കടലോളം കനിവുമായി ഒരുകൂട്ടം ഡ്രൈവര്‍മാര്‍

Posted on: 28 Nov 2012
എടക്കര: ഈ ലോകത്ത് കാരുണ്യം വറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു എടക്കരയിലെ ഒരുകൂട്ടം ഓട്ടോഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം. തലയില്‍ ട്യൂമര്‍ ബാധിച്ച ബിജുവിന്റെ ചികിത്സയ്ക്കായി തെരുവുകള്‍തോറും ഗാനമേള നടത്തി ഒരുലക്ഷംരൂപ അവര്‍ സമാഹരിച്ച് നല്‍കി.
ഐ.എന്‍.ടി.യു.സി യൂണിയനിലെ ഓട്ടോതൊഴിലാളികളായ അവര്‍ കഴിഞ്ഞദിവസം കണിപ്പറമ്പില്‍ ബിജുവിനെ കാണാന്‍ പെരുങ്കുളത്തെ വാടകവീട്ടില്‍ എത്തി. ഇവരില്‍ പലരും ബിജുവിനെ ആദ്യമായിട്ടാണ് കാണുന്നത്.
നിര്‍ധന യുവാവ് ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന വിവരം 10 ദിവസംമുമ്പാണ് ഇവര്‍ അറിഞ്ഞത്. സെക്രട്ടറി പി.ടി. മുജീബും പ്രസിഡന്റ് ഹരി കാറ്റാടിയും വെസ്റ്റ് പെരുങ്കുളത്തെ വീട്ടില്‍ച്ചെന്ന് ബിജുവിനെ കണ്ടു.
വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛനും അമ്മയും മരിച്ച ബിജു ജ്യേഷ്ഠനോടൊപ്പം വാടകവീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ ജ്യേഷ്ഠന്റെ നാല് വയസ്സായ കുഞ്ഞ് തളര്‍ന്നുകിടക്കുന്നു.
വിവാഹംകഴിച്ച് ഒഴിവാക്കിയ സഹോദരി. കരിങ്കല്‍ തൊഴിലാളിയായ ബിജുവിന് ഒരുവര്‍ഷം മുമ്പാണ് ട്യൂമര്‍ ബാധിച്ചത്. ഇപ്പോള്‍ കാഴ്ചയും കേള്‍വിയും കുറഞ്ഞുവരുന്നു. ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണെങ്കിലും മരുന്നിനും മറ്റും വരുന്ന ചെലവുകള്‍ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നില്ല.
യൂണിയനിലെ മറ്റ് അംഗങ്ങളെ വിളിച്ചുകൂട്ടി മുജീബും ഹരിയും കാര്യങ്ങള്‍ വിശദീകരിച്ചു. ബിജുവിന്റെ കഥ എല്ലാവരുടെയും മനസ്സില്‍ നൊമ്പരമായി വിങ്ങി. പിന്നെ താമസിച്ചില്ല, ഗാനമേളകളില്‍ ഗായകനായി പങ്കെടുക്കുന്ന പി.ടി. മുജീബാണ് തെരുവുകളില്‍ ഗാനമേള നടത്തി പണം കണ്ടെത്താമെന്ന ആശയം മുന്നോട്ടുവെച്ചത്. കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശിനോടും സംഘടനാ ഭാരവാഹികളോടും അഭിപ്രായം ആരാഞ്ഞു. എല്ലാവരും നൂറുവട്ടം പിന്തുണ പ്രഖ്യാപിച്ചു. പിന്നീടെ ല്ലാം പെട്ടെന്നായിരുന്നു. ഗാനമേളസംഘത്തിന് സഞ്ചരിക്കാന്‍ വാഹനവും ആവശ്യമായ മൈക്ക് സെറ്റും വാടകയ്‌ക്കെടുത്തു. ഇതിന്റെ വാടക സംഘടന നല്‍കുമെന്ന് ഏറ്റു. പി.ടി. മുജീബിനോടൊപ്പം സൗജന്യമായി പാടാന്‍ സൈനു എന്ന കുഞ്ഞാന്‍, ചിറക്കല്‍ മുജീബ്, ഷാജഹാന്‍ എടക്കര, സെയ്ദ് എടക്കര, ദില്‍ജിത് വാണിയമ്പലം എന്നിവരെയും അനൗണ്‍സറായി ബാബുരാജ് വരക്കുളത്തെയും ഒപ്പംകൂട്ടി. ഓട്ടോതൊഴിലാളികളായ പ്രമോദ് പായിപ്പാടം, സുന്ദരന്‍ പെരുങ്കുളം, ബാബു കലാസാഗര്‍, യൂനസ് മുണ്ട, കരീം മുണ്ട, ഹരി കാറ്റാടി എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങള്‍.
വൈകീട്ട് നാലുവരെ ഓട്ടോ ഓടിച്ച് സ്വന്തം കുടുംബത്തിനുള്ള വക കണ്ടെത്തും. പിന്നീടാണ് ഗായകസംഘത്തിന്റെ പുറപ്പാട്. രാത്രി എട്ടുവരെ ഗാനമേള. എടവണ്ണപ്പാറ, വണ്ടൂര്‍, കാളികാവ് തുടങ്ങി നിലമ്പൂരിലെ മുഴുവന്‍ പ്രദേശങ്ങളിലെയും തെരുവുകളിലും ബസ്സ്റ്റാന്‍ഡുകളിലും ഇവര്‍ പാടും. ഒരാള്‍ പാടുമ്പോള്‍ ബാക്കിയുള്ളവര്‍ ബക്കറ്റുമായി ആളുകളെ സമീപിക്കും. എല്ലാവരും ഉദാരമായി നല്‍കി. സംഗീതയാത്രയ്ക്കിടയില്‍ ഇവര്‍ ചായപോലും കുടിച്ചത് സ്വന്തംപോക്കറ്റിലെ പണംകൊണ്ട്. ഏഴുദിവസംകൊണ്ട് 1,00,650 രൂപ ഇവര്‍ സമാഹരിച്ചു.
സമാഹരിച്ച തുകയുടെ പാസ്ബുക്ക് കഴിഞ്ഞദിവസം എടക്കരയില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ് ബിജുവിന്റെ സഹോദരിയെ ഏല്‍പ്പിച്ചിരുന്നു. നൊമ്പരപ്പെടുന്ന മനസ്സുകള്‍ക്ക് ഇത്തിരി ആശ്വാസം പകരാന്‍ ഈ സംഗീത പരിപാടി തുടരാനുള്ള തീരുമാനത്തിലാണ് എടക്കരയിലെ ഈ ഓട്ടോഡ്രൈവര്‍മാര്‍.
എടക്കര എം.ഡി.സി ബാങ്കില്‍ ബിജുവിന്റെ പേരില്‍ 10450 നമ്പര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/