''മണി വിവരദോഷ പ്രസ്താവന നടത്തി'' ഇറ്റാലിയന്‍ നാവികര്‍ക്കും മഅദനിക്കും രണ്ടു നിയമമെന്ന് വി.എസ്.

Posted on: 22 Dec 2012തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ ജയിലിലായിരുന്ന ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിചാരണയില്ലാതെ ജയിലിലിട്ടിരിക്കുന്ന മഅദനിയ്ക്കും ഇറ്റാലിയന്‍ നാവികര്‍ക്കും രണ്ട് നിയമമാണ് സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നതെന്നും വി.എസ്.ചൂണ്ടിക്കാട്ടി. എം.എം. മണി വിവരദോഷ പ്രസ്താവന നടത്തിയതിനാലാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തതെന്നം വി.എസ്. കൂട്ടിച്ചേര്‍ത്തു.

അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുമ്പ് നിയമസഭയില്‍ സംസാരിക്കവേയാണ് വി.എസ് മഅദനിയുടെ കാര്യം ചൂണ്ടിക്കാണിച്ചത്. ''യു.ഡി.എഫ് സര്‍ക്കാരിന് ഇരട്ടമുഖമാണ്. ചില്ലറ വ്യാപാരമേഖലയില്‍ വിദേശ മൂലധനം അനുവദിക്കില്ലെന്ന് ഇവിടെ പറഞ്ഞവര്‍ പാര്‍ലമെന്റില്‍ പോയി ജനവികാരത്തിന് വിരുദ്ധമായി വോട്ടുചെയ്തു. നാലഞ്ച് കേസുകളില്‍ പ്രതിയായ കെ.സുധാകരനെ തൊടുന്നില്ല. ഇടുക്കിയിലെ മണിയെ ജയിലിലാക്കി. കൊലപാതകം ചെയ്ത ഇറ്റാലിയന്‍ നാവികരെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ വിട്ടു. ഒമ്പതുവര്‍ഷമാണ് വിചാരണയില്ലാതെ മഅദനിയെ ജയിലിലടച്ചത്. ഇപ്പോള്‍ ജയിലിലുള്ള മഅദനിയെ പെരുന്നാള്‍ ആഘോഷിക്കാന്‍ അനുവദിക്കുമോ?''- വി.എസ്. ചോദിച്ചു.

മണിയെ ജയിലിലടച്ചതില്‍ പ്രതിഷേധമുണ്ടെങ്കില്‍ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയതെന്തിനെന്ന് ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. വിവരദോഷത്തിന്‍േറതായ പ്രസ്താവന നടത്തിക്കൊണ്ട് പാര്‍ട്ടിയ്ക്ക് അവഹേളനം വരുത്തിയതിനാണ് മണിയെ പുറത്താക്കിയതെന്നായിരുന്നു വി.എസ്സിന്റെ മറുപടി. ഇക്കാര്യം താന്‍ ആവര്‍ത്തിച്ച് പറയുകയാണെന്നും എന്നാല്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അവഹേളിച്ച സുധാകരനെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്നും വി.എസ്.ചോദിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/