പ്രതിഷേധം പടരുന്നു; മുര്‍സി വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു

Posted on: 28 Nov 2012കയ്‌റോ: കോടതിയുടെ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. പ്രസിദ്ധമായ തഹ്‌രീര്‍ സ്‌ക്വയറില്‍ വെള്ളിയാഴ്ചമുതല്‍ തടിച്ചുകൂടിയ പ്രക്ഷോഭകരും സുരക്ഷാഭടന്‍മാരുംതമ്മില്‍ ചൊവ്വാഴ്ചയും സംഘര്‍ഷമുണ്ടായി.

പ്രതിഷേധം തുടരുന്നതിനിടെ, മുതിര്‍ന്ന ജഡ്ജിമാരുടെ കൗണ്‍സിലുമായി ചര്‍ച്ചനടത്തിയ മുര്‍സി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. തന്റെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന പ്രഖ്യാപനം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു മാത്രമാണ് ബാധകമാവുക എന്നാണ് അദ്ദേഹം ജഡ്ജിമാരോട് പറഞ്ഞത്. യുദ്ധപ്രഖ്യാപനംപോലുള്ള കാര്യങ്ങള്‍ വരുമ്പോഴേ ഈ പ്രശ്‌നം ഉയരുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭരണഘടന നിലവില്‍ വരുന്നതുവരെ തന്റെ ഉത്തരവുകള്‍ നീതിപീഠത്തിന് റദ്ദാക്കാനാകില്ലെന്ന മുര്‍സിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. തന്റെ ഉത്തരവ് നിലനില്‍ക്കുമെന്നും എന്നാല്‍ അത്ര കര്‍ശനമാവില്ലെന്നും മുര്‍സി ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

പ്രസ്താവന പിന്‍വലിക്കുന്നതുവരെ തഹ്‌രീര്‍ സ്‌ക്വയര്‍ വിട്ടുപോകില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. ഇടതുപക്ഷവും പുരോഗമനവാദികളും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമാണ് പ്രതിഷേധരംഗത്തുള്ളത്. അഞ്ചുദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഒരാള്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതിയ കാലത്തെ ഫറവോയെപ്പോലെയാണ് മുര്‍സി പെരുമാറുന്നതെന്ന് എതിര്‍പക്ഷം വിമര്‍ശനമുന്നിയിച്ചു. ഈജിപ്തിലെ പട്ടാളത്തിന് പിന്തുണ നല്‍കുന്ന അമേരിക്ക പുതിയ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മുര്‍സിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി മുസ്‌ലിം ബ്രദര്‍ഹുഡ് ചൊവ്വാഴ്ചനടത്താനിരുന്ന ബഹുജനറാലി റദ്ദാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/