സ്വര്‍ണം പുതിയ റെക്കോഡിട്ടു
Posted on: 28 Nov 2012
കൊച്ചി: സ്വര്‍ണ വില കുതിച്ചുയര്‍ന്ന് പുതിയ റെക്കോഡിട്ടു. തിങ്കളാഴ്ച മുന്‍ റെക്കോഡായ 24, 160 രൂപയിലെത്തിയ പവന് വില ചൊവ്വാഴ്ച 80 രൂപ കൂടി വര്‍ധിച്ച് 24,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 3030 രൂപയായി.
കഴിഞ്ഞ സപ്തംബര്‍ 14-നാണ് പവന്‍വില 24,160 രൂപയിലെത്തി റെക്കോഡിട്ടത്. തൊട്ടടുത്ത രണ്ടു ദിവസം കൂടി ആ നിലവാരത്തില്‍ തുടര്‍ന്നെങ്കിലും പിന്നീട് താഴ്ന്നു. നവംബര്‍ മൂന്നിന് 22,880 രൂപയായിരുന്നു വില. പിന്നീടുള്ള മൂന്നാഴ്ചയ്ക്കിടെ ഉണ്ടായ വര്‍ധന 1,280 രൂപയാണ്. ശനിയാഴ്ച പവന് വില 24,000 രൂപയിലെത്തിയിരുന്നു.
ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ വിവാഹ സീസണ് ആരംഭിക്കുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 0.28 ഡോളര്‍ ഉയര്‍ന്ന് 1749.88 ഡോളര്‍ നിരക്കിലെത്തി.