ഇത് രാഷ്ട്രീയഭൂകമ്പത്തിന്റെ ആദ്യഘട്ടം; ഇനി പ്രഭവകേന്ദ്രത്തിലേക്ക്
Posted on: 10 Mar 2010
വനിതാ ബില്‍ ലോക്‌സഭയില്‍ അടുത്തയാഴ്ച
ന്യൂഡല്‍ഹി: ചിലിയില്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചും ഇന്ത്യാഗവണ്‍മെന്റ് സഹായം അനുവദിച്ചത് അനുസ്മരിച്ചുംകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് രാജ്യസഭാ നടപടിള്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു രാഷ്ട്രീയഭൂകമ്പം ഏതാനും മണിക്കൂറുകള്‍ക്കുശേഷം രാജ്യസഭയെ പിടിച്ചുലക്കുന്നതാണ് പിന്നീട് കണ്ടത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടും സഭ നിര്‍ത്തിവെച്ചിട്ടും പുറത്തുപോകാതെ പന്ത്രണ്ടുമണിമുതല്‍ നടുത്തളത്തില്‍ കുത്തിയിരുന്ന എസ്.പി.യിലെയും ആര്‍.ജെ.ഡി.യിലെയും ഏഴ് യാദവ, മുസ്‌ലിം എം.പി.മാരെയും ഉദ്യോഗസ്ഥരുടെ വന്‍പട തൂക്കിയെടുത്ത് പുറത്തുകൊണ്ടുപോവുകയും പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം സഭാതളത്തിനുചുറ്റും കൈകോര്‍ത്തിരുന്നു സുരക്ഷയുടെ കോട്ട തീര്‍ക്കുകയും ചെയ്തു. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായപ്പോഴാണ്, രാജ്യമൊട്ടുക്കും രാഷ്ട്രീയത്തില്‍ വന്‍മാറ്റത്തിന് തുടക്കമാവുന്ന വനിതാബില്‍ ചര്‍ച്ച ചെയ്തു പാസാക്കിയത്. ഇനി ലോക്‌സഭയില്‍ അടുത്തഘട്ടം പോരാട്ടത്തിന് വേദി ഒരുങ്ങുകയാണ്.
ലോക്‌സഭയില്‍ അടുത്തയാഴ്ചയാണ് ബില്‍ അവതരിപ്പിക്കുക. അവിടെ സ്ഥിതിഗതികള്‍ രാജ്യസഭയില്‍ നടന്നതിനേക്കാള്‍ സങ്കീര്‍ണവും പ്രതിഷേധം രൂക്ഷവും ആകും. മുലായംസിങ്ങും ലാലു പ്രസാദ് യാദവും ലോക്‌സഭയിലാണെന്നതും ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം മുപ്പതിലധികം വരുമെന്നതും കണക്കിലെടുക്കുമ്പോള്‍ ലോക്‌സഭയിലെ എതിര്‍പ്പിന്റെ രീതിയും അത് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്നതും കണ്ടറിയണം. ''യാദവ ഭൂകമ്പത്തിന്റെ യഥാര്‍ഥ പ്രഭവകേന്ദ്രം'' ലോക്‌സഭയാണെന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. അതിനിടെ യു.പി.എ. സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെതിരെ എടുക്കുന്ന നിലപാട് സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കും. സര്‍ക്കാറിന്റെ ഉറച്ച നിലപാട് ചൊവ്വാഴ്ച ബോധ്യപ്പെട്ടതോടെ ലോക്‌സഭയില്‍ എതിര്‍പ്പിന് ശക്തി കൂടുമെന്നാണ് സൂചന.
ലോക്‌സഭയില്‍ ബുധനാഴ്ച മുതല്‍ ബജറ്റ് ചര്‍ച്ചയും വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കലുമാണ് കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതു ബജറ്റ് പാസ്സാക്കുന്നതിന്റെ ആദ്യഘട്ടമാണത്. ബുധനാഴ്ച സമാധാന അന്തരീക്ഷത്തില്‍ ബജറ്റ് ചര്‍ച്ച തുടങ്ങില്ലെന്ന് വ്യക്തം. ബഹളത്തിനും എതിര്‍പ്പിനുമിടയില്‍ ചര്‍ച്ചയോ മന്ത്രിയുടെ മറുപടിയോ ബജറ്റ് പാസ്സാക്കലോ നടക്കില്ല. ബഹളത്തിനിടയില്‍ ശബ്ദവോട്ടൊടെയായിരിക്കും അടിയന്തര ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കുക. അതിനുശേഷം അടുത്തയാഴ്ചത്തെ ആദ്യ രണ്ടുദിവസങ്ങള്‍ വനിതാബില്ലിന് മാത്രമായി നീക്കിവെക്കും. നികുതി നിര്‍ദേശങ്ങളുള്‍പ്പെട്ട ധനകാര്യബില്‍ ഒരുമാസത്തെ ഇടവേള കഴിഞ്ഞ് ഏപ്രിലില്‍ ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനത്തിന്റെ അവസാനമേ പാസ്സാക്കുകയുള്ളൂ.
രാജ്യസഭയില്‍ വനിതാബില്‍ വിരോധികള്‍ അധ്യക്ഷനുനേരെ അക്രമത്തിന് മുതിര്‍ന്ന പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റ് പ്രത്യേകം മുന്‍കരുതലുകളെടുക്കുമെന്ന് ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി പറഞ്ഞു. മുതിര്‍ന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ യോഗം ഇതിനായി വിളിച്ചുചേര്‍ക്കുന്നുണ്ട്.
ഭരണഘടനാബില്ലായതിനാല്‍ ലോക്‌സഭ പാസ്സാക്കിയശേഷം സംസ്ഥാന നിയമസഭകളുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും. പകുതി സംസ്ഥാനങ്ങളെങ്കിലും ബില്‍ അംഗീകരിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയാലേ അത് രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കാനാവൂ.