Posted on: 28 Nov 2012
മുഹമ്മദ് അബ്ദുറഹിമാനും മുസ്ലിം ലീഗും
മുഹമ്മദ് അബ്ദുറഹിമാന് സാഹിബിനെ പുതു തലമുറ വായനക്കാര്‍ക്കുമുമ്പില്‍ അബ്ദുസ്സമദ് സമദാനി (നവ.22 ഹിന്ദുസ്ഥാന്‍ ഹമാരാ) ഒരു ശില്പിയുടെ സൂക്ഷ്മതയോടെ രൂപപ്പെടുത്തിയവതരിപ്പിച്ചത് ഉജ്ജ്വലമായി. ഇന്ത്യയെന്ന വികാരം സ്വാതന്ത്ര്യ സമര നായകരായിരുന്ന അക്കാലത്തെ മുസ്ലിം സമുദായത്തിലെ വ്യക്തികളില്‍ എത്രമാത്രം തീവ്രമായിരുന്നുവെന്ന് സാഹിബിനെ വായിക്കുമ്പോള്‍ മനസ്സിലാവുന്നു.
'മാതൃഭൂമിയുടെ ചരിത്രം' മൂന്നാം വാള്യം പുറം 288-ല്‍ ഹിന്ദു - മുസ്ലിം പ്രശ്നത്തെപ്പറ്റി സാഹിബ് മുസ്ലിം ലീഗിനോട് പറഞ്ഞത് ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഹിന്ദു ഭൂരിപക്ഷം നമ്മെ വിഴുങ്ങിക്കളയും എന്ന വിശ്വാസമാണ് പാകിസ്താന് വാദത്തിന് കാരണമെങ്കില്‍ അത് വിശ്വസിക്കുവാന്‍ കഴിയുന്ന കാര്യമല്ല. ബ്രിട്ടീഷ് ഭരണത്തിനുമുമ്പ് 850 കൊല്ലത്തോളം നാം ഹിന്ദു രാജാക്കന്മാരുടെ ഭരണത്തില്‍ കഴിച്ചു. ആ കാലത്തില്‍ നാം ഇന്നുള്ളതിന്റെ പകുതിയോ പകുതിയുടെ പകുതിയോ ഉണ്ടായിരുന്നുവോ ? മലബാറിലാണെങ്കില്‍ 13 ആള്വന്നത് 13 ലക്ഷമായതാണോ ഭയത്തിനു കാരണം?'' ഇന്ത്യയില്‍ നിന്നു വേറിട്ടുപോകാന്‍ മുസ്ലിംലീഗ് കടുംപിടിത്തം നടത്തിയതില്‍ വേദന പൂണ്ട സാഹിബ്, അവരെ തിരുത്തുന്നതിനായിരുന്നു ഇങ്ങനെ ചോദിച്ചത്. ഇന്ന് ലീഗ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും തിരിച്ചറിയുന്നത് ഈ നാടിന്റെ സ്വാഭാവികരീതികളോട് താദാത്മ്യം പ്രാപിക്കലായി.
എസ്.കെ. പൊറ്റെക്കാട്ട്, പി.പി. ഉമ്മര്‍കോയ തുടങ്ങിയ പ്രഗല്ഭര് ചേര്‍ന്ന് തയ്യാറാക്കിയ 'മുഹമ്മദ് അബ്ദുറഹിമാന്' എന്ന സാഹിബിന്റെ ജീവചരിത്രം (പുറം 599) ഇങ്ങനെ രേഖപ്പെടുത്തുന്നു: ''കോഴിക്കോട് മാങ്കാവില്‍ മുഹമ്മദ് അബ്ദുറഹിമാന് പങ്കെടുക്കാനിരുന്ന യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് വാശിപിടിക്കുകയും മാങ്കാവിലും പരിസരങ്ങളിലും കറുപ്പുകൊടികള് പൊങ്ങുകയും അബ്ദുറഹിമാന് ഗോബാക്ക്, സമുദായദ്രോഹി ഗോബാക്ക് തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ നിരത്തുകയും അബ്ദുറഹിമാന്റെ തലയെടുക്കും എന്നറിയിക്കുന്ന പരസ്യപ്പലകകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തവര്‍ ലീഗ് പ്രവര്‍ത്തകരായിരുന്നു.'' ഇന്ന് മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ അമരക്കാരില്‍ പ്രധാനിയായ ലേഖകന്‍, സാഹിബിന്റെ 'സാഗരഗരിമ' ഉജ്ജ്വലമായി അവതരിപ്പിക്കുമ്പോള്‍, ജീവിതകാലത്ത് അദ്ദേഹത്തെ അനഭിമതനാക്കിയതിന്റെ പാപ ഭാരത്തെയോര്ത്ത്, പശ്ചാത്താപത്തോടെയെങ്കിലും ആ ചരിത്രവും ഓര്‍മിപ്പിക്കണമായിരുന്നു. അത് അദ്ദേഹത്തോടുള്ള ആദരവിന് മഹിമയേറ്റുമായിരുന്നു.
-ടി.പി. ഗംഗാധരന്, ചാലപ്പുറം