മേളരസമുതിര്‍ന്ന മുറ്റത്ത് ഇന്ത്യന്‍ സംഗീതത്തിന്റെ ലയഭംഗി

Posted on: 28 Nov 2012ദേവീദേവന്മാരും ക്ഷേത്രവാദ്യങ്ങളും സംഗമിക്കുന്ന മണ്ണില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ലയഭംഗിയുടെ വസന്തം വിരിഞ്ഞു. മഹാത്മാ മൈതാനിയിലെ 'മാനനീയം' വേദിയില്‍ തെന്നിന്ത്യന്‍ സംഗീതവും ഉത്തരേന്ത്യന്‍ സംഗീതവും സമന്വയിപ്പിച്ച 'യോഗ്-ഹരി' സന്ധ്യയെ സംഗീതസാന്ദ്രമാക്കി. വയലിനും സിത്താറും മൃദംഗവും തബലയും ഘടവും വൈഭവമുള്ള കലാകാരന്മാരുടെ കൈകളില്‍ സംഗീതലഹരിയുടെ മാനനീയം തീര്‍ത്തു.
വയലിനില്‍ ട്രിവാന്‍ഡ്രം എസ്. ഹരികുമാറും സിത്താറില്‍ യോഗ്‌രാജ് നായികും മൃദംഗത്തില്‍ തൃശ്ശൂര്‍ ബി. ജയറാമും തബലയില്‍ മഹേഷ് മണിയും ഘടത്തില്‍ ആദിച്ചനല്ലൂര്‍ അനില്‍കുമാറും വിസ്മയം തീര്‍ത്തു.
'വാതാപി ഗണപതി'യോടെയായിരുന്നു തുടക്കം. അരുവിയുടെ കൊച്ചനക്കം. പിന്നെയൊരു ചാറ്റല്‍മഴ. അത് പെരുമഴയായ് പെയ്തിറങ്ങി. ഇടയ്ക്ക് കടല്‍പോലെ രൗദ്രമായി. എല്ലാം കടലില്‍ ലയിച്ച് വീണ്ടും കരയിലേക്ക് കുതിച്ചുകയറി കടലിലേക്ക് മടങ്ങുന്നതിന്റെ തിരഭംഗി പോലെ. ചാരുകേശി രാഗത്തില്‍നിന്ന് തനിയാവര്‍ത്തനത്തിലേക്ക്. രാഗമാലിക കഴിഞ്ഞ് വീണ്ടും തനിയാവര്‍ത്തനം. സിന്ധുഭൈരവി രാഗത്തില്‍ നിന്ന് ഹരിവരാസനത്തോടെ ആ സംഗീത വിരുന്നിന് സമാപനം. മൃദംഗവും തബലയും ഘടവും ചേര്‍ന്നുള്ള തനിയാവര്‍ത്തനം സദസ്സിനെ ആവേശലഹരിയിലാക്കി.
മാനനീയത്തില്‍ തട്ടകം 'ലയപ്രവീണ പുരസ്‌കാരം' നല്‍കി ആദരിച്ച തൃശ്ശൂര്‍ ബി. ജയറാം തബലയില്‍ തന്റെ വൈഭവം സാക്ഷ്യപ്പെടുത്തിയ പ്രകടനം കൂടിയായിരുന്നു അത്. രണ്ട് മണിക്കൂര്‍ നീണ്ട 'യോഗ്-ഹരി' മേളപ്പെരുമയുടെ നാടിന് ഒരു കാണിക്ക സമ്മാനിച്ച മുഹൂര്‍ത്തം കൂടിയായി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/