സി.പി.എം ഉപരോധം: റോഡ് കൈയേറിയവര്‍ക്കെതിരെ കേസ്
Posted on: 10 Mar 2010
തിരുവനന്തപുരം: ഗതാഗതതടസ്സം സൃഷ്ടിച്ച് റോഡ് കൈയേറി ഉപരോധസമരം നടത്തിയ സി.പി.എം. നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വിലക്കയറ്റത്തിനെതിരെ ജി.പി.ഒ.യ്ക്ക് മുന്നില്‍ നടത്തിയ ഉപരോധസമരത്തിന്റെ ഭാഗമായി കല്ലമ്മന്‍ക്ഷേത്രം മുതല്‍ പുളിമൂട് ജങ്ഷന്‍ വരെയുള്ള റോഡാണ് സി.പി.എം പ്രവര്‍ത്തകര്‍ പന്തല്‍കെട്ടി കൈയേറിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വി. ശിവന്‍കുട്ടി എം.എല്‍.എ, മേയര്‍ സി. ജയന്‍ബാബു, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പാളയം, പേരൂര്‍ക്കട, വിളപ്പില്‍ എന്നീ സി.പി.എം. ഏര്യാകമ്മിറ്റിയിലെ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഏതാനും മാസം മുമ്പ് രാജ്ഭവന് മുന്നില്‍ നടത്തിയ മാര്‍ച്ച് ഗതാഗതതടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ മ്യൂസിയം പോലീസ് സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു.