അറഫാത്തിന്റെ മൃതദേഹാവശിഷ്ടം പുറത്തെടുത്തു; ഇനി വിദഗ്ധ പരിശോധന

Posted on: 28 Nov 2012

റാമള്ള: പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ എട്ട് വര്‍ഷത്തിനു ശേഷം വിദഗ്ധ പരിശോധനയ്ക്കായി ചൊവ്വാഴ്ച പുറത്തെടുത്തു. വിഷബാധയേറ്റായിരുന്നോ അദ്ദേഹത്തിന്റെ മരണം എന്ന് പരിശോധിക്കാനാണിത്.

ചൊവ്വാഴ്ച പുലര്‍ച്ചെ, മാധ്യമങ്ങളെയും പൊതുജനങ്ങളെയും അകറ്റിനിര്‍ത്തി രഹസ്യമായാണ് അറഫാത്തിന്റെ കബറിടം തുറന്നത്. പലസ്തീന്‍കാരനായ ഒരു ഡോക്ടറാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തതെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. സ്വിസ്, ഫ്രഞ്ച്, റഷ്യന്‍ വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു അത്.

പുറത്തെടുത്ത മൃതദേഹം ഔപചാരിക ബഹുമതികളോടെ വീണ്ടും കബറടക്കുമെന്നാണ് പലസ്തീന്‍ അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായില്ല. കബറിടത്തില്‍നിന്ന് പരിശോധനയ്ക്ക് ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രമേ പുറത്തെടുത്തുള്ളൂ എന്നും അതുകൊണ്ടുതന്നെ ബാക്കിഭാഗങ്ങള്‍ വീണ്ടും കബറടക്കേണ്ട ആവശ്യമുണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഉടന്‍തന്നെ കല്ലറ മുദ്രവെക്കുകയും ചെയ്തു.

പുറത്തെടുത്ത ശരീരഭാഗങ്ങള്‍ പിന്നീട് അടുത്തുള്ള പള്ളിയിലേക്ക് കൊണ്ടുപോയി. സ്വിറ്റ്‌സര്‍ലന്‍ഡിലും ഫ്രാന്‍സിലും റഷ്യയിലും നിന്നെത്തിയ വിദഗ്ധര്‍ അവ തങ്ങളുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. ഈ മൂന്ന് രാജ്യങ്ങളില്‍ വെച്ചായിരിക്കും വിദഗ്ധ പരിശോധന നടക്കുക. പരിശോധനാഫലം ലഭ്യമാകാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കും.

ഫ്രാന്‍സിലെ ആസ്​പത്രിയില്‍വെച്ച് 2004-ലാണ് അറഫാത്ത് മരിച്ചത്. രക്തത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതം കാരണമായിരുന്നു മരണം എന്നാണ് ആസ്​പത്രിരേഖകളില്‍ പറയുന്നത്. എന്നാല്‍ മരണത്തിനുമുമ്പ് അറഫാത്ത് ധരിച്ച വസ്ത്രങ്ങളില്‍ റേഡിയോ ആക്ടീവ് മൂലകമായ 'പൊളോണിയം-210' വര്‍ധിച്ച അളവിലുള്ളതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അറഫാത്തിന്റെ ഭാര്യ സുഹ പാരീസിലെ കോടതിയില്‍ ഹര്‍ജി നല്‍കി. ഫ്രാന്‍സ് ഈ വര്‍ഷം ആഗസ്തില്‍ അറഫാത്തിന്റെ മരണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

മൂന്നരപ്പതിറ്റാണ്ടുകാലം പലസ്തീന്‍ വിമോചന മുന്നണിയുടെ തലവനായും 1996 മുതല്‍ പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള അറഫാത്തിനെ ഇസ്രായേല്‍ ചാരന്മാര്‍ വിഷംകൊടുത്തു കൊന്നതാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്. അല്‍ ജസീറ ചാനലിനുവേണ്ടി സ്വിസ് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ റേഡിയോ ആക്ടീവ് മൂലകത്തിന്റെ സാന്നിധ്യം കണ്ടതോടെ ഈ ഊഹാപോഹത്തിന് കരുത്ത് ലഭിക്കുകയും ചെയ്തു.

റഷ്യയുടെ ചാരനായിരുന്ന അലക്‌സാണ്ടര്‍ ലിത്‌വിനെങ്കോ 2006 ല്‍ ലണ്ടനില്‍വെച്ച് കൊല്ലപ്പെട്ടത് പൊളോണിയം വിഷം ഉള്ളില്‍ച്ചെന്നാണ്. ഈ മൂലകം തീരെ ചെറിയ അളവില്‍ വയറ്റിലെത്തിയാല്‍ത്തന്നെ മരണം സംഭവിക്കും. മരണം പതുക്കെയായിരിക്കുമെന്നതുകൊണ്ട് വിഷബാധയാണെന്ന് എളുപ്പം സംശയിക്കുകയുമില്ല. എന്നാല്‍ പൊളോണിയം-210 ന്റെ അര്‍ധായുസ്സ് നന്നേ കുറവായതുകൊണ്ട് മരിച്ച് എട്ട് വര്‍ഷത്തിനുശേഷം നടത്തുന്ന പരിശോധനകൊണ്ട് ഫലമുണ്ടാവുമോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

പലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള റാമള്ളയിലാണ് അറഫാത്തിന്റെ കബറിടം. വെണ്ണക്കല്ല് പതിച്ച കബറിടം പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ജോലി തുടങ്ങിയിട്ട് ദിവസങ്ങളായി. പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് നീല താര്‍പ്പായകൊണ്ട് മൂടിയാണ് കല്ലറയിലെ കല്ലുകള്‍ മാറ്റിയത്. കബറിടം വീണ്ടും മുദ്രവെച്ചതിനുശേഷം താര്‍പ്പായമറ നീക്കി. ഭാര്യ സുവ അനുകൂലിച്ചെങ്കിലും അറഫാത്തിന്റെ പല ബന്ധുക്കളും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിന് എതിരായിരുന്നു. പരിശോധനകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാകില്ലെന്നും കബറിടം പൊളിക്കുന്നത് അന്തരിച്ച നേതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നമാണ് അവര്‍ വാദിക്കുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/