അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ 'പിതാവ്' മറേ അന്തരിച്ചു

Posted on: 28 Nov 2012വാഷിങ്ടണ്‍: അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളുടെ രംഗത്തെ അഗ്രഗാമിയും നൊബേല്‍ സമ്മാനജേതാവുമായ ജോസഫ് മറേ(93) അന്തരിച്ചു. ലോകത്തെ ആദ്യത്തെ വിജകരമായ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മറേ ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു.

അമേരിക്കയില്‍ മസാച്ചുസെറ്റ്‌സിലെ മില്‍ഫഡില്‍ 1919 ല്‍ ജനിച്ച മറേ മികച്ച ബേസ്‌ബോള്‍ കളിക്കാരനായിരുന്നു. വൈദ്യശാസ്ത്രം പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്താണ് മുറിവേറ്റവര്‍ക്ക് അവയവങ്ങള്‍ മാറ്റിവെക്കുന്ന കാര്യത്തിലേക്ക് ശ്രദ്ധ തിരിച്ചത്. പുറമേ നിന്ന് വെച്ചുപിടിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം പുറന്തള്ളുമെന്നതായിരുന്നു അവയവം മാറ്റിവെക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം. ഇതൊഴിവാക്കാന്‍ പ്രതിരോധസംവിധാനത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ബോസ്റ്റണിലെ ആസ്​പത്രിയില്‍വെച്ച് 1954 ഡിസംബറിലാണ് മറേയുടെ നേതൃത്വത്തില്‍ ലോകത്തിലെ ആദ്യത്തെ വിജയകരമായ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ചര്‍മവും നേത്രപടലവും തൈറോയ്ഡ് ഗ്രന്ഥിയുമെല്ലാം മാറ്റിവെച്ച സംഭവം നേരത്തേയുണ്ടായിട്ടുണ്ടെങ്കിലും ഒരു സുപ്രധാന ആന്തരാവയവം മാറ്റിവെക്കുന്ന ആദ്യ സംഭവമായിരുന്നു അത്. വൃക്കരോഗം ബാധിച്ച സജാതീയ ഇരട്ടകളിലൊരാള്‍ക്ക് മറ്റേയാളുടെ വൃക്ക വെച്ചുപിടിപ്പിക്കുകയാണവര്‍ ചെയ്തത്. 23 വയസ്സുണ്ടായിരുന്ന രോഗി പുതിയ വൃക്കയുമായി എട്ട് വര്‍ഷംകൂടി ജീവിച്ചു. സമാന ജനിതക വിശേഷങ്ങളുള്ള ഇരട്ടകളായതിനാല്‍ മറ്റേയാളുടെ വൃക്കയെ പുറന്തള്ളുന്ന പ്രശ്‌നം ഇതിലുണ്ടായിരുന്നില്ല. ഇത്തരത്തിലല്ലാതെ, വ്യത്യസ്ത ജനിതക വിശേഷങ്ങളുള്ള ഒരാളുടെ വൃക്ക ആദ്യമായി മറ്റൊരാള്‍ക്ക് വെച്ചുപിടിപ്പിച്ചതും മറേതന്നെയാണ്. 1959-ലായിരുന്നു ഈ ശസ്ത്രക്രിയ. 1967 ല്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡിന്റെ നേതൃത്വത്തില്‍ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നതോടെ ഈ രംഗത്ത് വന്‍ വിപ്ലവംതന്നെ തുടങ്ങി.

അവയവമാറ്റ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 1990 ല്‍ മറേയ്ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്തെ ഡോ. ഇ ഡോണല്‍ തോമസുമായാണ് അദ്ദേഹം പുരസ്‌കാരം പങ്കുവെച്ചത്. വെര്‍ജീനിയ ലിങ്ക് ആണ് ഭാര്യ. ആറ് മക്കളുണ്ട് ഇവര്‍ക്ക്. ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ബോസ്റ്റണിലെ അതേ ആസ്​പത്രിയിലായിരുന്നു മറേയുടെ അന്ത്യം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/