ന്യൂഡല്‍ഹി: പതിന്നാലു വര്‍ഷം നീണ്ട നാടകീയ പോരാട്ടങ്ങള്‍, വാക്കേറ്റങ്ങള്‍, കയ്യാങ്കളികള്‍, പ്രതിഷേധങ്ങള്‍, സമരങ്ങള്‍. ഒടുവില്‍ ചൊവ്വാഴ്ച ആ ചരിത്രം സംഭവിച്ചു. വനിതാസംവരണ ബില്‍ നിയമപരമായ ആദ്യ കടമ്പ കടന്നു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ രാജ്യസഭ പാസ്സാക്കി; അതും വന്‍ ഭൂരിപക്ഷത്തോടെ.
1996-ല്‍ തുടങ്ങിയതാണ് വനിതാസംവരണ ബില്ലിനായുള്ള പോരാട്ടം. അന്നുമുതല്‍ പല സര്‍ക്കാരുകള്‍ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
'96 സപ്തംബര്‍ 12-നു ദേവഗൗഡ സര്‍ക്കാരിന്‍േറതായിരുന്നു തുടക്കം. രാജ്യസഭയില്‍ ബില്ലിനു പച്ചക്കൊടി നേടാന്‍ ഗൗഡ സര്‍ക്കാരിനായി. പക്ഷേ, ബില്‍ പാസായില്ല. പിന്നെ ബില്‍ കീറിപ്പറത്തലും ഉന്തും തള്ളും വാക്കേറ്റവും ഓരോ അവതരണവേളയിലും പതിവായി.
യു.പി.എ. സര്‍ക്കാരിന്റെ ആദ്യ ഭരണകാലത്ത് ബില്ലവതരിപ്പിച്ച നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജിന്റെ കയ്യില്‍നിന്ന് അത് റാഞ്ചാനെത്തിയ സമാജ് വാദി അംഗത്തെ അന്നു കേന്ദ്രമന്ത്രിയായിരുന്ന രേണുകാ ചൗധരി തള്ളിമാറ്റിയതും സഭ കണ്ടു. രണ്ടു വനിതാമന്ത്രിമാര്‍ക്ക് നടുവില്‍ വനിതാ എം.പി.മാരുടെ കാവലിലായിരുന്നു അന്ന് ഭരദ്വാജിന്റെ ഇരിപ്പ്; പ്രതിപക്ഷ ആക്രമണത്തെ നേരിടാന്‍.
ഇത്തവണ ബില്‍ പാസ്സായതിന്റെ തലേന്ന് അത് സഭയില്‍ വെക്കാതിരിക്കാന്‍ ചില പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. എല്ലാം വനിതാ സംവരണത്തിന്റെ പേരില്‍.
സപ്തംബര്‍ 12-ലെ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം കിട്ടാതെവന്നപ്പോള്‍ ഗൗഡ സര്‍ക്കാര്‍ ബില്‍ പഠിക്കാന്‍ ഒരു സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയമിച്ചു. ഗീത മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി 1996 ഡിസംബര്‍ ഒമ്പതിനു റിപ്പോര്‍ട്ട് നല്കി.
പിന്നെ, വാജ്‌പേയിയുടെ എന്‍.ഡി.എ. സര്‍ക്കാരിന്റെ ഊഴമായിരുന്നു. ബില്‍ വീണ്ടും സഭയില്‍ വന്നു. 1998 ജൂലായ് 13-നു നിയമമന്ത്രി എം. തമ്പിദുരൈ ബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റപ്പോള്‍ ആര്‍.ജെ.ഡി. എം.പി. സുരേന്ദ്ര പ്രസാദ് യാദവ് സഭയുടെ നടുത്തളത്തിലിറങ്ങി, സ്പീക്കര്‍ ജി.എം.സി. ബാലയോഗിയില്‍നിന്ന് ബില്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. എന്‍.ഡി.എ. സര്‍ക്കാര്‍ പിന്‍വാങ്ങിയില്ല. '99-ല്‍ പതിമ്മൂന്നാം ലോക്‌സഭയില്‍ വീണ്ടും കൊണ്ടുവന്നു. ഒന്നും നടന്നില്ല. 2002-ല്‍ വന്‍ ഒച്ചപ്പാടുകള്‍ക്കിടയില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ വീണ്ടും ബില്‍ കൊണ്ടുവരാന്‍ തയ്യാറായി. പിന്തുണയ്ക്കാമെന്ന് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും ഉറപ്പുനല്‍കി. 2003-ല്‍ രണ്ടുവട്ടം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്‍ നീട്ടിവെക്കുകയാണെന്ന് ആ വര്‍ഷം മെയില്‍ ഒരു സര്‍വകക്ഷിയോഗത്തില്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അറിയിച്ചു. ബില്‍ അന്നത്തെ രൂപത്തില്‍ പാസ്സാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നാക്രോശിച്ച്, ചോദ്യോത്തരവേളയില്‍ എം.പി.മാര്‍ നടുത്തളത്തിലിറങ്ങി.
2004-ല്‍ ലോക്‌സഭാതിരഞ്ഞെടുപ്പിന് മുമ്പ് ബില്‍ പാസ്സാക്കാനാവാതിരുന്ന വാജ്‌പേയി, കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തി. 2004-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയാല്‍ വനിതകള്‍ക്കു മൂന്നിലൊന്നു സംവരണം കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ, അധികാരത്തിലേറിയത് യു.പി.എ. സര്‍ക്കാര്‍. വനിതാസംവരണ ബില്‍ പാസ്സാക്കല്‍ അവര്‍ പൊതുമിനിമം പരിപാടിയുടെ ഭാഗമാക്കി. 2005-ല്‍ ബി.ജെ.പി. ബില്ലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഉമാഭാരതിയും മറ്റു ചില നേതാക്കളും ജാതിയടിസ്ഥാനമാക്കി സംവരണത്തിനുള്ളില്‍ സംവരണമാവശ്യപ്പെട്ട് ബി.ജെ.പി.യില്‍ വിമതസ്വരമുയര്‍ത്തി.
2008 മെയ് ആറിന് ബില്‍ വീണ്ടും രാജ്യസഭയിലെത്തി. ഒട്ടേറെ നാടകീയരംഗങ്ങള്‍ അരങ്ങേറിയ മറ്റൊരു സഭാസമ്മേളനം. അത്തവണയാണ് രേണുകാചൗധരിയും വനിതാ എം.പി.മാരും നിയമ മന്ത്രിയുടെ സംരക്ഷകരായെത്തിയത്. ഉച്ചതിരിഞ്ഞ് സഭ ചേര്‍ന്നപ്പോള്‍ ബില്ലവതരണം തടയാന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഒപ്പം ജെ.ഡി. (യു.) അംഗങ്ങളും. തടസ്സങ്ങളൊന്നും സര്‍ക്കാറിനെ കുഴക്കിയില്ല. നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് ബില്‍ അവതരിപ്പിച്ചു. ബില്ലിന്റെ കോപ്പി ഭരദ്വാജില്‍നിന്ന് തട്ടിപ്പറിക്കാന്‍ എസ്.പി. അംഗം അബു അസ്മിയും പാര്‍ട്ടിയംഗങ്ങളും ശ്രമിച്ചു. അന്നത്തെ വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി രേണുകാചൗധരി അസ്മിയെ തള്ളിമാറ്റി. ആക്രമണസാധ്യത മുന്‍കൂട്ടിക്കണ്ട് കുമാരി ഷെല്‍ജയുടെയും അംബികാ സോണിയുടെയും മധ്യേയായിരുന്നു ഭരദ്വാജിന്റെ ഇരിപ്പ്. കൂടാതെ കോണ്‍ഗ്രസ്സിന്റെ വനിതാ അംഗങ്ങളായ ജയന്തി നടരാജന്റെയും അല്‍ക്ക ബല്‍റാം ക്ഷത്രിയയുടെയും കാവലും അദ്ദേഹത്തിനുണ്ടായിരുന്നു.
പിന്നീട് 2009 ഡിസംബറില്‍ നിയമകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ അവതരണത്തിന് യു.പി.എ. സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. 2010 ഫിബ്രവരി 25-ന് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി കിട്ടി. സഭയില്‍ വീണ്ടും നാണക്കേടിന്റെ രംഗങ്ങള്‍ സൃഷ്ടിച്ച് ബില്‍ തടയാനുള്ള ശ്രമങ്ങള്‍ അവസാനനിമിഷംവരെ ഉണ്ടായെങ്കിലും യു.പി.എ. സര്‍ക്കാര്‍ പിന്നോട്ടുപോയില്ല. ബി.ജെ.പി.യുടെയും ഇടതുപാര്‍ട്ടികളുടെയും ഉറച്ച പിന്തുണയോടെ ചരിത്രം സംഭവിച്ചു. വനിതാ സംവരണ ബില്‍ ചൊവ്വാഴ്ച ആദ്യ കടമ്പ കടന്നു.