ബേബിജോണ്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Posted on: 10 Mar 2010




തിരുവനന്തപുരം: ബേബിജോണ്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഇന്‍ഫോസിസ് സി.ഇ.ഒ ക്രിസ് ഗോപാലകൃഷ്ണനും മരണാനന്തര ബഹുമതിയായി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്പവും മംഗളപത്രവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരങ്ങള്‍. ക്രിസ് ഗോപാലകൃഷ്ണനുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും സന്ദീപ് ഉണ്ണികൃഷ്ണനുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അച്ഛന്‍ കെ.ഉണ്ണികൃഷ്ണന്‍, അമ്മ ധനലക്ഷ്മി എന്നിവര്‍ക്ക് മോഹന്‍ലാലും കൈമാറി.

ബേബിജോണിനു പകരംവെയ്ക്കാന്‍ അദ്ദേഹത്തിനു മുമ്പോ പിമ്പോ ആരും ഉണ്ടായിട്ടില്ലെന്ന് പുരസ്‌കാരദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുമ്പോഴും മറ്റുള്ളവരെ കൂടി മാനിക്കാനുള്ള വിശാലഹൃദയം ബേബി ജോണിനുണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ക്രിസ് ഗോപാലകൃഷ്ണനെ പോലുള്ളവരുടെ സേവനം കേരളത്തിനു കൂടുതല്‍ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു.


ധാരാളം തിരക്കുകള്‍ക്കിടയിലും താനുമായി ബന്ധമുള്ളവരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായി കണ്ട് പരിഹാരമുണ്ടാക്കാന്‍ ബേബിജോണ്‍ ശ്രമിച്ചിരുന്നതായി തന്റെ അച്ഛന്‍ പറഞ്ഞറിയാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബേബിജോണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ഡി.ബാബുപോള്‍ അദ്ധ്യക്ഷനായിരുന്നു. ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ., ഇന്നസന്റ്, വക്കച്ചന്‍ മറ്റത്തില്‍, ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഷിബു ബേബി ജോണ്‍, സെക്രട്ടറി ഗാന്ധിമതി ബാലന്‍, ഷാജി ബേബി ജോണ്‍ തുടങ്ങിയവരും സംബന്ധിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/