ഇത് സോണിയയുടെ രണ്ടാം രാഷ്ട്രീയസാഹസം

Posted on: 10 Mar 2010





ന്യൂഡല്‍ഹി: യാദവ നേതാക്കളുടെയും മമതാ ബാനര്‍ജിയുടെയും ഭീഷണി അവഗണിച്ച് വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എടുത്ത തീരുമാനം വലിയ രാഷ്ട്രീയ സാഹസമായി വ്യാഖ്യാനിക്കപ്പെടുന്നു. അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പുവെക്കാനുള്ള തീരുമാനത്തോടാണ് ഇതിനെ നിരീക്ഷകര്‍ താരതമ്യപ്പെടുത്തുന്നത്.

ആണവക്കരാര്‍ ഒപ്പുവെക്കാനുള്ള തീരുമാനം കഴിഞ്ഞ യു.പി.എ സര്‍ക്കാറിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ നഷ്ടപ്പെടുത്തി. അവിശ്വാസപ്രമേയം അതിജീവിക്കാന്‍ രാഷ്ട്രീയവും അല്ലാത്തതുമായ ചില തന്ത്രങ്ങള്‍ വേണ്ടിവന്നു. ഭാവിയില്‍ ധനബില്ലടക്കമുള്ള ചില ബില്ലുകള്‍, വനിതാ ബില്‍ പോലും പാസ്സാക്കിയെടുക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അല്പം പ്രയാസപ്പെടും. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിനേക്കാള്‍ മെച്ചമാണ് സ്ഥിതിയെങ്കിലും യു.പി.എക്ക് സ്വന്തമായി ഭൂരിപക്ഷമില്ല. പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ച നാലംഗ രാഷ്ട്രീയ ജനതാദളിനെ ഒഴിവാക്കിയാല്‍ യു.പി.എ.ക്ക് 259 പേരുടെ പിന്തുണയേയുള്ളൂ. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ബോഡോ ലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ ഏതാനും ചെറുകക്ഷികളുടെ പിന്തുണകൂടിയായാല്‍ അംഗസംഖ്യ 263 ആകും. കേവലഭൂരിപക്ഷത്തിന് 272 പേരുടെ പിന്തുണ വേണം. അജിത്‌സിങ്ങിന്റെ ആര്‍.എല്‍.ഡി (അഞ്ച്), ദേവഗൗഡയുടെ ജെ.ഡി. (എസ്) (3), മധുകോഡ (1), ജയപ്രദ (1) എന്നിവരെക്കൂടി കൂടെ നിര്‍ത്താനായാല്‍ കേവല ഭൂരിപക്ഷവും നേടിയേക്കാം. പക്ഷേ വളരെ സുരക്ഷിതമായി നിന്ന ഒരു സാഹചര്യത്തില്‍ നിന്നാണ് യു.പി.എ. വാള്‍മുനയിലേക്കു മാറുന്നത്. അതാകട്ടെ വനിതാബില്ലിന്റെ പേരിലും .

ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയ രീതിയോട് മമത പ്രകടിപ്പിച്ച എതിര്‍പ്പ് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചു. അവര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് കരുതിയില്ല. യു.പി.എ. സര്‍ക്കാറില്‍ പങ്കാളിയായിരുന്ന് സര്‍ക്കാറിന്റെ ബില്ലിനെ എതിര്‍ത്തത് ചെറിയ കാര്യമല്ല. മമത ഏതറ്റം വരെയും പോയേക്കുമെന്ന സൂചനയാണിത്. 19 അംഗങ്ങളോടെ യു.പി.എ.യില്‍ രണ്ടാമത്തെ പാര്‍ട്ടിയാണ് തൃണമൂല്‍. എതിര്‍ക്കുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കരുത് എന്ന് മമത അഭ്യര്‍ഥിച്ചിരുന്നത്രെ. എന്നാല്‍ ബില്‍ പാസ്സാക്കുന്നതിന് തടസ്സംനിന്ന ഏഴു രാജ്യസഭാംഗങ്ങളെ ബലം പ്രയോഗിച്ച് സഭയ്ക്കു പുറത്താക്കിയത് മമതയ്ക്ക് രസിച്ചില്ല. ബില്ലിനകത്ത് ന്യൂനപക്ഷ (മുസ്‌ലിം) സംവരണം വേണമെന്നതാണ് മമതയുടെ ആവശ്യം.

ഇതുതന്നെയാണ് ലാലുപ്രസാദ് യാദവിന്റെയും മുലായം സിങ് യാദവിന്റെയും ശരത് യാദവിന്റെയും ആവശ്യം.
ബില്‍ പാസ്സാക്കിയ രീതിയോട് അനിഷ്ടം പ്രകടിപ്പിച്ച മമത ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മുലായത്തിനെയും ലാലുവിനെയും കണ്ടത് യു.പി.എ.യെ ഒന്നുകൂടി പ്രയാസപ്പെടുത്തുന്നു. അത്തരത്തിലുള്ള ഒരു സഖ്യം രൂപപ്പെടുന്നത് യു.പി.എ.യുടെ ശക്തി കുറയ്ക്കും.
2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തളര്‍ന്നുപോയ ലാലുവും മുലായവും പുതിയ സംഭവവികാസത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്. പിന്നാക്ക, മുസ്‌ലിം വിഭാഗങ്ങള്‍ക്കു സംവരണം വേണമെന്ന ആവശ്യത്തോടെ വീണ്ടും ജാതിരാഷ്ട്രീയത്തില്‍ പിടിച്ചുകയറാമെന്ന ആവേശം അവര്‍ക്കുണ്ടായിരിക്കുന്നു.

ഈ വര്‍ഷാവസാനം നിയമസഭാതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബിഹാറില്‍ ഭരണകക്ഷിയായ ജെ.ഡി.(യു.)വില്‍ പിളര്‍പ്പുണ്ടാക്കാന്‍ ലാലു ഈ ബില്ലിനെ ഉപയോഗിച്ചേക്കും.ജാതി-മത വികാരത്തിനെതിരെ വികസന രാഷ്ട്രീയവികാരമുണര്‍ത്തി രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ബിഹാറിലും യു.പി.യിലും ഫലം കണ്ടുതുടങ്ങിയതാണ്. വനിതാബില്ലിന്റെ മറവില്‍ പിന്നാക്ക-മുസ്‌ലിം വികാരം തിരിച്ചുകൊണ്ടുവരാനുള്ള ലാലുവിന്റെയും മുലായത്തിന്റെയും ശ്രമങ്ങള്‍ ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പുനരുത്ഥാനത്തിന് ഭീഷണിയാകുമോ എന്നു കണ്ടറിയണം.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/