ലോക്‌സഭ വീണ്ടും സ്തംഭിച്ചു
Posted on: 10 Mar 2010
ഡി. ശ്രീജിത്ത്
ന്യൂഡല്‍ഹി: വനിതാസംവരണ ബില്ലിനെച്ചൊല്ലിയുള്ള ബഹളംമൂലം തുടര്‍ച്ചയായ രണ്ടാം ദിവസവും ലോക്‌സഭ സ്തംഭിച്ചു. വനിതാബില്ലിനകത്ത് ദളിത്, മുസ്‌ലിം, പിന്നാക്ക സംവരണം ആവശ്യപ്പെട്ട് സഭ തടസ്സപ്പെടുത്തിയ യാദവനേതാക്കളെ അനുനയിപ്പിക്കാനുള്ള യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ ശ്രമവും ചൊവ്വാഴ്ച പരാജയപ്പെട്ടു. ബഹളത്തിനിടെ റെയില്‍വേയുടെ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കി. 30,431 കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടാണ് പാസ്സാക്കിയത്.
സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യു. അംഗങ്ങളാണ് സഭയില്‍ ബഹളം വെച്ചത്. നാലുതവണയാണ് ലോക്‌സഭ ബഹളംമൂലം ചൊവ്വാഴ്ച നിര്‍ത്തിവെച്ചത്. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ത്തന്നെ മുദ്രാവാക്യംവിളിയോടെ സഭയുടെ നടുത്തളത്തിലേക്ക് ഈ പാര്‍ട്ടികളുടെ അംഗങ്ങള്‍ ഇറങ്ങി. എങ്കിലും പതിനഞ്ച് മിനിറ്റോളം ബഹളത്തിനിടയില്‍ത്തന്നെ ചോദ്യോത്തരം തുടര്‍ന്നു. തുടര്‍ന്ന് മുലായം സിങ്, ശരദ് യാദവ്, ലാലുപ്രസാദ് എന്നീ നേതാക്കള്‍ നടുത്തളത്തിലിറങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളായി. സ്പീക്കര്‍ മീരാകുമാറിനോട് സഭ നിര്‍ത്തിവെക്കണമെന്ന് മൂന്നു നേതാക്കളും മാറിമാറി ആവശ്യപ്പെട്ടു. തുടര്‍ന്ന് ആദ്യം 11.35 വരെ സഭ നിര്‍ത്തിവെച്ചു.
എന്നാല്‍ 11.35-ന് സഭ പുനരാരംഭിച്ചപ്പോഴും ബഹളം അതേപോലെ തുടരുകയും പന്ത്രണ്ടു മണിവരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. ഇതിനിടയില്‍മുലായത്തിനോടും ലാലുവിനോടും സമവായ ചര്‍ച്ച നടത്താന്‍ സോണിയ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരുപതു മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയില്‍ മുലായവും ലാലുവും അവരുടെ ഭാഗം വിശദീകരിക്കാനാണ് പ്രധാനമായും ശ്രമിച്ചത്. പിന്നാക്ക, ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ട വനിതകളെ കൂടുതല്‍ പിന്നാക്കാവസ്ഥയിലേക്ക് തള്ളുന്നതാണ് ഈ ബില്ലെന്നും രാഷ്ട്രീയകക്ഷികളോട് കൂടിയാലോചന നടത്താന്‍ കേന്ദ്രം ശ്രമിക്കാത്തത് നിര്‍ഭാഗ്യകരമായെന്നും അവര്‍സോണിയയോട് വിശദീകരിച്ചു. എന്നാല്‍ ചരിത്രപ്രധാനമായ ഒരു ദൗത്യത്തിന് തടസ്സം നില്‍ക്കരുതെന്നും ഇവരുടെ നിര്‍ദേശങ്ങള്‍ ഭാവിയില്‍ പരിഗണിക്കാമെന്നുമാണ് സോണിയ അവരോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ ബഹളത്തില്‍നിന്ന് പിന്തിരിയാന്‍ അവര്‍ തയ്യാറായില്ല.
രണ്ടു മണിക്ക് സഭ വീണ്ടും കൂടിയപ്പോഴും എസ്.പി., ആര്‍.ജെ.ഡി., ജെ.ഡി.യു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. കഴിഞ്ഞ ദിവസം നടുത്തളത്തില്‍ ബഹളംവെച്ച ബി.എസ്.പി. ചൊവ്വാഴ്ച സീറ്റില്‍ ഇരുന്നതേയുള്ളൂ. മുന്‍ ഗ്രാമവികസന മന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ ഡോ. രഘുവംശപ്രസാദ് സിങ്, എസ്.പി. സഭാകക്ഷി ഉപനേതാവ് ശൈലേന്ദ്രകുമാര്‍, ജെ.ഡി.യു. നേതാവ് രാജീവ് രഞ്ജന്‍ സിങ് എന്നിവര്‍ ബഹളത്തിന് നേതൃത്വം നല്കി. പിന്നീട് നാലുമണിവരെ പിരിഞ്ഞ സഭ നാലു മണിക്ക് വീണ്ടും ചേര്‍ന്ന് ബഹളത്തിനിടെ റെയില്‍വേയുടെ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കി പിരിഞ്ഞു.