പി.ആര്‍.വി. വാര്യര്‍ അന്തരിച്ചു

Posted on: 10 Mar 2010



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി.ആര്‍.വി.വാര്യര്‍ എന്ന വെള്ളയമ്പലം ആല്‍ത്തറ നഗര്‍ ഇലങ്കം ഗാര്‍ഡന്‍സ് അശ്വതി വീട്ടില്‍ വിജയകുമാര്‍ വാര്യര്‍ (56) അന്തരിച്ചു. മന്ത്രി പി.കെ.ഗുരുദാസന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കരള്‍ സംബന്ധമായ രോഗത്താല്‍ രണ്ടുമാസത്തോളമായി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. കോട്ടയം കിടങ്ങൂര്‍ ചെമ്പിലാവ്കര പൊന്‍കുന്നത്ത് വാര്യത്ത് പരേതനായ രാമവാര്യരുടെയും മാധവിക്കുട്ടിയമ്മ വാരസ്യാരുടെയും മകനാണ്. ഭാര്യ: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരി ഷീലകുമാരി. മക്കള്‍: അര്‍ച്ചന (ബാംഗ്ലൂര്‍), അഞ്ജന (സി.എ. വിദ്യാര്‍ഥിനി). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് തൈയ്ക്കാട് ശാന്തികവാടത്തില്‍.

സി.പി.എം കിടങ്ങൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പി.ആര്‍.വി.വാര്യര്‍ 1980 മുതലാണ് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാകുന്നത്. തുടര്‍ന്ന് നായനാര്‍ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ്, പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചപ്പോഴും വാര്യര്‍ നായനാര്‍ക്കൊപ്പമുണ്ടായി. ഇരുപത്തിനാല് വര്‍ഷക്കാലം നായനാരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു വാര്യര്‍. നായനാര്‍ക്കൊപ്പമുള്ള ജീവിതാനുഭവങ്ങളെക്കുറിച്ച് 'കാണാപ്പുറങ്ങളിലെ നായനാര്‍' എന്ന പുസ്തകവും വാര്യര്‍ എഴുതി. വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോഴും വാര്യര്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഇപ്പോഴത്തെ ഇടതുമന്ത്രിസഭ അധികാരമേറ്റനാള്‍ മുതല്‍ പി.കെ.ഗുരുദാസന്റെ അഡീഷണല്‍ പി.എസ്. ആയി പ്രവര്‍ത്തിക്കുകയായിരുന്നു. എ.കെ.ജി. സെന്റര്‍ ബ്രാഞ്ചിലെ സി.പി.എം. അംഗമാണ്.

അന്ത്യോപചാരമര്‍പ്പിക്കാന്‍ മന്ത്രിമാരായ പി.കെ.ഗുരുദാസന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ്.ശര്‍മ്മ, പാലോളി മുഹമ്മദ്കുട്ടി, ബിനോയ് വിശ്വം, പി.ജെ.ജോസഫ്, എം.വിജയകുമാര്‍, സ്​പീക്കര്‍ കെ.രാധാകൃഷ്ണന്‍ തുടങ്ങി നിരവധിപേര്‍ എത്തിയിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/