ഒരു പിറവികൂടി

Posted on: 28 Nov 2012ക്ഷാമം എന്നത് ഇന്ത്യയില്‍ വളരെ പരിചിതമായ ഒരു വാക്കാണ്-പണ്ടും ഇന്നും. എന്നാല്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ ക്ഷാമമുണ്ടായിട്ടില്ല. ഉന്നതങ്ങളിലെ അഴിമതിക്കെതിരെ പോരാടിവരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളിലെ നവജാതശിശു. പലവഴികളിലൂടെ സഞ്ചരിച്ച് സമൂഹം ഏതാണ്ട് ഉറച്ചരൂപം കൈവരിച്ചുകഴിഞ്ഞിരിക്കുന്ന സമ്പന്നരാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഇപ്പോഴും ഏതാണ്ട് ഒരേതരത്തിലുള്ള സമൂഹം രൂപംകൊണ്ടുകഴിഞ്ഞിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ. അതുപോലുള്ള, ജനാധിപത്യം നിലനില്‍ക്കുന്ന വലിയ രാജ്യങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയകക്ഷികള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ദേശീയകക്ഷിയെന്ന പദവി നേടിയവ ഇന്ത്യയില്‍ ആറെണ്ണമേ ഉള്ളൂവെങ്കിലും അല്ലാത്തവയുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. എത്രയോതരത്തിലുള്ള താത്പര്യങ്ങള്‍ അവയിലൂടെ മുഴങ്ങിക്കേള്‍ക്കുന്നു. അതിനിടെ മറ്റൊരുപാര്‍ട്ടിക്ക്, പ്രാദേശികമോ ഭാഷാപരമോ മതപരമോ ജാതീയമോ ആയ താത്പര്യങ്ങളുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കാന്‍ ഇവിടെ ഇടമുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. സക്രിയമായ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുന്നതിനുപകരം ഒരു സമ്മര്‍ദശക്തിയായി രാഷ്ട്രീയവേദിക്ക് പുറത്ത് നിന്നുകൊണ്ട് പോരാടുന്നതാവും കെജ്‌രിവാളിന്റെ പ്രസ്ഥാനത്തിന് നന്നാവുകയെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കെജ്‌രിവാളിന്റെ സംഘത്തില്‍ ആചാര്യപദവിയുണ്ടായിരുന്ന അണ്ണ ഹസാരെ രാഷ്ട്രീയകക്ഷി രൂപവത്കരണത്തെ എതിര്‍ക്കുകയുണ്ടായി. അഴിമതിവിരുദ്ധത എന്ന ഒരൊറ്റ പരിപാടി ഒരു രാഷ്ട്രീയകക്ഷിയെ ചലിപ്പിക്കാനുള്ള ഊര്‍ജം നല്‍കുമോ എന്നും സംശയിക്കാവുന്നതാണ്.

അതേസമയം, അഴിമതി ഒരു പ്രധാന വിഷയമാക്കുന്നതിന് ഇന്നത്തെ സാഹചര്യത്തില്‍ കെജ്‌രിവാളിന് ന്യായീകരണങ്ങളുണ്ട്. ഉന്നതങ്ങളിലുള്ള അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, സ്‌പെക്ട്രം ലേലമാകട്ടെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പാകട്ടെ അമ്പരപ്പോടെയാണ് സാധാരണക്കാര്‍ കേട്ടിരുന്നത്. അത് മുകള്‍ത്തട്ടിലെ സ്ഥിതി. സര്‍ക്കാറുമായുള്ള ദൈനംദിന ഇടപാടുകളില്‍ അഴിമതിയുടെ ഏതെങ്കിലും ചീത്തത്തരം അനുഭവിക്കാത്ത സാധാരണക്കാര്‍ കുറവായിരിക്കും. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവരായിരിക്കും ഇതിന് കൂടുതലായി ഇരയാവുക. ഈ പ്രശ്‌നം ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷി അടിയന്തരപ്രാധാന്യമുള്ള വിഷയമായി ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാല്‍, ഇതുമാത്രമായിരിക്കില്ല തങ്ങളുടെ അജന്‍ഡയെന്ന് കെജ്‌രിവാളിനോടൊപ്പം പ്രവര്‍ത്തിക്കുന്ന യോഗേന്ദ്ര യാദവ് പറയുകയുണ്ടായി. അധികാരം ഏറ്റവും മുകളിലെ തട്ടില്‍മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഭരണവ്യവസ്ഥയോടുതന്നെ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും അധികാരം ജനങ്ങള്‍ക്ക് തിരിച്ചുനല്‍കുക എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറയുന്നു. മറ്റുകാര്യങ്ങളിലുള്ള നിലപാടുകള്‍ വ്യക്തമാക്കാന്‍ പുതിയകക്ഷിക്കും സമയം നല്‍കാവുന്നതേയുള്ളൂ. ഏതാണ്ട് എല്ലാ പാര്‍ട്ടികളും ചെറിയരൂപത്തില്‍ത്തന്നെയാണ് തുടങ്ങിയിട്ടുള്ളത്. ദേശീയരാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തുടക്കം എളിയനിലയിലായിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ശാസ്ത്രഗവേഷകനായിരുന്ന കന്‍ഷി റാം അനുയായികളില്‍നിന്ന് ഒരുരൂപ പിരിച്ചുകൊണ്ടായിരുന്നു തുടക്കമിട്ടത്. ഉത്തര്‍പ്രദേശില്‍ ചുരുങ്ങിയ കാലംകൊണ്ട് അധികാരം കൈയാളാന്‍ കഴിയുംവിധം അവര്‍ ശക്തിയാര്‍ജിച്ചു. എന്നാല്‍, പാര്‍ട്ടിക്കകത്ത് വേണ്ടത്ര ജനാധിപത്യമില്ലാത്ത സ്ഥിതിയും അഴിമതി ആരോപണങ്ങളും അവരുടെ വളര്‍ച്ചയെ മുരടിപ്പിച്ചിട്ടുണ്ട്. ഒരു ഏകാംഗ പ്രസ്ഥാനമാവാതിരിക്കുക എന്നതും ജനാധിപത്യരീതികള്‍ മുറുകെപ്പിടിക്കുക എന്നതുമായിരിക്കും ഇതില്‍നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനുള്ള പാഠം.

അഴിമതി വിരുദ്ധതയും രാഷ്ട്രീയത്തിലെ സംശുദ്ധതയും ഉയര്‍ത്തിക്കൊണ്ട് ഇതിനുമുമ്പും പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. തികഞ്ഞ ഉദ്ദേശ്യശുദ്ധിയുള്ള, സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടിയ വ്യക്തികള്‍തന്നെയായിരുന്നു ഇതിന്റെ തലപ്പത്തും. എന്നാല്‍, ഈ പ്രസ്ഥാനങ്ങള്‍ക്കൊന്നും വേരുപിടിക്കാനാവാതെ പോയി; അഴിമതി നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമായിട്ടും. കേരളത്തിലും ഇത്തരം പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടിരുന്നു. ചേറും ചെളിയും പറ്റാതെ കരക്കിരുന്നുമാത്രം കാര്യങ്ങള്‍ കണ്ടതുകൊണ്ടായിരിക്കുകയില്ലേ ഇവരുടെ ശ്രമങ്ങള്‍ വിജയിക്കാതെ പോയത്? ആലോചിക്കേണ്ടതാണ്. അവരുടെ രീതികളില്‍നിന്ന് വ്യത്യസ്തമാകുമോ കെജ്‌രിവാളിന്റെ പ്രസ്ഥാനമെന്ന് കാലം തെളിയിക്കേണ്ടതാണ്. സക്രിയരാഷ്ട്രീയമെന്നത് നേടാന്‍ മാത്രമല്ല, നഷ്ടപ്പെടാന്‍ കൂടിയുള്ളതാണെന്നതാണ് പഴയ പ്രമാണം. അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/