ജനതാദള്‍ ഓഫീസിന് തീവെച്ച സംഭവം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Posted on: 10 Mar 2010




ചിറ്റൂര്‍: ജനതാദള്‍(എസ്) ചിറ്റൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ചൊവ്വാഴ്ച പുലര്‍ച്ചെ തീവെച്ചുനശിപ്പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന സി.പി.എം.പ്രവര്‍ത്തകര്‍ക്കെതിരെ ചിറ്റൂര്‍പോലീസ് കേസെടുത്തു. എസ്.പി. വിജയ്‌സാഖറെ, ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ചൊവ്വാഴ്ചരാവിലെ ജനതാദള്‍ ഓഫീസിലെത്തി പരിശോധന നടത്തി.

ജനതാദള്‍ നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി ഓഫീസിലുണ്ടായ നാശനഷ്ടങ്ങള്‍ എസ്.പി.യോട് വിശദീകരിച്ചു. ഓഫീസ് കസേരകള്‍, വൈദ്യുതി കേബിളുകള്‍, അലമാര, പ്രിന്റിങ് കാര്‍ഡുകള്‍, ടി.വി., ഫാന്‍ തുടങ്ങിയവ കത്തിനശിച്ചതായി ജനതാദള്‍ (എസ്.) ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ജനതാദള്‍ നേതാക്കള്‍ പറഞ്ഞു. ഓഫീസ് സെക്രട്ടറി എന്‍.വി. നടരാജന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

മാഞ്ചിറ കമ്പിളി, ചിറ്റൂര്‍ മന്തക്കാട് എന്നിവിടങ്ങളില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന കള്ളുഷാപ്പിലെ ഉപകരണങ്ങള്‍ തീയിട്ടുനശിപ്പിച്ച സംഭവങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/