2-ജി സ്‌പെക്ട്രം ഏറ്റവും വലിയ അഴിമതിക്കേസ്- സി.ബി.ഐ. ഡയറക്ടര്‍

Posted on: 28 Nov 2012ന്യൂഡല്‍ഹി: 2-ജി സ്‌പെക്ട്രമാണ് അടുത്തകാലത്തെ ഏറ്റവും വലിയ അഴിമതിക്കേസെന്ന് സി.ബി.ഐ. ഡയറക്ടര്‍ എ.പി. സിങ് പറഞ്ഞു.

സ്‌പെക്ട്രം ഇടപാടിലെ നഷ്ടം നോക്കിയല്ല, മറിച്ച് കേസിലെ സങ്കീര്‍ണതകൊണ്ടാണ് ഏറ്റവും വലിയ കേസെന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈമാസം 30-ന് സ്ഥാനമൊഴിയുന്ന എ.പി. സിങ് ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തന്റെ രണ്ടുവര്‍ഷത്തെ കാലയളവില്‍ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 2-ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം, ആരുഷി- ഹേംരാജ് വധം തുടങ്ങിയ കേസുകള്‍ സി.ബി.ഐ. കൈകാര്യം ചെയ്തു. എന്നാല്‍ 2-ജി സ്‌പെക്ട്രമാണ് ഏറ്റവും സങ്കീര്‍ണത നിറഞ്ഞ കേസ്. അതിനുവേണ്ടി പ്രത്യേകം കോടതിതന്നെയുണ്ടാക്കി. കേസുകളിലെ വിചാരണ ദിവസേന നടന്നുവന്നു - അദ്ദേഹം പറഞ്ഞു.

2-ജി ഇടപാടില്‍ എത്ര നഷ്ടം വന്നെന്ന് കൃത്യമായി പറയാന്‍ സിങ് തയ്യാറായില്ല. ഏതാണ്ട് 30,000 കോടിയാണ് തുടക്കത്തിലെ നഷ്ടമായി കണക്കാക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ഥമല്ല. കല്‍ക്കരി കുംഭകോണക്കേസില്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യും . നേരത്തേ, ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കുറച്ചുകൂടി സമയം വേണം. സാധാരണഗതിയില്‍ അന്വേഷണത്തിന് ഒരുവര്‍ഷമാണെടുക്കുക. അതിനുശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ -സിങ് പറഞ്ഞു.

വന്‍സ്രാവുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.ബി.ഐ. മടിക്കുന്നെന്ന ആരോപണം സിങ് നിഷേധിച്ചു. സി.ബി.ഐ. പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയാണ്. സി.ബി.ഐ.യുടെ അന്വേഷണങ്ങളെ ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാം നിരീക്ഷിക്കുന്നുമുണ്ട്. പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഏജന്‍സിയാണ് സി.ബി.ഐ. പുതിയ സി.ബി.ഐ. ഡയറക്ടറായി സ്ഥാനമേറ്റെടുക്കുന്ന രഞ്ജിത് സിന്‍ഹ വളരെ മികച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനാണെന്നും സിങ് പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/