ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി തമിഴ്‌നാട്ടില്‍ പ്രത്യേക വകുപ്പ്
Posted on: 10 Mar 2010
ചെന്നൈ:ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി തമിഴ്‌നാട്ടില്‍ പ്രത്യേക വകുപ്പിന് രൂപം നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എം. കരുണാനിധി പറഞ്ഞു. വിഴുപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സാമ്പത്തികസഹായം വിതരണം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വരുന്ന സംസ്ഥാന ബജറ്റില്‍ ഇതിന്റെ വിശദാംശങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ സാമൂഹികക്ഷേമവകുപ്പിന് കീഴിലാണ് ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്കായുള്ള പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഉള്ളത്. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഗീത ജീവന് കീഴില്‍ സാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിയാണ് ഇതിനത്രയും മേല്‍നോട്ടം വഹിക്കുന്നത്. ശാരീരികവൈകല്യം നേരിടുന്നവര്‍ക്കായി സെക്രട്ടേറിയറ്റില്‍ ഒരു പുതിയ വകുപ്പ് വരുമ്പോള്‍ അതിനുമാത്രമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്നറിയുന്നു. ഈ വകുപ്പിന്റെ ചുമതലയും സാമൂഹികക്ഷേമ വകുപ്പ് മന്ത്രി തന്നെ വഹിക്കുമോയെന്നത് വ്യക്തമല്ല. ചിലപ്പോള്‍ പുതിയൊരു മന്ത്രിയെ ഇതിനായി മുഖ്യമന്ത്രി കണ്ടെത്തിയേക്കുമെന്നും സൂചനയുണ്ട്.
തമിഴ്‌നാട്ടില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 18 ലക്ഷം പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. 196 പ്രത്യേക സ്‌കൂളുകളാണ് തമിഴ്‌നാട്ടില്‍ ഇവര്‍ക്കായുള്ളത്. ശാരീരികവെല്ലുവിളകള്‍ നേരിടുന്നവര്‍ക്കുള്ള സാമ്പത്തികസഹായം ഡി.എം.കെ.സര്‍ക്കാര്‍ 200 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചിരുന്നു. 13 കോടി രൂപയാണ് ഈ വര്‍ഷം ഇവര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
വിവിധ ജില്ലകളിലായി പത്ത് പുനരധിവാസ കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഇവര്‍ക്ക് മൂന്നു ശതമാനം സംവരണമാണുള്ളത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 2007-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക ക്ഷേമനിധി ബോര്‍ഡിന് രൂപം നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം നടുവേദനയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയതിനുശേഷം മുഖ്യമന്ത്രി കരുണാനിധിയുടെ സഞ്ചാരമന്ത്രയും വീല്‍ചെയറിലാണ്. സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിര്‍മിക്കുന്ന നിയമസഭാ സമുച്ചയമുള്‍പ്പെടെയുള്ള മന്ദിരങ്ങളിലെല്ലാം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സുഗമമായി വരുന്നതിനുള്ള സംവിധാനങ്ങളുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam