തലക്കെട്ടിനെ 'കുറ്റവിമുക്ത'മാക്കണോ?

Posted on: 09 Mar 2010



പ്രമാദമായ കേസുകളില്‍ കോടതി പ്രതികളെ കുറ്റവിമുക്തരാക്കുമ്പോള്‍ ആ വിവരം തലക്കെട്ടില്‍ സൂചിപ്പിക്കാതിരുന്നാല്‍, അതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ? 'മാറാട് തീവെപ്പ് കേസ്: പ്രതികളെ കുറ്റവിമുക്തരാക്കി' എന്നും 'കള്ളനോട്ട് കേസ്: പ്രതികളെ കുറ്റവിമുക്തരാക്കി' എന്നും ഒരുമിച്ച് ഒരേ ദിവസത്തെ പത്രത്തില്‍ കണ്ടപ്പോള്‍ ഒരു വായനക്കാരന് ഉണ്ടായ ധാര്‍മികരോഷം പതഞ്ഞുപൊങ്ങിയത് ഇങ്ങനെയാണ്: 'ഈ രണ്ട് തലക്കെട്ടുകളും ചേര്‍ത്ത് വായിക്കുമ്പോള്‍ നമ്മുടെ സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്ന് പത്രമാധ്യമങ്ങള്‍ ഒരു നിമിഷം ഓര്‍ത്തുനോക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ആരും കുറ്റവാളികളല്ലെന്ന കോടതിയുടെ വിധിയെ നമുക്ക് മാനിക്കാം. പക്ഷേ സംഗതി ഇങ്ങനെയൊക്കെയാണെങ്കില്‍ എന്തിന്, ആരെ പേടിക്കണം? കുറ്റം ചെയ്യാനുള്ള പ്രേരണ ഇതില്‍ നിന്നൊക്കെ പെറുക്കിയെടുക്കാന്‍ യുവതലമുറ തയ്യാറാവുന്ന ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്'.

കുറേ കേസുകളില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നുണ്ട് എന്നത് ശരിതന്നെ. പക്ഷെ, അതുപോലെ കുറേയേറെ പേര്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്നതും കാണാതിരുന്നുകൂടാ. നിയമവ്യവസ്ഥകളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ തെളിവുകളും വാദങ്ങളും വിലയിരുത്തി കോടതി കല്പിക്കുന്ന തീര്‍പ്പില്‍ കുറച്ച് അപരാധികള്‍ രക്ഷപ്പെടുന്നുണ്ടാവാം. എന്നാല്‍ ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന വിശ്വാസപ്രമാണത്തെ കൈവിടാനാവുമോ? കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ കുറേ യഥാര്‍ഥ നിരപരാധികളും ഉണ്ടെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നു.

പത്രധര്‍മം എന്നൊന്ന് ഉണ്ടെങ്കില്‍ തലക്കെട്ടില്‍ 'കുറ്റവിമുക്തരാക്കി' എന്നു പറയാതെ 'മാറാട് തീവെയ്പ് കേസ്സില്‍ വിധി പ്രസ്താവിച്ചു' എന്ന മട്ടില്‍ കൊടുത്താല്‍ മതിയെന്നാണ് ഫിബ്രവരി 23 ലെ പത്രവാര്‍ത്തകള്‍ കണ്ട് പ്രകോപിതനായ കോഴിക്കോട്ടെ മാനിപുരം സുധാകരന്‍ നിര്‍ദേശിക്കുന്ന പ്രതിവിധി. അത്തരത്തില്‍, ഉള്ളടക്കത്തിന്റെ പ്രധാന അംശം എടുത്തുകാട്ടാത്ത തലക്കെട്ടുകള്‍ പത്രങ്ങള്‍ എന്നേ ഉപേക്ഷിച്ചതാണ്. എങ്കിലും, ഉചിതമായ വേദികളില്‍ വിശദമായ സംവാദം അര്‍ഹിക്കുന്ന വിഷയമാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അത്തരം ചര്‍ച്ചയ്‌ക്കൊന്നും കാത്തുനില്‍ക്കാതെ തീര്‍ക്കേണ്ട ന്യൂനതകള്‍ തന്നെ വേറെ ഒട്ടേറെയുണ്ട്, പത്രങ്ങളില്‍. സൂക്ഷ്മമായ അര്‍ഥബോധത്തിന്റെ അഭാവം നിഴലിക്കുന്ന വാക്യങ്ങളുടെ ആധിക്യമാണ് അതിലൊന്ന്. ചെറിയൊരു പിഴവ് ഒരു വാക്യത്തെ എത്രമാത്രം അപഹാസ്യമാക്കിത്തീര്‍ക്കും എന്നതിന്റെ ഉദാഹരണമാണ് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായി സുഷമസ്വരാജ് സ്ഥാനമേറ്റതിന്റെ ഫിബ്രവരി 24 ലെ വാര്‍ത്തയിലെ ഈ ഭാഗം - 'യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സുഷമയെ ഡെസ്‌കിലിടിച്ച് സ്വാഗതംചെയ്തു'. ഇതു കണ്ട് തിരുവനന്തപുരം പാപ്പനംകോട്ടെ കമുകറ ജയചന്ദ്രനെപ്പോലെ മറ്റ് പലരും ഞെട്ടിയിരിക്കണം. സുഷമയെ 'ഡെസ്‌കിലിടിച്ച് പരിക്കേല്പിക്കാതെ, അവരെ വാഴിച്ചുകൊണ്ടുള്ള സ്​പീക്കറുടെ പ്രഖ്യാപനത്തെ ഡെസ്‌കില്‍ കൈകൊണ്ടടിച്ച് സ്വാഗതംചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.

ഫിബ്രവരി 25 ലെ 'മമത എക്‌സ്​പ്രസ്' എന്ന വാര്‍ത്തയിലും ഉണ്ട് ഇതുപോലൊരു വികലവാക്യം. 'കഞ്ചിക്കോട് കോച്ച് ഫാക്ടറി നടന്നുവരുന്നു' എന്നു കണ്ടാല്‍ എന്താണ് മനസ്സിലാക്കേണ്ടത്? പാലക്കാട് ചിറ്റൂരിലെ ഒ.പി.എസ്. മേനോന്‍ പറയുന്നതുപോലെ, കോച്ച് ഫാക്ടറിക്കുള്ള സ്ഥലമെടുപ്പ് ആയിരിക്കണം നടന്നുവരുന്നത് എന്ന് ഊഹിക്കാം. മാര്‍ച്ച് 1 ലെ 'ഇംഗ്ലണ്ട് ആസേ്ത്രലിയയെ ഞെട്ടിച്ചു' എന്ന സ്‌പോര്‍ട്‌സ് വാര്‍ത്തയില്‍ ആസേ്ത്രലിയന്‍ ടീമിനെ 'കുക്കാബുറാസ്' എന്ന് വിശേഷിപ്പിച്ചതിന്റെ ഔചിത്യം കോഴിക്കോട് ഗാന്ധി റോഡിലെ സുധീര്‍ശേഖര്‍ പാലക്കണ്ടി ചോദ്യംചെയ്യുന്നു. പ്രശസ്ത ആസേ്ത്രലിയന്‍ ക്രിക്കറ്റ്/ഹോക്കി പന്തുകളുടെ ബ്രാന്‍ഡ്‌നാമമാണ് 'കുക്കാബുറാസ്' എങ്കിലും ആ പേരിലല്ല, 'കങ്കാരുക്കള്‍' എന്ന പേരിലാണ് ആസേ്ത്രലിയന്‍ ടീമുകളെ സാധാരണ വിശേഷിപ്പിച്ചുവരുന്നത്.

വായനക്കാര്‍ ചൂണ്ടിക്കാണിച്ച മറ്റുചില തകരാറുകള്‍ ചുവടെ: (കത്തയച്ചവരുടെ പേരുവിവരം ബ്രാക്കറ്റില്‍)

മാര്‍ച്ച് 2ലെ തിരുവനന്തപുരത്തെ 'നഗരം' പേജില്‍ നീലകണ്ഠശിവന്‍ 1900 കര്‍ക്കടകത്തില്‍ സമാധിയായി എന്ന് കാണുന്നു. ക്രിസ്ത്വബ്ദത്തില്‍ മലയാളമാസം! (സി. ദിവാകരന്‍, അമ്പലംമുക്ക്, തിരുവനന്തപുരം).

'പ്രസവസമയത്തെ അശ്രദ്ധ' എന്ന ഫിബ്രവരി 9ലെ കൊച്ചി പതിപ്പിലെ വാര്‍ത്തയില്‍ നിയോനറ്റോളജി തലവന്‍ ഡോ. പി.കെ. രാജീവിനെ 'ജിയോനാറ്റോളജി' തലവന്‍ ആക്കിയിരിക്കുന്നു. (ഡോ. ടി. ജോണ്‍ജോര്‍ജ്, എടവനക്കാട്).

'വെടിനിര്‍ത്തല്‍ വാഗ്ദാനത്തിന് പുറമേ മാവോവാദികള്‍ സൈനികക്യാമ്പ് ആക്രമിച്ചു' എന്ന ഫിബ്രവരി 24ലെ തലക്കെട്ടില്‍ 'പുറമെ' എന്നതിന് പകരം 'പിറകേ' എന്നാണ് വേണ്ടിയിരുന്നത്. (കെ.എം. മുഹമ്മദ് ബുസിരി, കുളത്തൂപ്പുഴ, കൊല്ലം).

'ആര്‍.വി. രാമന്‍കുട്ടി വാരിയര്‍ അനുസ്മരണം സി.കെ. ചാക്കപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു' എന്നൊരു അടിക്കുറിപ്പുണ്ട് ഫിബ്രവരി 18ലെ തൃശ്ശൂര്‍ പതിപ്പില്‍. സി.കെ. ചന്ദ്രപ്പനാണ് ചാക്കപ്പനായത്! (കെ.എസ്. ചന്ദ്രന്‍, അളഗപ്പനഗര്‍).

ഫിബ്രവരി 25-ാം തീയതിയിലെ കോഴിക്കോട് പതിപ്പില്‍ 'ബാര്‍ ഹോട്ടലുകളെ ഒഴിവാക്കിയത് അന്വേഷിക്കണം' എന്നൊരു തലക്കെട്ടുണ്ട്. എന്നാല്‍ അതിന്റെ താഴെ പറയുന്നത് ദേശീയപാതയ്ക്ക് സ്ഥലമെടുത്തതില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ട കാര്യമാണ്. (എ. ഷാഹുല്‍ ഹമീദ്, പുതിയറ, കോഴിക്കോട്-4).

'ഗുരുവായൂരില്‍ ദര്‍ശനസമയത്തില്‍ മാറ്റം' എന്ന ഫിബ്രവരി 19ലെ വാര്‍ത്തയില്‍ സമയത്തെക്കുറിച്ചല്ല, സംവിധാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നത്. (ശ്രീന്‍, കാട്ടുകുളങ്ങര, കാസര്‍കോട്).

'അഗസ്ത്യാര്‍കൂടത്തില്‍ ശിവരാത്രി പൂജനടത്തി' എന്നൊരു വാര്‍ത്ത കണ്ടു ഫിബ്രവരി 17ലെ പത്രത്തില്‍. 'അഗസ്ത്യകൂടം' ആണ് ശരി. തമിഴര്‍ അഗസ്ത്യമഹര്‍ഷിയെ 'അഗസ്ത്യര്‍' എന്ന് പറയുന്നതുകൊണ്ട് 'അഗസ്ത്യര്‍കൂടം' തെറ്റല്ല. പക്ഷേ, 'അഗസ്ത്യാര്‍കൂടം' എന്ന് നീട്ടേണ്ട യാതൊരു കാര്യവുമില്ല. (വി.കെ. നാരായണന്‍ വല്യാത്തേല്‍, പേരൂര്‍ക്കട, തിരുവനന്തപുരം-5).

'തിയേറ്ററുകള്‍ പിന്മാറി; ഷാരൂഖ് ചിത്രം അനിശ്ചിതത്വത്തില്‍' എന്ന ഫിബ്രവരി 12ലെ വാര്‍ത്തയില്‍ 'മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് എന്ന് കൊടുത്തിരിക്കുന്നു. അശോക്ചവാനാണ് ഇപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി. (ജാഫര്‍ ആലാന്‍, തിരുപുറം).

'മാതൃഭൂമി ദിനപത്രത്തിന്റെ ജനനവും ഉപ്പുസത്യാഗ്രഹവും' എന്ന ഫിബ്രവരി 13ലെ ലേഖനത്തില്‍ 'ത്രൈവാരികയായി തുടങ്ങിയ മാതൃഭൂമി' എന്ന് കാണുന്നു. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിലെ മൂന്ന് ദിവസം പ്രസിദ്ധപ്പെടുത്തിയിരുന്ന 'മാതൃഭൂമി' എങ്ങനെ 'ത്രൈവാരിക'യാവും? ത്രൈവാരിക മൂന്നാഴ്ചകൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. (നിലയ്ക്കലേത്ത് രവീന്ദ്രന്‍നായര്‍, ഭിലായ്).

'ഫോര്‍ഡ് ഫിഗൊ മാര്‍ച്ചില്‍ വിപണിയില്‍' എന്ന ഫിബ്രവരി 6ലെ വാര്‍ത്തയില്‍ 'ഫിഗോയുടെ വ്യാവസായികോത്പാദനം കരുണാനിധി നിര്‍വഹിച്ചു' എന്നാണ് കൊടുത്തിരിക്കുന്നത്. ഉത്പാദനത്തിന്റെ ഉദ്ഘാടനമായിരിക്കും കരുണാനിധി നിര്‍വഹിച്ചത്. (എം.എസ്. ജയകുമാര്‍, കാണക്കാരി, കോട്ടയം).

ഫിബ്രവരി 17ലെ പാലക്കാട് പതിപ്പില്‍ 'ടോപ് ഇന്‍ ടൗണിന് ഭക്ഷ്യകേസരി പുരസ്‌കാരം' എന്നൊരു വാര്‍ത്തയുണ്ട്. 'ഭക്ഷ്യം' എന്നാല്‍ 'ഭക്ഷിക്കത്തക്കത്' എന്നാണര്‍ഥം. അതുകൊണ്ട് 'ഭക്ഷണകേസരി' എന്നാണ് വേണ്ടിയിരുന്നത്. (ചേറ്റൂര്‍ രാധാകൃഷ്ണന്‍, കല്ലേക്കുളങ്ങര, പാലക്കാട്-5). അവാര്‍ഡ് ഏര്‍പ്പെടുത്തിയവര്‍ ഇട്ട പേരായിരിക്കണം 'ഭക്ഷ്യകേസരി'! അങ്ങനെയാണെങ്കില്‍ പത്രലേഖകന്‍ മാത്രം വിചാരിച്ചാല്‍ രക്ഷയില്ല.

'സി.പി.ഐ. നേതൃയോഗം ഇന്നുമുതല്‍' എന്ന ഫിബ്രവരി 22ലെ വാര്‍ത്തയില്‍ 'വരുംദിവസങ്ങളില്‍ സി.പി.എം. മന്ത്രിമാര്‍ക്ക് മേല്‍ക്കൈ ഉണ്ടാകുംവിധം മന്ത്രിസഭാ ഉപസമിതി പ്രവര്‍ത്തനം ശക്തമാക്കാനും സി.പി.ഐ. ഉദ്ദേശിക്കുന്നുണ്ട്' എന്നൊരു വാക്യമുണ്ട്. സി.പി.എം. മന്ത്രിമാര്‍ക്ക് മേല്‍ക്കൈ ഉണ്ടാകുന്നതിനുവേണ്ടി സി.പി.ഐ. എന്തെങ്കിലും ഉദ്ദേശിക്കാന്‍ യാതൊരു സാധ്യതയുമില്ല. (ടി. ബാലകൃഷ്ണന്‍, കോഴിക്കോട്-673020).

മാര്‍ച്ച് 3ലെ കോഴിക്കോട് പതിപ്പില്‍ 'കുടിവെള്ള സംരക്ഷണസമിതി നടത്തുന്ന സത്യാഗ്രഹസമരത്തെ അഭിസംബോധന ചെയ്ത് ജനതാദള്‍ സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രന്‍ സംസാരിക്കുന്നു' എന്ന് ഒരു ചിത്രത്തിന്റെ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് കണ്ടു. 'അഭിസംബോധന ചെയ്യുന്നു' എന്നുമാത്രം മതി. അതിന്റെകൂടെ 'സംസാരിക്കുന്നു' എന്നുചേര്‍ത്താല്‍ ഇരട്ടിപ്പാവും. (സലിം കെ. ഞക്കനാല്‍, വടകര).
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/