ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ പാസ്സാക്കി ചരിത്രം കുറിച്ച ചൊവ്വാഴ്ച രാജ്യസഭയില്‍ അരങ്ങേറിയത് നാടകീയവും സംഘര്‍ഷഭരിതവും ലജ്ജാകരവുമായ രംഗങ്ങളാണ്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടും സഭാതലത്തില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരായ എം.പി.മാരെ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് തൂക്കിയെടുത്ത് പുറത്തേക്കു കൊണ്ടുപോകുന്നതിനും പാര്‍ലമെന്റിന്റെ ഉപരിസഭ സാക്ഷ്യം വഹിച്ചു. ഉദ്യോഗസ്ഥര്‍ യഥാസമയം ഇടപെട്ടതുകൊണ്ടുമാത്രമാണ് സഭയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവായത്.
വെള്ളം കുടിക്കാനുള്ള ഗ്ലാസ് തല്ലിപ്പൊട്ടിച്ച് ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ ഒരു അംഗം ശ്രമിച്ച ലജ്ജാകരമായ കാഴ്ചയും സഭ ചൊവ്വാഴ്ച കണ്ടു.
തിങ്കളാഴ്ച സഭയില്‍ അപമാനകരമായ രംഗങ്ങള്‍ സൃഷ്ടിച്ച ഏഴംഗങ്ങളെ ചൊവ്വാഴ്ച സഭ സസ്‌പെന്‍ഡ് ചെയ്തു. വീര്‍പാല്‍ സിങ് യാദവ്, നന്ദകിഷോര്‍ യാദവ്, അമീന്‍ ആലംഖാന്‍, കമാല്‍ അക്തര്‍ എന്നീ എസ്.പി. അംഗങ്ങളും ആര്‍.ജെ.ഡി. അംഗം സുഭാഷ് യാദവ്, എല്‍.ജെ.പി. അംഗം സബീര്‍ അലി, ജെ.ഡി.യു.വില്‍നിന്ന് പുറത്താക്കപ്പെട്ട ഇജാസ് അലി എന്നിവരെയാണ് ബജറ്റ് സമ്മേളനം കഴിയുംവരെ സസ്‌പെന്‍ഡ് ചെയ്തത്.
12 മണിക്ക് സഭ ചേര്‍ന്നപ്പോള്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി പൃഥ്വിരാജ് ചവാന്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടൊടെ സഭ പാസ്സാക്കി. തുടര്‍ന്ന് സഭ രണ്ടു മണി വരെ പിരിയുന്നതായി സഭാധ്യക്ഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഈ അംഗങ്ങള്‍ സഭയില്‍നിന്ന് പുറത്തുപോകാതെ സഭാതലത്തില്‍ത്തന്നെ കുത്തിയിരുന്നു. രണ്ടിനു സഭ ചേര്‍ന്നപ്പോള്‍ വീണ്ടും മൂന്നു മണിവരെ സഭ പിരിയുന്നതായി അധ്യക്ഷത വഹിച്ച പ്രൊഫ. പി.ജെ. കുര്യന്‍ പ്രഖ്യാപിച്ചു. അപ്പോഴും കല്പിച്ചുറപ്പിച്ചപോലെ ഈ അംഗങ്ങള്‍ സഭാതലത്തില്‍തന്നെ ഇരുന്നു. മൂന്നു മണിക്ക് സഭ ചേര്‍ന്നപ്പോള്‍ സഭാധ്യക്ഷന്‍ ഉപരാഷ്ട്രപതിയാണ് അധ്യക്ഷത വഹിച്ചത്. നടപടിക്രമം ആരംഭിച്ചപ്പോള്‍തന്നെ അധ്യക്ഷപീഠത്തിനും സഭാതലത്തിനും ചുറ്റും ഉദ്യോഗസ്ഥന്മാര്‍ നിരന്നു. ഈ സമയം പ്രധാനമന്ത്രി സഭയിലെത്തി. ഇതിനിടെ സഭാതലത്തില്‍ ഇരിപ്പുറപ്പിച്ചിരുന്ന സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളി തുടങ്ങി. വനിതാസംവരണ ബില്‍ പിന്‍വലിക്കുക, കോണ്‍ഗ്രസ്-ബി.ജെ.പി. കൂട്ടുകെട്ട് അവസാനിപ്പിക്കുക, സര്‍ക്കാറിന്റെ ഏകാധിപത്യം നടക്കില്ല, മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്. എസ്.പി. അംഗം കമാല്‍ അക്തറാണ് ഇതിനു നേതൃത്വം നല്കിയത്.
വനിതാ ബില്‍ പരിഗണിക്കുന്നതിനുള്ള നടപടി തുടങ്ങിയതോടെ ഇവരുടെ ഭാവം മാറി. തിങ്കളാഴ്ച ചെയ്ത രീതിയില്‍ത്തന്നെ കയ്യാങ്കളിക്കൊരുങ്ങി ഭീഷണിയുടെ ഭാവത്തില്‍ അധ്യക്ഷപീഠത്തിനു നേരെ ഇവര്‍ അടുത്തെങ്കിലും ശക്തമായ നിര തീര്‍ത്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഒരിഞ്ചു മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചില്ല. ഇതിനിടെ ചിലര്‍ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തുള്ള പുസ്തകങ്ങള്‍ തട്ടിയിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബലമായിത്തന്നെ ഇവരെ സഭയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം തുടങ്ങി. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാലുപാടുനിന്നും പൊതിഞ്ഞ് തള്ളിപ്പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ സഭാതലത്തില്‍ കിടന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ഓരോരുത്തരെയും ഉദ്യോഗസ്ഥര്‍ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്ക് കീഴടങ്ങേണ്ടിവന്നു.
അതിനിടെ കൂട്ടത്തിലെ പ്രമുഖനായ എസ്.പി. അംഗം കമാല്‍ അക്തര്‍ ഉദ്യോഗസ്ഥരുടെ പിടിയില്‍ നിന്ന് കുതറി മുന്നോട്ടുചാടി. പക്ഷേ, അവര്‍ അക്തറെ വളഞ്ഞുപിടിച്ച് ശക്തമായ ബലപ്രയോഗത്തിലൂടെ പ്രതിപക്ഷ നിരയിലെ മുന്‍ബഞ്ചില്‍ പിടിച്ചിരുത്തി. കുതറിമാറിയ അക്തര്‍ ഇരിപ്പിടത്തില്‍ ചാടിക്കയറി ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. പക്ഷേ, അനങ്ങാന്‍ പറ്റാത്തവിധം അദ്ദേഹത്തിന് ചുറ്റും അവര്‍ നിന്നു.
തുടര്‍ന്നാണ് കമാല്‍ അക്തര്‍ നാടകീയരംഗം സൃഷ്ടിച്ചത്. കുടിക്കാന്‍ വെള്ളം ചോദിച്ച അക്തറിന് സഭയിലെ അറ്റന്‍ഡന്‍ഡ് ഗ്ലാസില്‍ വെള്ളം കൊണ്ടുക്കൊടുത്തു. വെള്ളം കുടിച്ചശേഷം എല്ലാവരെയും സ്തബ്ധരാക്കി ഗ്ലാസ് ഇരിപ്പിടത്തില്‍ അടിച്ചുപൊട്ടിച്ചു. ഗ്ലാസ് ചില്ല് സ്വന്തം ശരീരത്തില്‍ കുത്തിയിറക്കാനായിരുന്നു അക്തറിന്റെ ശ്രമമെന്ന് സംശയിക്കുന്നുണ്ട്. പക്ഷേ, അത് ചെയ്യാന്‍ കഴിയും മുന്‍പ് ഉദ്യോഗസ്ഥര്‍ അക്തറിന്റെ കൈകള്‍ ബലമായി പിടിച്ച് അദ്ദേഹത്തെ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളെ ബലപ്രയോഗത്തില്‍ പുറത്താക്കിയതോടെ സഭ ഏറെക്കുറെ ശാന്തമായി. ബില്ലിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചതോടെ ബി.ജെ.പി. അംഗങ്ങളും ശാന്തരായി.രാജ്‌നീതി പ്രസാദിന്റെ നേതൃത്വത്തില്‍ സഭയില്‍ അവശേഷിച്ച ആര്‍.ജെ.ഡി., എസ്.പി. അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ ദുര്‍ബലമായ പ്രതിഷേധം തുടര്‍ന്നെങ്കിലും അത് സഭാ നടപടിയെ ബാധിച്ചില്ല. പിന്നീട് ഇവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.