രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഗുജറാത്ത്‌

Posted on: 28 Nov 2012


ദിനകരന്‍ കൊമ്പിലാത്ത്ഡിസംബറിലെ കുളിരില്‍ ഗുജറാത്ത് ഒരു തിരഞ്ഞെടുപ്പിന്റെ ചൂടിലായിരിക്കും. നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രകടനം ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ ചലനങ്ങളുണ്ടാക്കും. അതുകൊണ്ട് എല്ലാവരുടെയും കണ്ണുകള്‍ ഇപ്പോള്‍ ഗുജറാത്തിനു മേലാണ്.

ഡിസംബര്‍ 13,17 തീയതികളിലാണ് തിരഞ്ഞെടുപ്പ് . ഒരു ഹാട്രിക് വിജയത്തിന് ഒരുങ്ങുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.യുടെ പ്രധാന എതിരാളി ഒരുകാലത്ത് ബി.ജെ.പി.യുടെ എല്ലാമായിരുന്ന മുന്‍മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ പുതിയ പാര്‍ട്ടിയായ 'ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി' സൗരാഷ്ട്ര മേഖല ഉള്‍പ്പെടെ ശക്തമായ സ്വാധീനവുമായി രംഗത്തുണ്ട്. ബി.എസ്.പി., സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെ മറ്റുള്ള കക്ഷികള്‍ക്ക് ഗുജറാത്തില്‍ വലിയ സ്വാധീനമൊന്നുമില്ല. ചില മണ്ഡലങ്ങളില്‍ അവര്‍ക്ക് ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാമെന്ന് മാത്രം. 182 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് .

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മോഡിയുടെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ബി.ജെ.പി. ഇക്കുറിയും അനായാസ വിജയപ്രതീക്ഷയിലാണ്. നരേന്ദ്രമോഡിയുടെ 'സ്റ്റാര്‍വാല്യു' തന്നെയാണ് പാര്‍ട്ടിയുടെ ശക്തിയും പ്രതീക്ഷയും. തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ സര്‍വെകളിലും മോഡി തന്നെ മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്ന് തറപ്പിച്ചുപറയുന്നു. മുഖ്യമന്ത്രിയുടെ ജനപ്രീതിക്കൊപ്പം ഗുജറാത്തിന്റെ വികസനം, പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യവും സര്‍വെകള്‍ എടുത്തുകാണിക്കുന്നു. അതേ സമയം സര്‍വെകള്‍ പലതും കൃത്രിമമായി ബി.ജെ.പി.ക്കനുകൂലമായി കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ മോഡിയുടെ അടുക്കളയില്‍ പാകപ്പെടുത്തിയെടുത്തതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി പിടിക്കുന്ന പട്ടേല്‍ വിഭാഗവോട്ട് ചോര്‍ച്ചയും തുടര്‍ച്ചയായി പല തവണ ഭരിച്ച ബി.ജെ.പി. സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരവും കടുത്ത ഹിന്ദുവര്‍ഗീയതയും ഇത്തവണ മോഡിയുടെ കാലിലെ മണ്ണിളക്കുമെന്ന് പ്രതിപക്ഷം തറപ്പിച്ചു പറയുന്നു. ഗുജറാത്തിലെ കൊട്ടിഗ്‌ഘോഷിക്കുന്ന വികസനം എന്നത് നഗരങ്ങളിലെ കൂറ്റന്‍ കെട്ടിടങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വളര്‍ച്ചയുമാണ്. മറിച്ച് ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തില്‍ അത് യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ല. അവരുടെ ജീവിതം നന്നേ ദരിദ്രമായിരിക്കുകയാണ്. സര്‍വെക്കാര്‍ ഇത് കാണുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഗ്രാമീണ മേഖല ബി.ജെ.പി.യെ കൈയൊഴിയുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അതേസമയം കുറിക്കുകൊള്ളുന്ന വാഗ്‌ധോരണിയുമായി മോഡി കോണ്‍ഗ്രസ്സിനെ ആക്രമിക്കുകയാണ്. പ്രത്യേകിച്ചും മന്‍മോഹന്‍സിങ്ങിനെയും സോണിയാഗാന്ധിയെയും. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നത് കോണ്‍ഗ്രസ്സിന്റെ തെറ്റായനയം കൊണ്ടാണ്. രാജ്യം വിദേശികള്‍ക്കും കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും തീറെഴുതിയകോണ്‍ഗ്രസ് പാവങ്ങളെപ്പറ്റി വല്ലാതെ സംസാരിക്കല്ലേയെന്ന് മോഡി സരസമായി പറയുന്നത് കേള്‍ക്കാനാളേറെയുണ്ട്.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് 182 അംഗ അസംബ്ലിയില്‍ വ്യക്തമായ മേധാവിത്വമുണ്ട്. 1998-ല്‍ 44.8 ശതമാനം വോട്ടോടെ 117 സീറ്റിന്റെ ബലത്തിലാണ് ബി.ജെ.പി. അധികാരത്തില്‍ വന്നത്. അന്ന് കോണ്‍ഗ്രസ്സിന് ലഭിച്ചത് 34.9 ശതമാനം വോട്ടും 53 സീറ്റും. വോട്ടിന് ആനുപാതികമായി ലഭിക്കേണ്ടതിനേക്കാള്‍ വളരെ കുറവ് സീറ്റുകള്‍. അടുത്ത രണ്ടു തിരഞ്ഞെടുപ്പിലും ഇതേ സ്ഥിതി തന്നെ ആയിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാലാകാലമുണ്ടാകുന്ന പോളിങ് ശതമാനക്കുറവ് കോണ്‍ഗ്രസ്സിനെ തുണയ്ക്കുന്നതാണ് ഗുജറാത്തിലെ രാഷ്ട്രീയ പ്രത്യേകത.

2002-ല്‍ ഗുജറാത്ത് കലാപത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മോഡി വന്‍ വിജയം നേടി. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രി ഏറ്റവും വൃത്തികെട്ട കൊലയാളി മുഖവുമായി എത്തിയ സമയമായിരുന്നു അത്. ഗുജറാത്തില്‍ ഒരിക്കലുമില്ലാത്ത രീതിയിലുള്ള മതധ്രുവീകരണത്തിന്റെ വേളയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സീറ്റും വോട്ടും കൂടുന്നത് കണ്ടു. 49.8 ശതമാനം വോട്ടും 127 സീറ്റും. അതേസമയം 1998-നെ അപേക്ഷിച്ച് കോണ്‍ഗ്രസ്സിന്റെ വോട്ടിലും അഞ്ചു ശതമാനത്തിലധികം വര്‍ധന കാണിച്ചു. മുസ്‌ലിംകള്‍ വ്യാപകമായി പാര്‍ട്ടിക്ക് വോട്ട് ചെയ്തതാണ് കാരണം. എന്നാല്‍ 1997-നെ അപേക്ഷിച്ച് രണ്ടു സീറ്റു കുറഞ്ഞു.

2007-ല്‍ മോഡി അധികാരത്തില്‍ നിന്നുപോകും എന്ന പ്രചാരണം വ്യാപകമായെങ്കിലും 1998-ലെ സീറ്റ് തന്നെ ബി.ജെ.പി. നേടി. പല പ്രവചനങ്ങളും അട്ടിമറിക്കപ്പെട്ടു. 49 ശതമാനം പേര്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്തു. പക്ഷേ, സീറ്റ് 117 ആയി കുറഞ്ഞു. കോണ്‍ഗ്രസ്സിന് 58 സീറ്റും 38 ശതമാനം വോട്ടും. മറ്റുള്ള കക്ഷികള്‍ക്കെല്ലാം കൂടി 12 ശതമാനം വോട്ട് ലഭിച്ചു. ഈ മൂന്നു തിരഞ്ഞെടുപ്പ് ഫലങ്ങളും പൊതുവില്‍ ഗുജറാത്തിന്റെ ഒരു രാഷ്ട്രീയ ചിത്രം സമ്മാനിക്കുന്നു. 15 കൊല്ലമായി ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും വോട്ട് ബാങ്കുകളില്‍ വലിയ വ്യത്യാസം വരുന്നില്ല എന്നതാണത്. ഒപ്പം സീറ്റുകളിലും. ഭരണവിരുദ്ധ വികാരം രൂപപ്പെടുത്തുന്നതില്‍ പ്രതിപക്ഷം ഓരോ തവണയും ദയനീയമായി പരാജയപ്പെട്ടു.

2012-ലെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഗുജറാത്തില്‍ വലിയ രാഷ്ട്രീയമാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാതിരഞ്ഞെടുപ്പാണിത്. പഴയതിലും കുറേക്കൂടി ശക്തനാണ് മോഡി. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിപദത്തിലേക്ക് ബി.ജെ.പി.യില്‍ ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടുന്ന നേതാവ്. ഗുജറാത്തിനെ ഇന്ത്യയിലെ മികച്ച വളര്‍ച്ചാനിരക്കിലെത്തിച്ചെന്ന സര്‍വെ കണക്കുകള്‍. ഒരേസമയം വിദൂരപട്ടണങ്ങളില്‍ കോടികള്‍ ചെലവഴിച്ച് ത്രിഡി സംവിധാനത്തിലൂടെ പ്രചാരണ മാമാങ്കം സംഘടിപ്പിച്ച് അണികളെ ആവേശം കൊള്ളിക്കുന്ന നേതാവ്. ഗുജറാത്തിലെ ബി.ജെ.പി.യിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രം . മോഡിയുടെ ആരാധകരെ ആഹ്ലാദം കൊള്ളിക്കാന്‍ ഇതൊക്കെ ധാരാളം.

ഗുജറാത്തിലെ മൂന്നു മേഖലകളിലും രാഷ്ട്രീയമായി ബി.ജെ.പി.ക്ക് തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. 53 സീറ്റുള്ള സൗരാഷ്ട്ര, കച്ച് മേഖലയില്‍ കേശുഭായി പട്ടേലിന്റെ പുതിയ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്ക് നല്ല സ്വാധീനം കാണുന്നുണ്ട്. പക്ഷേ, ബി.ജെ.പി.ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയില്ല. അതേസമയം കോണ്‍ഗ്രസ്സിന്റെയും പരിവര്‍ത്തന്‍ പാര്‍ട്ടിയുടെയും വോട്ടുകള്‍ ഒന്നിച്ചെങ്കില്‍ ബി.ജെ.പി.ക്ക് വെല്ലുവിളി ആയേനേ. 53 സീറ്റുകളുള്ള വടക്കന്‍ ഗുജറാത്തിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സംഘപരിവാര്‍ കാഴ്ചവെച്ചു. മധ്യഗുജറാത്തില്‍ 40 സീറ്റുകളാണുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് നല്ല സ്വാധീനമുള്ള ഈ മേഖലയില്‍ കോണ്‍ഗ്രസ്സ് കുറെക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

2002-ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് അടുത്ത കാലത്തായി ഒരുകൂട്ടം വിധികള്‍ വന്നിരുന്നു. ഈ കലാപത്തിന്റെ ഓര്‍മകള്‍ മുസ്‌ലിംവോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. അതേ സമയം മുസ്‌ലിം ന്യൂനപക്ഷത്തിന് മോഡിയോടുള്ള വെറുപ്പ് പഴയപടി ഇല്ലെന്ന് മോഡി അനുകൂലികള്‍ പറയുന്നു. ഒടുവിലത്തെ മാധ്യമസര്‍വെയില്‍ കാണുന്ന ചിത്രം, മുസ്‌ലിം വോട്ടര്‍മാരില്‍ 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 ശതമാനം പേര്‍ മോഡിയെ പിന്തുണച്ചപ്പോള്‍ ഇപ്പോള്‍ അത് 26 ശതമാനമായി ഉയര്‍ന്നിട്ടുണ്ട് എന്നതാണ്. കോണ്‍ഗ്രസ്സിന് ലഭിച്ച 67 ശതമാനം 57 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. മുസ്‌ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാനായി മോഡി പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്തു.

വന്‍ വികസനം നഗരങ്ങളില്‍ കാണാനുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, അത് ഗ്രാമങ്ങളില്‍ എത്രത്തോളം എത്തിയിട്ടുണ്ട് എന്ന് പറയാനാവില്ല. തൊഴിലില്ലായ്മ, കുടിവെള്ളക്ഷാമം, വൈദ്യുതി ക്ഷാമം എന്നിവ സാധാരണക്കാരെ വേട്ടയാടുന്നു. ഒപ്പം വന്‍ വിലക്കയറ്റവും. ഇതിന് കാരണക്കാര്‍ മന്‍മോഹന്‍സിങ്ങാണെന്ന് പ്രചരിപ്പിക്കാന്‍ ബി.ജെ.പി.യുടെ പ്രചാരണതന്ത്രങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് സത്യം. എല്ലാ തിരഞ്ഞെടുപ്പ് സര്‍വെകളിലും കാണുന്ന പ്രധാന തിരഞ്ഞെടുപ്പ് വിഷയം വിലക്കയറ്റം തന്നെയാണ്. പിന്നെ അഴിമതി. അതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് ബി.ജെ.പി. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയെ ബി.ജെ.പി. തിരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്. നിതിന്‍ഗഡ്കരിയുടെ അഴിമതി ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. സാധാരണക്കാര്‍ക്കുവേണ്ടി മോഡി ഒന്നും ചെയ്യുന്നില്ല. കേന്ദ്രത്തിന്റെ തൊഴിലുറപ്പ് പദ്ധതിയും മറ്റു വികസന പദ്ധതിയുമാണ് ഗുജറാത്തിനെ രക്ഷപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് തുറന്നടിക്കുന്നു. അതേസമയം ഗുജറാത്തിനോട് മത്സരിക്കാന്‍ കേന്ദ്രത്തെ മോഡി വെല്ലുവിളിക്കുകയാണ്.

1985-ന് ശേഷം കോണ്‍ഗ്രസ്സിന് ഗുജറാത്തില്‍ അധികാരത്തില്‍വരാന്‍ പറ്റിയിട്ടില്ല. അതേസമയം മെച്ചപ്പെട്ട വോട്ട് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. വെറും അഞ്ചുശതമാനം വോട്ട് വ്യതിയാനം വന്നാല്‍ അവര്‍ക്ക് ഗുജറാത്തില്‍ അട്ടിമറി പ്രതീക്ഷിക്കാം. പക്ഷേ, 20 വര്‍ഷമായി അതു സംഭവിക്കുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മെച്ചപ്പെട്ട വോട്ടും സീറ്റും ലഭിക്കുന്നുണ്ട് എന്നതും സത്യമാണ്. ഗുജറാത്തില്‍ സംഭവിച്ച മതധ്രുവീകരണം തന്നെയാണ് പ്രധാന കാരണം. ഒപ്പം കുറഞ്ഞ പോളിങ് ശതമാനവും. 50 നും 60 നും ശതമാനത്തിനിടയിലാണ് അവിടെ പലപ്പോഴും പോളിങ് നടക്കാറ്. ലോക്‌സഭയില്‍ ചിലപ്പോള്‍ കുറച്ചു കൂടും. വോട്ടര്‍മാരെ പരമാവധി ബൂത്തിലെത്തിച്ചാല്‍ നേട്ടം കോണ്‍ഗ്രസ്സിനാണെന്ന് പറയാം. പക്ഷേ, ആളെക്കൂട്ടാനുള്ള നല്ല നേതൃനിര ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനില്ല. രാഹുലും സോണിയയും തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ് വേദികളെ താരമയമാക്കുന്നത്. കേന്ദ്രത്തില്‍ ഗുജറാത്തുകാരനായ അഹമ്മദ്പട്ടേല്‍ അതിശക്തനാണെങ്കിലും അദ്ദേഹം ഗുജറാത്തില്‍ തിരിഞ്ഞു നോക്കാറില്ല. മുന്‍മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല, പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോയല്‍, പി.സി.സി. ഐ. പ്രസിഡന്റ് അര്‍ജുന്‍മോദിവാദിയ, ഭരത് സിങ് സോളങ്കി എന്നിവരാണ് പാര്‍ട്ടിയുടെ മുഖ്യപ്രചാരകര്‍. അവരുടെ പ്രകടനത്തിന് മോഡിയോളം മോടിയില്ല എന്നത് സത്യമാണ്. രസകരമായ വസ്തുത തങ്ങള്‍ കോണ്‍ഗ്രസ്സിനേ വോട്ടുചെയ്യൂ എന്നു സര്‍വെയില്‍ പറയുമ്പോഴും പത്തു ശതമാനം പേര്‍ മോഡി മികച്ച മുഖ്യമന്ത്രിയാണെന്ന് പറയുന്നു എന്നതാണ്. നഗര വോട്ടര്‍മാര്‍ തന്നെയാണ് കോണ്‍ഗ്രസ്സിന് വലിയ ഭീഷണി ഉയര്‍ത്തുന്നത്. അതേസമയം ഗ്രാമീണ വോട്ടുബാങ്കില്‍ അവര്‍ക്ക് നല്ല ശക്തിയുണ്ട്. വന്‍നഗരങ്ങളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര, ജുനഗഡ്, ജാംനഗര്‍, ഭവനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലെ 46 സീറ്റുകളില്‍ വെറും അഞ്ചു സീറ്റു മാത്രമാണ് കോണ്‍ഗ്രസ്സിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഫലം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കും തീര്‍ച്ച. മൂന്നാം തവണയും മോഡി വിജയിച്ചാല്‍ അതും നല്ല വിജയമാണെങ്കില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി അദ്ദേഹം ഉയരും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/