'ദബാങ് ടു'വിലെ നൃത്തക്കാഴ്ചകള്‍

Posted on: 28 Nov 2012
കരീന കപുറിന്റെ ചടുലതയാര്‍ന്ന ഐറ്റം നമ്പര്‍, സല്‍മാന്‍ ഖാന്റെ തകര്‍പ്പന്‍ തൃത്തം..., 'ദബാങ് 2' എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിലെ നൃത്തരംഗങ്ങളായിരിക്കുമെന്നാണ് സിനിമാലോകത്തിന്റെ നിഗമനം. രണ്ടുവര്‍ഷം മുമ്പ് പുറത്തിറങ്ങി, പണം വാരിയ 'ദബാങ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നതിലുപരി നൃത്തത്തിന്റെ വൈവിധ്യക്കാഴ്ചകളാണ് ചിത്രത്തെ റിലീസിങ്ങിന് മുന്‍പുതന്നെ ശ്രദ്ധേയമാക്കുന്നത്. സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

ആദ്യ 'ദബാങ്ങി'ലും സൊനാക്ഷി സിന്‍ഹ തന്നെയായിരുന്നു നായിക. അവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. വിനോദ് ഖന്ന, പ്രകാശ് രാജ്, മല്ലിക അറോറ എന്നിവര്‍ക്കൊപ്പം അര്‍ബാസ് ഖാനും മികച്ചൊരു വേഷം ചെയ്യുന്നുണ്ട്. ഡിസംബര്‍ 21ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം.

കഥകളി കണ്ടു; സൊനാക്ഷി അമ്പരന്നു

സൊനാക്ഷി പുതുമയുള്ള എന്തെങ്കിലും ചെയ്യാന്‍ താത്പര്യം കാണിച്ച് ഏവരുടെയും ശ്രദ്ധ നേടുന്ന താരമാണ്. 'ദബാങ് 2' എന്ന ചിത്രത്തില്‍ കഥകളി നൃത്തച്ചുവടിട്ടാണ് അവര്‍ നമ്മെ അമ്പരപ്പിക്കാനൊരുങ്ങുന്നത്. ഭരതനാട്യത്തെയും സൊനാക്ഷി ഏറെ സ്‌നേഹിക്കുന്നുണ്ട്.

ചിത്രത്തിലെ 'ഭഗഭാസ് രേ...' എന്ന് തുടങ്ങുന്ന ഗാനചിത്രീകരണത്തിലെ ഒരു രംഗത്ത് കഥകളി നൃത്തച്ചുവടിടുന്ന നര്‍ത്തകരുണ്ട്. ഇതുമനസ്സിലാക്കിയ സൊനാക്ഷി ആ രംഗത്ത് താനും ചുവടിടാമെന്ന് പറഞ്ഞ് കഥകളി നൃത്തം പരിശീലിക്കുകയായിരുന്നു. ചുവടുവെച്ചു തുടങ്ങിയപ്പോഴാണ് സൊനാക്ഷിയുടെ ഈ കഴിവ് ചലച്ചിത്രലോകം തിരിച്ചറിഞ്ഞത്.

താന്‍ അഭിനയിക്കുന്ന രംഗത്ത് കഥകളി നര്‍ത്തകര്‍ വേഷമിടുന്നുണ്ടെന്നറിഞ്ഞ് സെനാക്ഷി ഏറെ ആവേശഭരിതയായി. തന്നെ നൃത്തം പഠിപ്പിക്കണമെന്ന് നര്‍ത്തകരോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു - ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാര്യത്തിനായി അവര്‍ സംവിധായകന്റെ പ്രത്യേക അനുമതിയും വാങ്ങിയിരുന്നു. ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നതും ഈ നൃത്തച്ചുവുടുകളായിരിക്കുമെന്നാണ് സൂചന.

മറ്റുപല ബോളിവുഡ് നടന്മാരില്‍ നിന്നും വിഭിന്നമായി നൈസര്‍ഗികമായിത്തന്നെ നൃത്തം ചെയ്യാനറിയാവുന്ന താരമാണ് സല്‍മാന്‍ ഖാന്‍. 'ദബാങ് 2'വിലെ അദ്ദേഹത്തിന്റെ നര്‍ത്തനവൈഭവം ഇതിന് തെളിവാകും. വളരെ സ്വാഭാവിക ചലനങ്ങളോടെയാണ് സല്‍മാന്‍ നൃത്തച്ചുവടിട്ടത്. നൃത്തരംഗത്ത് സൊനാക്ഷി സിന്‍ഹ, മല്ലിക അറോറ, കരീന കപുര്‍ എന്നിവരും സല്‍മാനൊപ്പം വേഷമിടുന്നുണ്ട്.''ദബാങ്' എന്ന ചിത്രത്തിന്റെ വിജയഘടകങ്ങളിലൊന്ന് ഇതിലെ പാട്ടുകളും നൃത്തവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ രണ്ടാംഭാഗത്തിലും അത്തരം രംഗങ്ങള്‍ വേണമെന്ന് ഞാന്‍ കരുതി'' -അര്‍ബാസ്ഖാന്‍ പറയുന്നു. ആദ്യ 'ദബാങ്ങി'ന്റെ നിര്‍മാതാവ് കൂടിയായിരുന്നു അര്‍ബാസ്ഖാന്‍.

ഐറ്റം നമ്പറുമായി കരീന

അല്പം അശ്ലീലം കലര്‍ന്ന നൃത്തച്ചുവടുമായാണ് കരീന കപുറിന്റെ വരവ്. താന്‍ ആദ്യമായാണ് ഇത്തരമൊരു ഐറ്റം നമ്പര്‍ ചെയ്യുന്നതെന്ന 'കുറ്റസമ്മത'ത്തോടെയാണ് താരം ഈ നൃത്തംചെയ്യാന്‍ സമ്മതിച്ചതത്രെ. ''എനിക്കിഷ്ടമായി, നല്ല ര
സമുള്ള നൃത്തച്ചുവടുകള്‍. ഞാനാദ്യമായാണ്

ഇത്തരമൊരു നൃത്തം ചെയ്യുന്നത്. ഡാന്‍സ്മാസ്റ്റര്‍ ഫറാഖാനും എന്റെ നൃത്തം ഇഷ്ടപ്പെട്ടതായി അറിഞ്ഞു''-കരീനയുടെതാണ് ഈ വാക്കുകള്‍. മനീഷ് മല്‍ഹോത്രയാണ് കരീനയുടെ നൃത്തവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. സഹോദരിയുടെ നൃത്തം കാണാന്‍ ചേച്ചി കരിഷ്മ കപുറും എത്തിയിരുന്നു. കരീന നന്നായി ചുവടുവെക്കുന്നുണ്ടെന്നായിരുന്നു കരിഷ്മയുടെ കമന്റ്.ഇതിനൊക്കെ പുറമെ മല്ലിക അറോറയും ചിത്രത്തില്‍ നൃത്തം ചെയ്യുന്നുണ്ട്. ഐറ്റം നമ്പറായാണ് ഈ നൃത്തത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫറാഖാന്‍, ഗണേഷ് ആചാര്യ, ചിന്തിപ്രകാശ്, രാധിക റാവു, വിനയ് സപ്രു, രാജുഖാന്‍, മുദസര്‍ഖാന്‍ തുടങ്ങി ഒരു വന്‍ സംഘമാണ് ഈ ചിത്രത്തിനായി നൃത്തരംഗങ്ങള്‍ ഒരുക്കാന്‍ ഒന്നിച്ചിരിക്കുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/