ലാലുവിനോട് സോണിയ: ഏഴു പെണ്മക്കളുള്ള താങ്കള്‍ വനിതാ ബില്ലിനെ പിന്തുണയ്ക്കണ്ടേ?
Posted on: 10 Mar 2010
ന്യൂഡല്‍ഹി: ''ഏഴു പെണ്മക്കളുള്ള താങ്കള്‍ അവര്‍ക്കുവേണ്ടിയെങ്കിലും വനിതാ സംവരണ ബില്ലിനെ പിന്തുണയേ്ക്കണ്ടതല്ലേ.'' -രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനോടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഈ ചോദ്യം. വനിതാ സംവരണബില്‍ അവതരിപ്പിക്കാന്‍പോലും അനുവദിക്കില്ലെന്ന് ശപഥം ചെയ്ത് പോര്‍വിളി നടത്തുന്ന ലാലുവിന്റെ മനസ്സിളക്കാന്‍ അവസാന ആയുധമായാണ് സോണിയ ഈ ചോദ്യം തൊടുത്തത്. പക്ഷേ, ലാലുവിന്റെ മറുപടി ചെറുചിരിയിലൊതുങ്ങി.
ലാലുവും സമാജ്വാദി അധ്യക്ഷന്‍ മുലായംസിങ് യാദവുമായി സോണിയ നടത്തിയ അനൗപചാരിക ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് സോണിയ ഇക്കാര്യം വെളിപ്പെടുത്തിയത്.
''അദ്ദേഹത്തിന് ഏഴ് പെണ്മക്കളുണ്ട്. സ്വന്തം കുടുംബത്തില്‍ത്തന്നെ ബില്ലിനെ അനുകൂലിക്കുന്ന ഏഴു പേരുണ്ടെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു''-സോണിയ വിശദീകരിച്ചു. ലാലുവും മുലായവുമായി സോണിയ നടത്തിയ ചര്‍ച്ച 20 മിനിറ്റ് നീണ്ടുനിന്നു.