത്യവാങ്മൂലം, ഇറ്റാലിയന്‍ സ്ഥാനപതി ജിയാകോമോ സാന്‍ ഫിലിസ് ഡി മോണ്‍ടി ഫോര്‍ട്ടെയുടെയും കോണ്‍സുലാര്‍ ജനറല്‍ ജിയാം പൗലോ കുട്ടില്യോയുടെയും സത്യവാങ്മൂലങ്ങള്‍ എന്നിവ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കിയത്. ധനലക്ഷ്മി ബാങ്കിന്റെ കൊല്ലം ശാഖയില്‍ ആറുകോടി രൂപയ്ക്ക് തുല്യമായ യൂറോ നല്‍കിയാണ് ബാങ്ക് ഗ്യാരണ്ടി എടുത്തത്.

ഇറ്റലിയില്‍ പ്രതികള്‍ കഴിയുന്നകാലം അവരുടെ പ്രവൃത്തികളും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവും കോടതി മുമ്പാകെ ഹാജരാകുന്നതും നേരിട്ട് നിരീക്ഷിച്ചുകൊള്ളാമെന്നാണ് സ്ഥാനപതിയും കോണ്‍സുലാര്‍ ജനറലും സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. ഇറ്റലിയില്‍ പ്രതികള്‍ താമസിക്കുന്ന മേല്‍വിലാസവും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകളും ഇറ്റലിയിലെ അവരുടെ യാത്രകളും അപ്പപ്പോള്‍ കൊല്ലം, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍മാരെ അറിയിച്ചുകൊള്ളാമെന്നും ഇരുവരുടെയും സത്യവാങ്മൂലത്തില്‍ സമ്മതിച്ചിട്ടുണ്ട്.

പാസ്‌പോര്‍ട്ട് തിരികെ പറ്റുന്നതിലേക്ക് ഹൈക്കോടതി ഉത്തരവിലെ ഉപാധികള്‍ ഉള്‍പ്പെടുത്തിയ ഒരു ബോണ്ട് പ്രതികള്‍ ഒപ്പിട്ടുനല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ബോണ്ടിലും പ്രതികളും ഇറ്റാലിയന്‍ ഉദ്യോഗസ്ഥരും ഒപ്പിട്ടുനല്‍കി. തിരികെ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ മുമ്പ് ഉണ്ടായിരുന്ന ഉപാധികളെല്ലാം നിലനില്‍ക്കുന്നതായിരിക്കും.
ഇംഗ്ലീഷിലുള്ള ബോണ്ട് ആയതുകൊണ്ട് ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ പരിഭാഷപ്പെടുത്തി മനസ്സിലാക്കിയാണ് ഒപ്പിടേണ്ടതെന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി.മോഹന്‍രാജിന്റെ വാദം കോടതി അംഗീകരിച്ചു. അതിന്‍ പ്രകാരം പരിഭാഷപ്പെടുത്തിനല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. പരിഭാഷപ്പെടുത്തി പ്രതികളെ ബോധ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ ബോണ്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു.

ക്രിസ്മസ് പ്രമാണിച്ച് സി.ജെ.എം.കോടതി അവധിയായതിനാലാണ് ജില്ലാ ജഡ്ജി ടി.കെ.മധുവിന്റെ മുമ്പാകെ നടപടിക്രമങ്ങള്‍ നടന്നത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. സി.എസ്.നായര്‍, അഡ്വ. എ.കെ.മനോജ് എന്നിവര്‍ ഹാജരായി.
ഇറ്റാലിയന്‍ നാവികരെ രാജ്യം വിടാന്‍ അനുവദിക്കുന്നതിലുള്ള പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയതിനാല്‍ കോടതി നടപടികള്‍ വൈകി. പ്രതികള്‍ രണ്ടുപേരും ജഡ്ജിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യൂണിഫോം അണിയാതെയാണ് വെള്ളിയാഴ്ച ഹാജരായത്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/