കൊല്ലൂര്‍ രഥം വലിക്കിടെ തിരക്കില്‍പ്പെട്ട് വടകരക്കാരന്‍ മരിച്ചു

Posted on: 10 Mar 2010



കണ്ണൂരുകാരന് പരിക്ക്


കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മഹാരഥോത്സവത്തിനിടയില്‍ തിരക്കിനിടെ രഥചക്രം കയറി മലയാളി മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.

വടകര നാദാപുരം മണക്കാട് തെരുവിലെ എം.വി.ബാബു (45) ആണ് മരിച്ചത്. കണ്ണൂര്‍ ചൊവ്വയിലെ പോത്തോടി വീട്ടില്‍ ഹരിദാസനാണ് (48) പരിക്ക്. കാല്‍പാദത്തില്‍ പരിക്കേറ്റ ഹരിദാസന്‍ കുന്ദാപുര സ്വകാര്യ ആസ്​പത്രിയിലാണ്.

മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ലൈബ്രറി ജീവനക്കാരനാണ് ബാബു. ചൊവ്വാഴ്ച വൈകിട്ട് 5.45ന് മഹാരഥോത്സവം തുടങ്ങിയ ഉടനെയാണ് അപകടം. ഭക്തജനങ്ങള്‍ പരസ്​പരം മത്സരിച്ച രഥം വലിക്കലില്‍ പങ്കെടുക്കുന്നതിനിടയില്‍ ക്ഷേത്ര കവാടത്തിനടുത്തായിരുന്നു അപകടം.

രഥോത്സവം തുടങ്ങിയ ഉടന്‍ രഥത്തില്‍ നിന്നും വാരിവിതറിയ നാണയം കൈക്കലാക്കാന്‍ വടം വിട്ട് കുനിയുന്നിതിനിടയില്‍ ബാബു ചക്രത്തിനിടയില്‍ പെടുകയായിരുന്നു. തുടയെല്ലുകള്‍ പാടേ തകര്‍ന്ന ബാബുവിനെ കൊല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

വടകര അടക്കാതെരുവിലെ റിട്ട. ആയുര്‍വേദ ഡോക്ടര്‍ പത്മനാഭനും പത്‌നി സുജാതയ്ക്കുമൊപ്പം തിങ്കളാഴ്ചയാണ് ബാബു കൊല്ലൂരിലേക്ക് പുറപ്പെട്ടത്. കുടുംബസുഹൃത്തായ പത്മനാഭന്‍ കൊല്ലൂര്‍ വരെ തനിയെ കാറോടിക്കുന്നത് ഒഴിവാക്കാന്‍ കൂടിയായിരുന്നു ബാബുവിന്റെ ഒപ്പം പോയത്. തിരക്കായത്‌കൊണ്ട് രഥംവലിക്കല്‍ ചടങ്ങില്‍ നിന്ന് മാറിനിന്ന പത്മനാഭനും ഭാര്യയും പിന്നീടാണ് ബാബുവിന്റെ അപകടത്തെ ക്കുറിച്ച് അറിഞ്ഞത്. ബാബുവിന്റെ മൃതദേഹം കൊല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബാബു പരേതനായ കേളപ്പന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: വിനീത (ഊരാളുങ്കല്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഭിനന്ദ്, കാര്‍ത്തിക്. സഹോദരങ്ങള്‍: സുധ, റീന.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/