വിസ നിയമത്തിലെ മാറ്റം കേന്ദ്രം പരിശോധിക്കുന്നു
Posted on: 10 Mar 2010
ന്യൂഡല്‍ഹി: ചൈനയും പാകിസ്താനുള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതരും വിദഗ്ധരും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി നിര്‍ബന്ധമാക്കിയ വിസാ നിയമം ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യുന്നത് കേന്ദ്രം പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. പല തലത്തില്‍നിന്നും നിവേദനങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ചൈന, ഇറാന്‍, പാകിസ്താന്‍, ശ്രീലങ്ക, ഇറാഖ്, സുഡാന്‍, പാക്‌വംശജരായ വിദേശികള്‍, രാജ്യമില്ലാത്തവര്‍ എന്നിവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ജൂലായിലാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ജമ്മുകശ്മീര്‍, ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങള്‍, നക്‌സല്‍, ഭീകരത, തീവ്രവാദം തുടങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിനും മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ആവശ്യമാണെന്നതും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
മുന്‍ വിദേശകാര്യസെക്രട്ടറി കന്‍വാല്‍ സിബാലും സെമിനാറില്‍ പങ്കെടുത്തു.