പിന്‍വാതില്‍നിയമനം അനുവദിക്കരുത്
Posted on: 10 Mar 2010
കേരളത്തില്‍ വിവിധ സര്‍ക്കാര്‍വകുപ്പുകളിലായി 1500- ഓളംപേരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട്, ഈ രംഗത്ത് വ്യവസ്ഥാനുസരണം കാര്യങ്ങള്‍ നടക്കുമെന്നു പ്രതീക്ഷിച്ചുകഴിയുന്ന പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഭൂജലവകുപ്പില്‍ ഇങ്ങനെ 178 പേരെ നിയമിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിന് വിവിധ സംവിധാനങ്ങളും നടപടിക്രമങ്ങളും നിലവിലിരിക്കെ അവയെല്ലാം മറികടന്ന്, നിയമനംനടത്തി, അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങളെ ചവിട്ടിമെതിക്കാനുള്ള ചില തത്പരകക്ഷികളുടെ ശ്രമങ്ങള്‍ സര്‍ക്കാര്‍ തടയുകതന്നെ വേണം. സീസണല്‍ ലേബേഴ്‌സ് (എസ്.എല്‍.ആര്‍), കാഷ്വല്‍ ലേബേഴ്‌സ് (സി.എല്‍.ആര്‍) തസ്തികകളിലാണ് 500 ദിവസം ജോലിചെയ്തവരെ സ്ഥിരപ്പെടുത്താന്‍ ഇ പ്പോള്‍ തിരക്കിട്ട നീക്കംനടക്കുന്നതെന്നറിയുന്നു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുന്‍പ് നിയമനനടപടി പൂര്‍ത്തിയാക്കാനാണത്രെ ഉദ്ദേശിക്കുന്നത്.
കേരളത്തെ അലട്ടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. സംസ്ഥാനത്തെ തൊഴില്‍രഹിതരുടെ എണ്ണം 2008-ലെ കണക്കനുസരിച്ച് 41.2 ലക്ഷംവരും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്തും പി.എസ്.സി. ടെസ്റ്റുകള്‍ എഴുതിയും വര്‍ഷങ്ങളായി കാത്തിരിപ്പ് തുടരുന്നവരാണ് അവരില്‍ വലിയൊരുവിഭാഗം. സാങ്കേതികവൈദഗ്ദ്ധ്യം നേടിയ തൊഴില്‍രഹിതര്‍ 1.6 ലക്ഷമുണ്ട്. സര്‍ക്കാര്‍സര്‍വീസിലെ തൊഴിലവസരങ്ങളില്‍ ഉണ്ടായ കുറവ്, നിയമനങ്ങള്‍ക്ക് ഇടക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം തുടങ്ങിയവയെല്ലാം തൊഴില്‍രഹിതരുടെ കാത്തിരിപ്പ് നീളാനിടയാക്കുന്നു. ഈ സാഹചര്യത്തില്‍, വിവിധവകുപ്പുകളിലുണ്ടാകുന്ന ഒഴിവുകള്‍ നികത്തുന്നതും താത്കാലികജീവനക്കാരെ നിയമിക്കുന്നതും നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുതന്നെയാണെന്നുറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്.
ഏതുവകുപ്പിലായാലും പിന്‍വാതിലിലൂടെ നിയമനം നടക്കുമ്പോള്‍ ഉദ്യോഗാര്‍ഥിസമൂഹം മുഴുവന്‍ അവഹേളിക്കപ്പെടുകമാത്രമല്ല, വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് സീനിയോറിറ്റി ലിസ്റ്റ് അനുസരിച്ചാണ് താത്കാലികക്കാരെ നിയമിക്കേണ്ടത്. എന്നാല്‍ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്്‌സചേഞ്ചുകളില്‍ റിപ്പോര്‍ട്ട്‌ചെയ്യാതെ, ബന്ധപ്പെട്ട വകുപ്പ് ഭരിക്കുന്ന മന്ത്രിമാരുടെ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികയനുസരിച്ചാണ് താത്കാലികക്കാരെ നിയമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇങ്ങനെ നിയമനം ലഭിച്ച് 500 ദിവസം ജോലി പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്.ഏതുരംഗത്തായാലും വ്യവസ്ഥകളെയും ഔദ്യോഗികസംവിധാനങ്ങളെയും പലപ്പോഴും നോക്കുകുത്തികളാക്കാന്‍, പ്രബുദ്ധകേരളത്തിലും സങ്കു ചിതരാഷ്ട്രീയതാത്പര്യങ്ങള്‍ക്കു കഴിയുന്നു. രാഷ്ട്രീയത്തിനുമാത്രമല്ല, ജനാധിപത്യവ്യവസ്ഥിതിക്കുതന്നെ ഇത് അപമാനമുണ്ടാക്കും.
പിന്‍വാതില്‍നിയമനത്തിനുള്ള നീക്കങ്ങളും മറ്റും നടക്കുന്നത് ഭരണതലത്തിലെ ഉന്നതരുടെ അറിവോടും സമ്മതത്തോടുംകൂടിയല്ലെന്ന് കരുതാനാവില്ല. ഉദ്യോഗാര്‍ഥികളോട് അനുഭാവവും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള ഒരു ഭരണകൂടത്തിനും അനുവദിക്കാനാവാത്തതാണ് അപലപനീയമായ ഈ പ്രവണത. നിയമനനടപടികള്‍ക്ക് പി.എസ്.സി.അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെയും വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതിന്റെയും ലക്ഷ്യം ഒഴിവുകള്‍ക്കനുസരിച്ച്, യോഗ്യതയുള്ളവരെമാത്രം തിരഞ്ഞെടുത്ത് ഉദ്യോഗാര്‍ഥിസമൂഹത്തോട് നീതിപുലര്‍ത്തലാണ്. ഇത്തരം സംവിധാനങ്ങള്‍ നിരര്‍ഥകമാകാനും അവയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിശ്വാസം നഷ്ടപ്പെടാനുമിടയാക്കുന്നതാ ണ് മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നടത്താനുള്ള നീക്കങ്ങള്‍. കേരളത്തിലെ തൊഴില്‍രഹിതര്‍ അതു സഹിക്കുകയില്ലെന്ന് അധികൃതര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.