അംഗബലത്തെ പേശീബലം കീഴടക്കി; രാജ്യസഭയില്‍ 'താണ്ഡവം'

Posted on: 09 Mar 2010


പ്രവീണ്‍കൃഷ്ണന്‍





ന്യൂഡല്‍ഹി: അംഗബലത്തെ പേശീബലം തോല്പിച്ച കാഴ്ചയാണ് രാജ്യസഭയില്‍ തിങ്കളാഴ്ച കണ്ടത്. വിരലിലെണ്ണാവുന്ന അംഗങ്ങള്‍ സഭയില്‍ അഴിഞ്ഞാടിയപ്പോള്‍മറ്റുള്ളവര്‍ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ലോക്‌സഭയില്‍ പലതവണ കയ്യാങ്കളി അരങ്ങേറിയിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ ഇതാദ്യമായാണ് ലജ്ജാകരമായ ഇത്തരമൊരു സംഭവം. ബില്ലിനെ എന്തുവിലകൊടുത്തും തടയുമെന്ന വാശിയില്‍ തയ്യാറെടുപ്പോടെയാണ് ആര്‍.ജെ.ഡി., എസ്.പി. അംഗങ്ങള്‍ സഭയില്‍ എത്തിയത്. കയ്യാങ്കളി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കടുത്ത പരാക്രമങ്ങള്‍ക്ക് ബില്ലിനെ എതിര്‍ക്കുന്നവര്‍ തുനിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

സഭ രണ്ടുമണിക്ക് ചേര്‍ന്നപ്പോള്‍ ബില്‍ പരിഗണിക്കുന്നതിന് നിയമമന്ത്രി വീരപ്പമൊയ്‌ലിയെ സഭാധ്യക്ഷന്‍ ക്ഷണിക്കും മുമ്പുതന്നെ ബഹളം തുടങ്ങിയിരുന്നു. ഭരണബെഞ്ചില്‍ പിറകിലായിരുന്ന മന്ത്രി മൊയ്‌ലി മുന്നില്‍ എത്തുന്നതിനു മുമ്പുതന്നെ ബില്ലിനെ എതിര്‍ക്കുന്നവര്‍ സഭാതലത്തിലെത്തിക്കഴിഞ്ഞിരുന്നു. അധ്യക്ഷന്‍ മന്ത്രിയോട് ബില്‍ അവതരിപ്പിക്കാന്‍ വീണ്ടും ആവശ്യപ്പെട്ടു. ബില്‍ പരിഗണനയ്ക്ക് വെച്ചതായുള്ള വാചകം മന്ത്രി പൂര്‍ത്തിയാക്കും മുമ്പ് എസ്.പി., ആര്‍.ജെ.ഡി. അംഗങ്ങളും ഒരു ജെ.ഡി. (യു) അംഗവും അധ്യക്ഷപീഠത്തിലേക്ക് കുതിച്ചു. ആര്‍.ജെ.ഡി. അംഗം രാജ്‌നീതി പ്രസാദ് ബില്ലിന്റെ കോപ്പി വലിച്ചുകീറി. തുടര്‍ന്ന് മറ്റുള്ള എതിര്‍പ്പുകാരും കോപ്പി കീറി വലിച്ചെറിഞ്ഞു. എസ്.പി. അംഗങ്ങളായ നന്ദകിഷോര്‍ യാദവും കമാല്‍ അക്തറും ജെ.ഡി. (യു) അംഗം ഇജാസ് അലിയും സെക്രട്ടറി ജനറലിന്റെ കസേരക്ക് പിറകില്‍ ഇരുവശത്തും നിന്ന് അധ്യക്ഷ പീഠത്തിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിച്ചു.

നന്ദകിഷോര്‍ യാദവ് അധ്യക്ഷന്റെ മുന്നിലുള്ള മൈക്കുകള്‍ വലിച്ചൊടിച്ചു. മേശപ്പുറത്തുണ്ടായിരുന്ന പേനയുള്‍പ്പെടെയുള്ള സ്റ്റേഷനറി വസ്തുക്കള്‍ വലിച്ചെറിഞ്ഞു. ഇതേസമയം, മറ്റുള്ളവര്‍ അധ്യക്ഷന്റെ കസേരയ്ക്ക് സമീപത്തേക്ക് ഭീഷണമായ രീതിയില്‍ പാഞ്ഞടുക്കാന്‍ ശ്രമിച്ചെങ്കിലും അധ്യക്ഷന് സമീപമുണ്ടായിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ സഭാധ്യക്ഷനു ചുറ്റും വലയം തീര്‍ത്തു. ഇതേസമയം എസ്.പി. അംഗം കമാല്‍ അക്തര്‍, താഴെ സഭാനടപടിക്രമങ്ങള്‍ എഴുതിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ മേശയില്‍ ചാടിക്കയറി. മേശപ്പുറത്തുനിന്ന് കമാല്‍ അക്തര്‍ താണ്ഡവം ആരംഭിച്ചപ്പോള്‍ ഇജാസ് അലിയും നന്ദകിഷോര്‍ യാദവും സുഭാഷ് യാദവും മറ്റും അധ്യക്ഷ പീഠത്തിനു മുമ്പില്‍ മുദ്രാവാക്യങ്ങളുമായി തകര്‍ത്താടി. സെക്രട്ടറിജനറലിനു നേരേയും ചിലര്‍ പാഞ്ഞടുത്തു. ഒരു സംഘം അംഗങ്ങള്‍ സഭ പൂര്‍ണമായി കൈയടക്കിയപ്പോള്‍ മറ്റുള്ള അംഗങ്ങള്‍ സ്തബ്ധരായി നില്ക്കുകയായിരുന്നു. ഇതിനിടെ സഭ മൂന്നു മണിവരെ സഭാധ്യക്ഷന്‍ നിര്‍ത്തിവെച്ചു.

തകര്‍ത്താടിയിരുന്ന ബില്‍ വിരുദ്ധര്‍ അതോടെ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്കു മടങ്ങി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ മറ്റുള്ള അംഗങ്ങളോട് സംസാരിക്കാനും തുടങ്ങി. മൂന്നു മണിക്ക് സഭ വീണ്ടും ചേര്‍ന്നു. അധ്യക്ഷത വഹിച്ച പ്രൊഫ. പി.ജെ. കുര്യന്‍ സഭ നാലുമണി വരെ പിരിയുന്നതായി പ്രഖ്യാപിച്ചു. നാലു മണിക്ക് സഭ ചേര്‍ന്നപ്പോള്‍ ആറു മണി വരെയും ആറു മണിക്ക് ചേര്‍ന്നപ്പോള്‍ ദിവസത്തേക്കും സഭ പിരിയുന്നതായി അധ്യക്ഷത വഹിച്ച പ്രൊഫ. പി.ജെ. കുര്യന്‍ പ്രഖ്യാപിച്ചു.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/