രാത്രിയാത്രാനിരോധനം: പ്രതികരണങ്ങള്‍
Posted on: 10 Mar 2010
സുപ്രീംകോടതിയെ സമീപിക്കും- എം.ഐ.ഷാനവാസ് എം.പി.
ബാംഗ്ലൂര്‍: രാത്രിയാത്രാനിരോധനം നിലനിര്‍ത്തിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കോഴിക്കോട് പാര്‍ലമെന്റംഗം എം.കെ. രാഘവനുമായിച്ചേര്‍ന്ന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വയനാട് എം.പി. എം.ഐ. ഷാനവാസ് പറഞ്ഞു.
ജനങ്ങളുടെ ദുരിതം മനസ്സിലാക്കാതെയുള്ള കോടതി വിധി നിര്‍ഭാഗ്യകരമാണ്. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കണമെന്ന് അദ്ദേഹം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
മലയാളികള്‍ക്കു ദുരിതം- എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.
ബാംഗ്ലൂര്‍: രാത്രിയാത്രാനിരോധനം നിലനിര്‍ത്തിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് മലയാളികള്‍ക്ക് പ്രത്യേകിച്ച്, മലബാറുകാര്‍ക്ക് ദുരിതമായിരിക്കുകയാണെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുതന്നെ ജനങ്ങള്‍ക്കു യാത്രാസൗകര്യം അനുവദിക്കേണ്ടതായിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ നിയമവശങ്ങള്‍ പഠിച്ചശേഷം യാത്ര സുഗമമാക്കാനുള്ള തുടര്‍നടപടികള്‍ കേരള സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണം- കൃഷ്ണപ്രസാദ് എം.എല്‍.എ.
ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വഴിയുള്ള രാത്രികാല യാത്രാനിരോധനം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ബത്തേരി എം.എല്‍.എ. പി. കൃഷ്ണപ്രസാദ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കുന്നത് പരിഹാരം നീളാനേ വഴിയൊരുക്കൂ. കോടതി നിര്‍ദേശിച്ച ബദല്‍പാതയും കാട്ടുപാതയാണെന്നതാണ് വസ്തുത. കേരളത്തിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നതാണ് കോടതി വിധിയെന്നും കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു.
വിധി നിര്‍ഭാഗ്യകരം- പി.വി. ഗംഗാധരന്‍
ബാംഗ്ലൂര്‍: സുല്‍ത്താന്‍ബത്തേരി-മൈസൂര്‍ റോഡില്‍ രാത്രികാല യാത്രാനിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതിവിധി നിര്‍ഭാഗ്യകരമായെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ പറഞ്ഞു.
ഉത്തരകേരളത്തില്‍നിന്ന് മൈസൂരിനും ബാംഗ്ലൂരിനും മതിയായ റെയില്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരിക്കെ വിവരസാങ്കേതികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യാപാരി, വ്യവസായികള്‍ക്കും ഏകാശ്രയമായിരുന്നു ഈ പാത. ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ കോടതിവിധി ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുത്ത് സുഗമമായ ബദല്‍ റോഡ് സംവിധാനവും റെയില്‍യാത്രാസൗകര്യവും ഏര്‍പ്പെടുത്തണമെന്നും പി.വി. ഗംഗാധരന്‍ ആവശ്യപ്പെട്ടു.