ജനതാദള്‍ (യു.) പിളര്‍പ്പിന്റെ വക്കില്‍

Posted on: 10 Mar 2010



ന്യൂഡല്‍ഹി: വനിതാബില്ലിനെ പിന്തുണയ്ക്കുന്നതുസംബന്ധിച്ച് ജനതാദള്‍ (യു.) നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ബില്ലിനെ അനുകൂലിക്കുന്നതിനെക്കുറിച്ച് ജെ.ഡി.(യു.) ദേശീയ അധ്യക്ഷന്‍ ശരത് യാദവിനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനുമുള്ള വിരുദ്ധാഭിപ്രായങ്ങളാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. നേതാക്കളുടെ ഭിന്നിപ്പ് പരസ്യമായതോടെ രാജ്യസഭയിലെയും ലോക്‌സഭയിലെയും ജെ.ഡി.യു. എം.പി.മാര്‍ പരസ്യമായി ചേരിതിരിഞ്ഞു.

വനിതാബില്ലിനെ ആദ്യംമുതല്‍ എതിര്‍ക്കുന്ന ശരത്‌യാദവ് വനിതാസംവരണത്തിനുള്ളില്‍ ദളിത്, പിന്നാക്ക, മുസ്‌ലിം സംവരണം വേണമെന്ന പക്ഷക്കാരനാണ്. എന്നാല്‍ ബില്ലിനെ നിരുപാധികം പിന്തുണച്ച് നിതീഷ്‌കുമാര്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ നാടകീയ മാറ്റങ്ങളുണ്ടായി. ബില്ലിനെ പിന്തുണയ്ക്കുന്നതുകൊണ്ടുള്ള എന്തു പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണെന്നാണ് നിതീഷിന്റെ നിലപാട്. പാര്‍ട്ടി എം.പി.മാരുമായി നല്ല അടുപ്പമുള്ള നിതീഷ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഒപ്പം ദളിത്, പിന്നാക്ക, മുസ്‌ലിം സംവരണത്തിനായി സമ്മര്‍ദം ചെലുത്തണമെന്നും അവരോട് ആവശ്യപ്പെട്ടു.

ലോക്‌സഭയിലെ 20 ജെ.ഡി.(യു.) അംഗങ്ങളില്‍ 16 പേര്‍ യാദവിനെ അനുകൂലിക്കുന്നവരാണ്; ബാക്കിയുള്ളവരും രാജ്യസഭയിലെ ആറു എം.പി.മാരും നിതീഷിനൊപ്പവും. യാദവ് പക്ഷത്തെ ചിലര്‍ നിതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ നിതീഷുമായി സംസാരിക്കുമെന്ന് യാദവ് അറിയിച്ചു. ബില്‍ വോട്ടിനിടുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്കുമെന്ന് ലോക്‌സഭയിലെ ചീഫ് വിപ്പും യാദവ് അനുകൂലിയുമായ മംഘനി ലാല്‍ മണ്ഡല്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 17 എം.പി.മാര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/